പ്രഭാത വാർത്തകൾ
🔳മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് രാവിലെ തന്നെ തുറക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. തമിഴ്നാട് രണ്ട് തവണ മുന്നറിയിപ്പ് നല്‍കി. അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്തുന്നതിനുള്ള വെള്ളം മാത്രമേ പുറത്തേക്ക് ഒഴുക്കിവിടൂ. 3000 ഘനയടി വെള്ളം ഒഴുക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
🔳ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളാ തീരത്തിന് സമീപത്ത് കൂടി പോകാന്‍ സാധ്യതയെന്ന് മന്ത്രി രാജന്‍. ബുറേവി ചുഴലിക്കറ്റിന്റേതിന് സമാനമായ സഞ്ചാരപാതയാണ് നിലവില്‍ കാണിക്കുന്നത്. അറബിക്കടലില്‍ ഒരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത് മറ്റ് കാലാവസ്ഥ ഏജന്‍സികളുടെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചു കൊണ്ടാണെന്നും കൂടുതല്‍ ശക്തമായ മഴ പ്രതീക്ഷിക്കാമെന്നാണ് സൂചനകളെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ ഒന്നാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 14,287 കോവിഡ് രോഗികളില്‍ 7,738 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 803 മരണങ്ങളില്‍ 708 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 542 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 110 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ 1,55,180 സജീവരോഗികളില്‍ 78,199 രോഗികളും കേരളത്തിലാണുള്ളത്.
🔳സംസ്ഥാനത്ത് കോവിഡ് 19 വാക്‌സിനെടുക്കേണ്ട ജനസംഖ്യയുടെ പകുതിയിലധം പേര്‍ ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡിനെതിരായ വലിയ പോരാട്ടം നടക്കുന്ന ഈ വേളയില്‍ ഇത്രയും പേര്‍ക്ക് സമ്പൂര്‍ണ വാക്‌സിനേഷന്‍ നല്‍കി സുരക്ഷിതരാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും മാത്രമല്ല 94 ശതമാനത്തിലധികം പേര്‍ക്ക് ആദ്യ ഡോസ് നല്‍കാനുമായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
🔳അലന്‍ ശുഹൈബിനും താഹ ഫസലിനും എതിരെ യുഎപിഎ ചുമത്താനാവില്ലെന്ന് സുപ്രീം കോടതി. ഇപ്പോള്‍ അലനും താഹയ്ക്കും മേല്‍ ചുമത്തിയിട്ടുള്ള യുഎപിഎ പ്രകാരമുള്ളമുള്ള കുറ്റങ്ങള്‍ പ്രഥമദൃഷ്ടിയില്‍ നിലനില്‍ക്കില്ല. മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം ഉണ്ട് എന്ന ഒറ്റക്കാരണത്താല്‍ യുഎപിഎ പ്രകാരം ഉള്ള കുറ്റങ്ങള്‍ ചുമത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി. മാവോയിസ്റ്റ് സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ മാത്രമേ യുഎപിഎ നിലനില്‍ക്കൂവെന്നാണ് കോടതി നിരീക്ഷണം. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികളായ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്‍ഐഎ കോടതി വിധി സുപ്രീംകോടതിയും ശരിവെക്കുമ്പോള്‍ എന്‍ഐഎക്ക് മാത്രമല്ല, സംസ്ഥാന സര്‍ക്കാരിനും ഇത് തിരിച്ചടിയാണ്.
🔳കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവര്‍ക്ക് നിയമ പരിരക്ഷ, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
*അമല ബിഎംടി യൂണിറ്റ്*
അമല ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ബോണ്‍മാരോ ട്രാന്‍സ്‌പ്ലേന്റേഷന്‍ യൂണിറ്റിന് തുടക്കമായി. രക്താര്‍ബുദത്തിനും രക്തസംബന്ധമായ രോഗങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുന്നതിനായി ആരംഭിച്ച ബോണ്‍മാരോ ട്രാന്‍സ്‌പ്ലേന്റേഷന്‍ യൂണിറ്റിന് ഒക്ടോബര്‍ 14-ാം തിയ്യതി അഭിവന്ദ്യ തൃശൂര്‍ അതിരൂപതാ മെത്രാപൊലീത്താ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആശിര്‍വാദ കര്‍മ്മം നിര്‍വഹിച്ചു. ഒക്ടോബര്‍ 15-ാം തിയ്യതി ബഹുമാനപ്പെട്ട റവന്യൂ മന്ത്രി അഡ്വ.കെ.രാജന്‍ ബിഎംടി യൂണിറ്റ് സമുച്ചയം ഉദ്ഘാടനം നിര്‍വഹിച്ചു.
🔳ജീവനക്കാരുടെയും സന്ദര്‍ശകരുടെയും സഞ്ചാരം നിയന്ത്രിക്കുന്നതിനുള്ള ‘അക്സസ് കണ്ട്രോള്‍ സംവിധാനം’ സെക്രട്ടേറിയേറ്റില്‍ സ്ഥാപിക്കും. കൊച്ചിന്‍ മെട്രോ റെയില്‍ ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെ കെല്‍ട്രോണാണ് പദ്ധതി നടപ്പിലാക്കുക. 1,95,40,633 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
🔳ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉപാധികളോടെയാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരുവര്‍ഷമാകുന്ന വേളയിലാണ് ജാമ്യം ലഭിച്ചത്.
🔳ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചത് സിപിഎം കേന്ദ്രങ്ങളിലും സജീവ ചര്‍ച്ചയാകുന്നു. ബിനീഷ് ജയിലിലായതിനെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയ കോടിയേരി ബാലകൃഷ്ണന്‍ ഉടന്‍ തിരിച്ചെത്താന്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍. ജില്ലാ സമ്മേളനങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് കോടിയേരി സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത.
🔳സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രഖ്യാപനത്തിലെ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല. കൂടിയാലോചനയില്ലാതെയാണ് മത്സരപ്രഖ്യാപനമെന്ന് ചെന്നിത്തല വിമര്‍ശിച്ചു. നേതൃത്വം ഏകപക്ഷീയമായി മുന്നോട്ട് പോയാല്‍ സമവായത്തിന് നില്‍ക്കാതെ യോജിച്ച് കടുത്ത മത്സരത്തിനിറങ്ങാനാണ് എ-ഐ ഗ്രൂപ്പുകളുടെ ആലോചന. അധ്യക്ഷന്‍ സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കെ ഇനിയുള്ള പുനസംഘടന എങ്ങിനെ സുതാര്യമാകുമെന്നാണ് ഗ്രൂപ്പുകളുടെ ചോദ്യം.
🔳പ്രതിപക്ഷ നേതാവെന്ന നിലയില്‍ തനിക്കുള്ള പൊലീസ് സുരക്ഷ വെട്ടിചുരുക്കിയതില്‍ പ്രതികരണവുമായി വിഡി സതീശന്‍. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ തന്റെ ഔദ്യോഗിക വസതിയും ഔദ്യോഗിക കാറും തിരികെ കൊടുക്കാന്‍ തയ്യാറാണെന്ന് സതീശന്‍ പറഞ്ഞു. വര്‍ഷങ്ങളായി പ്രതിപക്ഷ നേതാവിന് കേരളത്തില്‍ ഒരു സ്റ്റാറ്റസുണ്ടെന്നും അതിടിച്ചു താഴ്ത്താനാവും സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ ഇതുെകാണ്ടൊന്നും എന്റെ സ്ഥാനം താഴില്ലെന്നും സതീശന്‍ പറഞ്ഞു.
🔳ഇടത് മുന്നണിയുമായി തെറ്റിയ ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് തന്നെ. കോണ്‍ഗ്രസിലേക്കുള്ള മടക്കത്തെപറ്റി ഇന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നും രാവിലെ എ കെ ആന്റണിയെ കണ്ട ശേഷം ചെറിയാന്‍ ഫിലിപ്പ് മാധ്യമങ്ങളെ കാണുമെന്നും റിപ്പോര്‍ട്ടുകള്‍. ഇരുപത് വര്‍ഷത്തിന് ശേഷമാണ് ചെറിയാന്‍ ഫിലിപ്പ് തിരികെ കോണ്‍ഗ്രസിലെത്തുന്നത്.
🔳ശബരിമലയില്‍ വെര്‍ച്വല്‍ ക്യു ഏര്‍പ്പെടുത്തിയ നടപടിയില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് കേരളാ ഹൈക്കോടതി. വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്താന്‍ ദേവസ്വം ബഞ്ചിന്റെ അനുമതി വേണമെന്നും അല്ലാത്ത നടപടി നിയമ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. 2011 മുതല്‍ വെര്‍ച്ചല്‍ ക്യൂവിനു ഹൈക്കോടതി അനുമതി തന്നിട്ടുണ്ടെന്നും ആയതിനാല്‍ വെര്‍ച്ചല്‍ ക്യൂ സംവിധാനം ഇപ്പോള്‍ നിര്‍ത്തലാക്കാന്‍ സാധ്യമല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ അങ്ങനെ ഒരു വിധിയുണ്ടോ എന്ന് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ അധികാരത്തില്‍ കൈകടത്തിയില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍, കോടതി പറയുന്ന പരിഷ്‌കാരങ്ങള്‍ നടത്താന്‍ തയ്യാറെന്നും വ്യക്തമാക്കി.
🔳ദില്ലിയിലെ കേരള ഹൗസില്‍ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗം ചേര്‍ന്നത് വിവാദത്തിലായി. പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ചട്ടം മറികടന്ന് ഡിവൈഎഫ്ഐക്കായി കോണ്‍ഫറന്‍സ് മുറി അനുവദിച്ചെന്നാണ് ആരോപണം. കേരള ഹൗസിലെ കോണ്‍ഫറന്‍സ് ഹാളിലാണ് ഇന്നലെ കേന്ദ്ര കമ്മിറ്റി യോഗം ചേര്‍ന്നത്. ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനായിരുന്ന മന്ത്രി മുഹമ്മദ് റിയാസും യോഗത്തില്‍ പങ്കെടുത്തിരുന്നു. കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ദില്ലി വക്താവ് വിനീത് തോമസ് അറിയിച്ചു.
🔳പ്രളയഭീതിയുണര്‍ത്തി എരുമേലിയില്‍ അതിതീവ്രമഴ. എരുമേലിയിലെ എയ്ഞ്ചല്‍വാലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായി. താഴ്ന്ന പ്രദേശങ്ങളില്‍ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. എരുമേലി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡായ ഏയ്ഞ്ചല്‍വാലി ജംഗ്ഷന്‍, പള്ളിപടി , വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്. സമീപത്തെ സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി.
🔳സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്നു. ഇതേത്തുടര്‍ന്ന് പത്തനംതിട്ടയിലെ കക്കി-ആനത്തോട് അണക്കെട്ടില്‍ ജലനിരപ്പ് വാണിങ് ലെവലിലെത്തി. ഇവിടെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ നിയന്ത്രിത അളവില്‍ ജലം തുറന്നു വിടുമെന്ന് അറിയിച്ചിട്ടുണ്ട്. പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ല ഭരണകൂടം അറിയിച്ചു.
🔳തമിഴ് സൂപ്പര്‍താരം രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ചെന്നൈ അല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തെ വിദഗ്ധ പരിശോധനയ്ക്ക് വിധേനനാക്കിയിട്ടുണ്ട്. എന്നാല്‍ ഭയപ്പെടാനൊന്നുമില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വിശദീകരണവുമായി എത്തിയിട്ടുണ്ട്.
🔳വിജയിച്ചാലും പരാജയപ്പെട്ടാലും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി ബിജെപി കാലങ്ങളോളം തുടരുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. എന്നാല്‍ കോണ്‍ഗ്രസോ രാഹുല്‍ ഗാന്ധിയോ ഇക്കാര്യം തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
🔳ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നത്.
🔳ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെ അറസറ്റില്‍ നിന്ന് സംരക്ഷണം തേടി എന്‍സിബി മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ സമര്‍പ്പിച്ച അപേക്ഷ ബോംബെ ഹൈക്കോടതി തീര്‍പ്പാക്കി. കേസ് രജിസ്റ്റര്‍ ചെയ്താല്‍ അറസ്റ്റിന് മൂന്ന് ദിവസം മുമ്പ് സമീര്‍ വാങ്കഡെയ്ക്ക് നോട്ടീസ് നല്‍കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്നും ഏത് ദിവസവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നുവെന്നും അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി സമര്‍പ്പിച്ച അപേക്ഷയില്‍ സമീര്‍ വാങ്കഡെ കോടതിയെ ബോധിപ്പിച്ചിരുന്നു. കേസന്വേഷണം സിബിഐയ്‌ക്കോ അല്ലെങ്കില്‍ ഏതെങ്കിലും കേന്ദ്ര ഏജന്‍സികള്‍ക്കോ കൈമാറണമെന്നും വാങ്കഡെ ആവശ്യപ്പെട്ടിരുന്നു.
🔳അഗ്നി-5 ന്റെ എട്ടാം പരീക്ഷണം വിജയമായതോടെ ഇന്ത്യന്‍ പ്രതിരോധ ആത്മവിശ്വാസം ഭൂഖണ്ഡത്തിന്റെ അതിരോളം ഉയര്‍ന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ആദ്യ ആണവ-ഭൂഖണ്ഡാന്തര മിസൈലാണ് അഗ്നി -5. ഇതിന്റെ ദൂരപരിധിയില്‍ ഏഷ്യ പൂര്‍ണമായും യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങള്‍ ഭാഗികമായും ഉള്‍പ്പെടും എന്നത് ചൈനയ്ക്കും പാക്കിസ്ഥാനുമുള്ള മുന്നറിയിപ്പ് കൂടിയായി പ്രതിരോധ വിദഗ്ധര്‍ കാണുന്നു.
🔳മാതൃ കമ്പനിയുടെ പേരില്‍ മാറ്റം വരുത്തി ഫേസ്ബുക്ക്. മെറ്റ (Meta) എന്നാണ് കമ്പനിക്ക് നല്‍കിയിരിക്കുന്ന പുതിയ പേര്. അതേസമയം നിലവില്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നീ ആപ്പുകളുടെയും സേവനങ്ങളുടെയും പേരില്‍ മാറ്റമുണ്ടാകില്ലെന്നും ഇതിന്റെ ഉടമസ്ഥാവകാശമുള്ള മാതൃ കമ്പനിയുടെ പേരിലാണ് മാറ്റം വരുത്തുന്നതെന്നും കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ബ്രാന്‍ഡ് നെയിം മാറ്റത്തോടെ സ്മാര്‍ട്ട്ഫോണ്‍ അടക്കമുള്ള ഡിജിറ്റല്‍ ഉത്പന്നങ്ങളുടെ നിര്‍മാണത്തിലേക്ക് കടക്കാന്‍ സക്കര്‍ബര്‍ഗ് ആഗ്രഹിക്കുന്നുവെന്നാണ് വിവരം.
🔳ഐപിഎല്ലില്‍ പുതിയ രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഡിസംബറില്‍ നടക്കാനിരിക്കുന്ന മെഗാ താരലേലത്തിന് മുന്നോടിയായി ഓരോ ടീമുകള്‍ക്കും നാല് താരങ്ങളെ വീതം നിലനിര്‍ത്താമെന്ന് ഐപിഎല്‍ ഭരണസമിതി തീരുമാനിച്ചു. മൂന്ന് ഇന്ത്യന്‍ താരങ്ങളേയും ഒരു വിദേശതാരത്തേയും അല്ലെങ്കില്‍ രണ്ടുവീതം ഇന്ത്യന്‍, വിദേശ താരങ്ങളേയും നിലനിര്‍ത്താം എന്നതാണ് വ്യവസ്ഥയെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. ഓരോ ടീമിനും ലേലത്തില്‍ ചെലവഴിക്കാവുന്ന പരമാവധി തുക കഴിഞ്ഞ സീസണിലെ 85 കോടിയില്‍ നിന്ന് 90 കോടിയായി ഉയര്‍ത്തിയിട്ടുമുണ്ട്.
🔳ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകര്‍ത്ത ഓസ്ട്രേലിയക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ലങ്ക ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം മൂന്ന് ഓവറും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തി ഓസീസ് മറികടന്നു. ഫോമിലേക്ക് മടങ്ങിയെത്തിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് ഓസീസ് അനായാസം ലക്ഷ്യത്തിലെത്തിയത്. 42 പന്തില്‍ 65 റണ്‍സെടുത്ത വാര്‍ണറാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. സ്‌കോര്‍ ശ്രീലങ്ക 20 ഓവറില്‍ 154-6, ഓസ്ട്രേലിയ 17 ഓവറില്‍ 155-3.
🔳മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഗാരി കിര്‍സ്റ്റന്‍ പാക് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായേക്കുമെന്ന് റിപ്പോര്‍ട്ട്. പരിശീലക സ്ഥാനത്തേക്ക് കിര്‍സ്റ്റന്റെ പേര് പാക് ക്രിക്കറ്റ് ബോര്‍ഡ് സജീവമായി പരിഗണിക്കുന്നതായി ഇന്ത്യന്‍ എക്സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. 2007 മുതല്‍ 2011 വരെ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന കിര്‍സ്റ്റനു കീഴിലാണ് ഇന്ത്യ 2011 ലെ ഏകദിന ലോകകപ്പ് നേടിയത്.
🔳കേരളത്തില്‍ ഇന്നലെ 76,043 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 56 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 110 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 542 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 30,685 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 286 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 39 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5460 പേര്‍ രോഗമുക്തി നേടി. ഇതോടെ 78,122 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട് 364, മലപ്പുറം 362, ഇടുക്കി 330, വയനാട് 294, ആലപ്പുഴ 241, കാസര്‍ഗോഡ് 198.
🔳രാജ്യത്ത് ഇന്നലെ 14,287 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 13,165 പേര്‍ രോഗമുക്തി നേടി. മരണം 803. ഇതോടെ ആകെ മരണം 4,57,221 ആയി. ഇതുവരെ 3,42,45,530 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.55 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 1,418 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,061 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ ഇന്നലെ 4,46,739 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 64,277 പേര്‍ക്കും ഇംഗ്ലണ്ടില്‍ 39,842 പേര്‍ക്കും റഷ്യയില്‍ 40,096 പേര്‍ക്കും തുര്‍ക്കിയില്‍ 25,528 പേര്‍ക്കും ജര്‍മനിയില്‍ 26,610 പേര്‍ക്കും ഉക്രെയിനില്‍ 26,071 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 24.62 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.81 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 7,406 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,148 പേരും റഷ്യയില്‍ 1,159 പേരും ബ്രസീലില്‍ 342 പേരും മെക്സിക്കോയില്‍ 386 പേരും ഉക്രെയിനില്‍ 576 പേരും റൊമാനിയായില്‍ 403 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49.94 ലക്ഷം.
🔳ദീപാവലി ഓഫറിനോടനുബന്ധിച്ച് ബാങ്കുകളെല്ലാം ഭവനവായ്പാ പലിശ നിരക്കുകള്‍ കഴിഞ്ഞ ഒരു ദശകത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കുറച്ചിരിക്കുകയാണ്. എസ്ബിഐയും എച്ച്ഡിഎഫ്സിയും ഐസിഐസിഐയും ഉള്‍പ്പെടെ വിവിധബാങ്കുകള്‍ ആണ് നിരക്ക് നേരത്തെ തന്നെ വെട്ടിക്കുറച്ചത്. ഇപ്പോഴിതാ യൂണിയന്‍ ബാങ്കും തങ്ങളുടെ ഏറ്റവും കുറഞ്ഞ ഭവനവായ്പാ നിരക്കുകള്‍ പുറത്തുവിട്ടു. 6.40 ശതമാനം എന്ന എക്കാലത്തെയും താഴ്ന്ന പലിശനിരക്കിലാണ് യൂണിയന്‍ ബാങ്കിന്റെ ഇപ്പോഴത്തെ നിരക്കുകള്‍. ഒക്ടോബര്‍ 27 മുതല്‍ ഭവനവായ്പയെടുക്കുന്ന വ്യക്തികള്‍ക്ക് പുതിയ നിരക്കുകള്‍ ലഭ്യമാകും. കോട്ടക് മഹീന്ദ്ര ബാങ്കാണ് 6.50 ശതമാനത്തില്‍ ഹോംലോണ്‍ നല്‍കുന്നത്. എച്ച്ഡിഎഫ്സി ലിമിറ്റഡ് 6.60 ശതമാനത്തിലും എസ്ബിഐ 6.7 ശതമാനം റേറ്റ് മുതലുമാണ് നിലവില്‍ ഏറ്റവും കുറഞ്ഞ പലിശനിരക്കിലേക്ക് ഹോം ലോണുകള്‍ താഴ്ത്തിയിരിക്കുന്നത്.
🔳കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അമേരിക്കന്‍ ടെക് ഭീമനായ ആപ്പിള്‍ ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയായി രാജവാഴ്ച്ച തുടരുകയാണ്. എന്നാല്‍, ഒക്ടോബര്‍ 27 ന് മറ്റൊരു അമേരിക്കന്‍ കമ്പനിയായ മൈക്രോസോഫ്റ്റ് ആപ്പിളിനെ ഞെട്ടിച്ചു. ഓഹരികളിലുണ്ടായ കുതിപ്പാണ് സോഫ്‌റ്റ്വെയര്‍ ഭീമനായ മൈക്രോസോഫ്റ്റിന് നേട്ടമായത്. ഓഹരി വില 4.2 ശതമാനം കുതിച്ച് 323.17 ഡോളര്‍ എന്ന റെക്കോര്‍ഡ് നിലവാരത്തിലാണ് അവസാനിച്ചത്. അത് കമ്പനിയുടെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 2.426 ട്രില്യണ്‍ ഡോളറായി ആയി ഉയര്‍ത്തി. ആപ്പിളിന്‍േറത് 2.461 ട്രില്യണ്‍ ഡോളറാണ്. മൈക്രോസോഫ്റ്റിന്റെ ഓഹരി ഈ വര്‍ഷം 45 ശതമാനമാണ് ഉയര്‍ന്നത്. ആപ്പിളിന്റെ ഓഹരികള്‍ 12 ശതമാനവും.
🔳മലയാള സിനിമാ ഗാനശാഖയ്ക്ക് പുതിയൊരു ഗായകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് സുരേഷ് ഗോപി. അദ്ദേഹം അവതാരകനായെത്തിയ ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ കുറച്ചുനാള്‍ മുന്‍പ് മത്സരാര്‍ഥിയായി എത്തിയതായിരുന്നു സംഗീത. ഗാലറിയിലിരുന്ന ഭര്‍ത്താവ് സന്തോഷിനെ പരിചയപ്പെട്ടപ്പോള്‍ അദ്ദേഹം ഗായകനാണെന്ന് മനസിലായി. സംഗീതത്തിലൂടെ തന്റെ ശാരീരിക പരിമിതികളെ മറികടക്കുന്ന സന്തോഷിന് അടുത്ത ചിത്രത്തില്‍ പാടാന്‍ അവസരം നല്‍കാമെന്ന് സുരേഷ് ഗോപി വാക്കു നല്‍കുകയായിരുന്നു. സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ‘കാവലി’ല്‍ സന്തോഷ് ആലപിച്ച ഗാനം സുരേഷ് ഗോപി പുറത്തിറക്കി. ‘കാര്‍മേഘം മൂടുന്നു’ എന്ന വിഷാദഭാവത്തിലുള്ള മെലഡിക്ക് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. നവംബര്‍ 25നാണ് ‘കാവല്‍’ തിയറ്ററുകളില്‍ എത്തുക.
സംയുക്ത മേനോനെ നായികയാക്കി വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘എരിഡ’ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനമാരംഭിച്ചു. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ചിത്രത്തിന്റെ മലയാളം, തമിഴ് പതിപ്പുകള്‍ പ്രൈം വീഡിയോയിലുണ്ട്. അതേസമയം റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്റെ ട്രെയ്ലറും പ്രൈം വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. ഗ്രീക്ക് മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന എരിഡ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ്. സംയുക്തയ്ക്കൊപ്പം നാസര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് തുടങ്ങിയവര്‍ അഭിനയിക്കുന്നു.
🔳ദക്ഷിണകൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ജനപ്രിയ മോഡലായ ക്രെറ്റയുടെ പരിഷ്‌കരിച്ച പതിപ്പിനെ അടുത്തമാസം ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിക്കും. നവംബര്‍ 11മുതല്‍ 21 വരെ നടക്കുന്ന മോട്ടോര്‍ ഷോയില്‍ പുതുക്കിയ എസ്യുവിയെ ഹ്യുണ്ടായി അവതരിപ്പിക്കും. ക്രെറ്റ ഫെയ്സ്ലിഫ്റ്റില്‍ അതിന്റെ പുത്തന്‍ സ്‌റ്റൈലിങ്ങിനൊപ്പം നിരവധി പുത്തന്‍ ഫീച്ചറുകളും ഇടംപിടിക്കും. 2022ന്റെ അവസാന പകുതിയില്‍ മാത്രമേ പുതിയ ക്രെറ്റയുടെ ഇന്ത്യന്‍ ലോഞ്ച് പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.
🔳അഗാധമായ, അനന്തമായ ഇരുട്ട് വാപിളര്‍ന്നുനില്‍ക്കുന്ന ഈ കെട്ട കാലത്തിന്റെ മുനമ്പിലും ‘മനുഷ്യന്‍’ എന്ന വിശുദ്ധപദം ചുണ്ടില്‍ പേറുന്ന, അത് ആവര്‍ത്തിച്ചുരുവിടുന്ന കഥകള്‍. ആരും ബാക്കിയാകാത്ത വഴികളിലൂടെ ധൃതിപിടിച്ചോടുവാന്‍ ലോകം തയ്യാറെടുക്കുമ്പോള്‍, അന്തിമകാഹളത്തിനായി ചെവിയോര്‍ക്കുമ്പോള്‍, കരുണയുടെ മന്ദസ്മിതം ഹൃദയത്തിലേക്കു ചൊരിയുന്ന രചനകള്‍. ‘ജീവിതത്തിന്റെ അകഞരമ്പുകള്‍ കാണാന്‍ കെല്പുള്ള’ കണ്ണാണ്, ‘രാത്രിയുടെ കാവല്‍ക്കാരനായ’ ഈ എഴുത്തുകാരന്റേത്. ‘ആര്‍ക്കും വേണ്ടാത്ത ഒരു കണ്ണ്’. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. എച്ച് &സി ബുക്സ്. വില 100.
🔳മുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ അനവധിയാണ്. പാരമ്പര്യം മുതല്‍ ചില മരുന്നുകളുടെ ഉപയോഗം വരെ മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ട്. യഥാര്‍ത്ഥ പ്രശ്നം എവിടെയാണെന്ന് കണ്ടെത്തി വേണ്ട സമയത്ത് ചികിത്സിക്കുക എന്നതും മുടി കൊഴിച്ചില്‍ തടയുന്നതില്‍ പ്രധാനമാണ്. ഇതോടൊപ്പം ചെറിയ കാര്യങ്ങളില്‍ അല്‍പ്പം ശ്രദ്ധിക്കുന്നതും മുടി ആരോഗ്യത്തോടെ സംരക്ഷിക്കുന്നതില്‍ പ്രധാനമാണ്. മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഒന്നിലധികം പോഷകങ്ങള്‍ ഉണ്ട്. ബയോട്ടിന്‍ (ഒരു ബി വിറ്റാമിന്‍), വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ഇ, അയണ്‍, വിറ്റാമിന്‍ സി, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ. ആവശ്യത്തിന് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യകരമായ മുടി വളര്‍ച്ചയ്ക്ക് പ്രധാനമാണെന്ന് ഹാര്‍വാര്‍ഡ് ഹെല്‍ത്ത് പറയുന്നു. ഹൃദയം, തലച്ചോറ്, ചര്‍മ്മം തുടങ്ങിയ അവയവങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ പ്രോട്ടീന്‍ ആവശ്യമാണ്. വിശപ്പ് നിയന്ത്രിക്കാനും പേശികളുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതിനുള്ള കഴിവ് ഈ പോഷകത്തിനുണ്ട്. ഒരു മുട്ട, ഒരു അര കപ്പ് ചെറുപയര്‍, അല്ലെങ്കില്‍ ഒരു പിടി അണ്ടിപ്പരിപ്പ് എന്നിവയില്‍ ഏകദേശം 6 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായി തുടരാന്‍ വിറ്റാമിന്‍ ബി ശരീരത്തിന് വളരെ പ്രധാനമാണ്. പാല്‍, മുട്ട, ചീസ്, പയര്‍വര്‍ഗ്ഗങ്ങള്‍, പച്ച ഇലക്കറികള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ മുടിവളര്‍ച്ചയ്ക്ക് മാത്രമല്ല എല്ലുകളുടെയും നഖങ്ങളുടെയും ബലത്തിന് സഹായിക്കുന്നു. വിറ്റാമിന്‍ ഡി ചര്‍മ്മവും മുടിയും ഉള്‍പ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളുടെയും ആരോഗ്യത്തെ ബാധിക്കുന്നു. പുതിയ രോമങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിറ്റാമിന്‍ ഡി ഒരു പ്രധാന പങ്കു വഹിക്കുന്നു. മുടി വേരുകള്‍ക്ക് കരുത്ത് പകര്‍ന്നുകൊണ്ട് മുടി കൊഴിച്ചിലിനെ തടഞ്ഞു നിര്‍ത്താന്‍ ശേഷിയുള്ളവയാണ് വിറ്റാമിന്‍ ഡി. മത്സ്യം, മീന്‍ എണ്ണ, സാല്‍മണ്‍, സോയ പാല്‍, മുട്ട, കൂണ്‍, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം വൈറ്റമിന്‍ ഡി നല്‍കുന്ന ഭക്ഷണങ്ങളാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
പുരയിടം വൃത്തിയാക്കിയപ്പോള്‍ അയാള്‍ക്ക് ഒരു പാമ്പിന്‍കുഞ്ഞിനെ കിട്ടി. ഒരു കൗതുകത്തില്‍ അയാള്‍ അതിനെ വളര്‍ത്താന്‍ തുടങ്ങി. അവര്‍ തമ്മില്‍ നല്ല അടുപ്പമായി. നാളുകള്‍കൊണ്ട് അതൊരു വലിയ പാമ്പായി മാറി. കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ പാമ്പിന്റെ ഉത്സാഹം കുറഞ്ഞു. എപ്പോഴും തളര്‍ന്ന പോലെ കിടപ്പായി. ഭക്ഷണം കഴിക്കാതായി. അയാള്‍ കിടക്കുമ്പോഴെല്ലാം പാമ്പ് അയാളുടെ അടുത്ത് വന്ന് നീണ്ട് നിവര്‍ന്ന് കിടക്കും. പാമ്പിനെ അയാള്‍ വെറ്ററിനറി ഡോക്ടറെ കാണിച്ചു. പരിശോധനക്ക് ശേഷം ഡോക്ടര്‍പറഞ്ഞു: ഇതിന് കുഴപ്പമൊന്നുമില്ല. പാമ്പ് നിങ്ങളുടെ കൂടെ കിടക്കുന്നത് നിങ്ങളുടെ അളവെടുക്കാനാണ്. ഇതു നിങ്ങളെ ഭക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. അന്നുതന്നെ അയാള്‍ പാമ്പിനെ ഉപേക്ഷിച്ചു. ബയോഡേറ്റവാങ്ങി തുടങ്ങാന്‍ സാധിക്കുന്നതല്ല ബന്ധങ്ങള്‍. ഓരോ ബന്ധവും ആരംഭിക്കുന്നത് പുതുമയുടേയോ, ആവശ്യങ്ങളുടേയോ, ആകസ്മികതയുടേയോ അടിത്തറിയില്‍ നിന്നാകാം. പക്ഷേ, ബന്ധങ്ങള്‍ തുടരേണ്ടതിന്റെ മാനദണ്ഡം ഇതൊന്നുമല്ല. എല്ലാ ബന്ധങ്ങളും എക്കാലവും നിലനിര്‍ത്തേണ്ടവയല്ല. അനാരോഗ്യകരമെന്ന് തോന്നുന്നവ ഉപക്ഷിക്കുക തന്നെ വേണം. ചുറ്റും രൂപ്പപെടുന്ന ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ കരുതലോടെ കാത്തുസൂക്ഷിക്കേണ്ട വളരെ കുറച്ചു ബന്ധങ്ങള്‍ മാത്രമേ കാണൂ. അവയ്ക്ക് ചില സവിശേഷതകളുണ്ടായിരിക്കും. പരസ്പരം വളരാന്‍ അനുവദിക്കുക, വ്യത്യാസങ്ങള്‍ അംഗീകരിക്കുക, സ്വകാര്യ ഇടങ്ങള്‍ അനുവദിക്കുക ഇതെല്ലാം ആ ബന്ധങ്ങളുടെ സവിശേഷതകളായിരിക്കും. അപകടകരമെന്നും അനുചിതമെന്നും തോന്നുന്നവ അവസാനിപ്പിക്കാന്‍ കഴിയണം. ചേര്‍ത്തുപിടിക്കേണ്ട ബന്ധങ്ങള്‍ ഉപേക്ഷിക്കാതിരിക്കാന്‍ ഒരു കാരണമെങ്കിലും നിലനിര്‍ത്തണം. ബന്ധങ്ങള്‍ സുതാര്യമാകട്ടെ – ശുഭദിനം.
➖➖➖➖➖➖➖➖