Sunday, January 5, 2025
Kerala

പ്രഭാത വാർത്തകൾ

 

🔳ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ വൈശാഖിന്റെ ഭൌതിക ശരീരം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി കെ എന്‍ ബാലഗോപാല്‍ അന്തിമോപചാരം അര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടര്‍, കൊടിക്കുന്നില്‍ സുരേഷ് എംപി , സേനാ അംഗങ്ങള്‍ അടക്കം പ്രമുഖര്‍ വിമാനത്താവളത്തിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഭൌതിക ശരീരം ജന്മ നാടായ കൊല്ലം കൊട്ടാരക്കര ഓടനാവട്ടത്തേക്ക് ഇന്ന് കൊണ്ടുപോകും. പൊതു ദര്‍ശനത്തിന് ശേഷം ഉച്ചയോടെയാകും സംസ്‌ക്കാരച്ചടങ്ങുകള്‍ നടക്കുക.

🔳ലഖിംപുര്‍ ആക്രമണ കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യമില്ല. ആശിഷ് മിശ്രയുടെ ജാമ്യഹര്‍ജി ലഖിംപുര്‍ ഖേരി കോടതി തള്ളി. ആശിഷിനൊപ്പമുണ്ടായിരുന്ന ആശിഷ് പാണ്ഡെയുടെ ജാമ്യഹര്‍ജിയും തള്ളിയിട്ടുണ്ട്.

🔳ലഖിംപൂര്‍ സംഭവം അപലപനീയമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അന്വേഷണം ശരിയായ ദിശയില്‍ നടക്കുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും മന്ത്രി പറഞ്ഞു. പാര്‍ട്ടിയോ, പ്രധാനമന്ത്രിയോ മാത്രമല്ല ഇത്തരം സംഭവങ്ങളില്‍ രാജ്യമൊന്നാകെ പ്രതിരോധത്തിലാകുമെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

🔳നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്കില്‍ ലോകത്ത് തന്നെ മുന്നില്‍ നില്‍ക്കുന്ന രാജ്യമായിരിക്കും ഇന്ത്യയെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. ജിഡിപിയില്‍ ഈ വര്‍ഷം രണ്ടക്ക വളര്‍ച്ച നേടാനാണ് ശ്രമിക്കുന്നതെന്നും അടുത്തവര്‍ഷം 7.5 ശതമാനത്തിനും 8.5 ശതമാനത്തിനും ഇടയിലായിരിക്കും വളര്‍ച്ചയെന്നും അവര്‍ വ്യക്തമാക്കി.

🔳മഹാത്മഗാന്ധിയെ രാഷ്ട്രപിതാവായി കാണുന്നില്ലെന്ന് സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍. ഇന്ത്യ പോലൊരു രാജ്യത്തിന് ഒരു പിതാവ് മാത്രമല്ലെന്നും വിസ്മരിക്കപ്പെട്ട ആയിരങ്ങളുണ്ടെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു. ഗാന്ധിജിയുടെ പേരിനോട് ചേര്‍ത്ത് സവര്‍ക്കറിന്റെ വ്യക്തിത്വത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ഗാന്ധിജിയുടെ പേരിനോട് ചേര്‍ത്ത് വായിക്കാതെ തന്നെ മികച്ച വ്യക്തിത്വമുള്ളയാളാണ് വിഡി സവര്‍ക്കര്‍ എന്നും രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു.

🔳ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അരുണാചല്‍ പ്രദേശിലെ സന്ദര്‍ശനത്തിനെതിരെ രംഗത്തെത്തിയ ചൈനയ്ക്കെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ. രാജ്യത്തിനകത്തുള്ള ഒരു സംസ്ഥാനത്തേക്കുള്ള ഇന്ത്യന്‍ നേതാവിന്റെ സന്ദര്‍ശനത്തെ ചൈന എതിര്‍ക്കുന്നതിന്റെ കാരണം ജനങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അതിര്‍ത്തി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അരുണാല്‍ പ്രദേശ് സന്ദര്‍ശിച്ചത് ശരിയായില്ല എന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് സാഹോ ലിജിയാന്‍ പറഞ്ഞത്. അതേ സമയം അതിര്‍ത്തി വിഷയത്തില്‍ എത്രയും പെട്ടെന്ന് ചൈനയുടെ ഭാഗത്തുനിന്ന് തീരുമാനം ഉണ്ടാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

🔳ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ദില്ലി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസമടക്കമുള്ള പ്രയാസങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നാണ് മന്‍മോഹന്‍ സിംഗിനെ ആശുപത്രിയിലെത്തിച്ചത്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് മന്‍മോഹന്‍ സിംഗിന്റെ ഓഫീസ് പ്രതികരിച്ചത്.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 19,177 കോവിഡ് രോഗികളില്‍ 57.77 ശതമാനമായ 11,079 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 249 മരണങ്ങളില്‍ 49.79 ശതമാനമായ 124 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 2,00,004 സജീവരോഗികളില്‍ 48.84 ശതമാനമായ 97,694 രോഗികളും കേരളത്തിലാണുള്ളത്.

🔳കൊവിഡ് ബാധിച്ച് മരണപ്പെട്ട/മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത കുടുംബങ്ങള്‍ക്ക് നിലവിലുള്ള ധനസഹായങ്ങള്‍ക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മരണപ്പെട്ട വ്യക്തിയെ ആശ്രയിച്ചുകഴിയുന്ന ബി പി എല്‍ കുടുംബങ്ങള്‍ക്കാണ് സഹായധനം ലഭിക്കുക. സാമൂഹ്യക്ഷേമ/ക്ഷേമനിധി/മറ്റു പെന്‍ഷനുകള്‍ ആശ്രിതര്‍ക്ക് ലഭ്യമാകുന്നത് അയോഗ്യതയാവില്ല. പ്രതിമാസം 5000 രൂപ വീതം ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ ആയി ആദ്യം സമാശ്വാസം ലഭിക്കുന്ന മാസം മുതല്‍ മൂന്നു വര്‍ഷത്തേയ്ക്കാണ് സഹായം നല്‍കുക. ഇതിനാവശ്യമായ തുക ബജറ്റില്‍ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് വഹിക്കാനും തീരുമാനിച്ചു.

🔳തിരുവനന്തപുരം വിമാനത്താവളം ഇന്ന് മുതല്‍ അദാനിക്ക് സ്വന്തം. വിമാനത്താവളം ഏറ്റെടുത്തുകൊണ്ടുള്ള കൈമാറ്റ കരാര്‍ അദാനി ഗ്രൂപ്പ് ഒപ്പിട്ടു. എയര്‍പോട്ട് ഡയറക്ടര്‍ സി രവീന്ദ്രനില്‍ നിന്ന് അദാനി ഗ്രൂപ്പിന് വേണ്ടി ജി മധുസൂധന റാവു കരാര്‍ രേഖകള്‍ ഏറ്റുവാങ്ങി. 50 വര്‍ഷത്തേക്കാണ് കരാര്‍. വിമാനത്താവളം ഏറ്റെടുക്കലിനെതിരെ കേരളം നല്‍കിയ ഹര്‍ജി സുപ്രീംകോടതിയില്‍ പരിഗണിക്കാനിരിക്കെയാണ് വിമാനത്താവളം അദാനിക്ക് കൈമാറുന്നത്.

🔳സോളാര്‍ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം. വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് മുന്‍കൂര്‍ അനുമതിക്കായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു, ഇന്നലെ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 40 ലക്ഷം രൂപ കൈപ്പറ്റിയെന്ന സോളാര്‍ കേസ് പ്രതി സരിത എസ്. നായരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം.

🔳സോളാര്‍ കോഴ കേസിലെ വിജിലന്‍സ് അന്വേഷണത്തെ തള്ളി ആര്യാടന്‍ മുഹമ്മദ്. വിജിലന്‍സ് നേരത്തെ അന്വേഷിച്ച് ഒരു തെളിവും കിട്ടാത്ത കേസാണിതെന്ന് ആര്യാടന്‍ മുഹമ്മദ് പ്രതികരിച്ചു. തനിക്ക് ആരും കൈക്കൂലി തന്നിട്ടില്ലെന്നും താന്‍ വാങ്ങിയിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സരിതയുടെ മൊഴിയുണ്ടെന്ന് പറഞ്ഞാണ് വിജിലന്‍സ് അന്ന് അന്വേഷിച്ചത്. സരിതക്ക് ഒരു സഹായവും താന്‍ ചെയ്തു നല്‍കിയിട്ടില്ല. വിജിലന്‍സ് അന്വേഷണത്തിന്റെ കാര്യത്തില്‍ ഒരു ആശങ്കയുമില്ലെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

🔳ചന്ദ്രിക കള്ളപ്പണ കേസില്‍ മുസ്ലിംലീഗ് നേതാവ് എം കെ മുനീറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് എം കെ മുനീറിനെ ഇഡി ചോദ്യം ചെയ്തത്. ചോദ്യംചെയ്യല്‍ ഒരു മണിക്കൂര്‍ നീണ്ടു എന്നാണ് വിവരം. കള്ളപ്പണം വെളിപ്പിക്കുന്നത് സംബന്ധിച്ച് എം കെ മുനീറിന് അറിവുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് മൊഴിയെടുക്കല്‍ നടന്നത്. ചന്ദ്രിക പത്രത്തിന്റെ ഡയറക്ടര്‍ ആണ് എം കെ മുനീര്‍.

🔳കേരളം നടപ്പാക്കുന്ന പങ്കാളിത്തസൗഹൃദ കാരവന്‍ ടൂറിസം പദ്ധതിയായ ‘കാരവന്‍ കേരള’യുമായി കൈകോര്‍ത്ത് വാഹന നിര്‍മാതാക്കളായ ഭാരത്ബെന്‍സ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കാരവന്‍ സംസ്ഥാനത്ത് പുറത്തിറക്കി. സുഗമമായ യാത്രയ്ക്കും സുഖപ്രദമായ താമസത്തിനുമുള്ള ആധുനിക സൗകര്യങ്ങളോടെയുള്ള ടൂറിസ്റ്റ് കാരവന്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും ഗതാഗത മന്ത്രി ആന്റണി രാജുവും ചേര്‍ന്ന് പുറത്തിറക്കി. പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തി പ്രയോജനപ്പെടുത്താനുള്ള കേരള ടൂറിസത്തിന്റെ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് കാരവന്‍ ടൂറിസമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം, ഗതാഗത വകുപ്പുകള്‍ ചേര്‍ന്നുള്ള മെഗാ പദ്ധതിയായ കാരവന്‍ കേരള ടൂറിസം മേഖലയില്‍ പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

🔳ഉത്ര കൊലപാതക കേസിലെ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു. കേരളീയ സമൂഹവും ഉത്രയുടെ മാതാപിതാക്കളും ആഗ്രഹിക്കുന്ന വിധം പ്രതി മാതൃകാപരമായി ശിക്ഷിക്കപ്പെടുന്നില്ലെങ്കില്‍ പുതിയ തലമുറ നിയമസംവിധാനങ്ങളുടെ നിഷ്പക്ഷതയെ ആശങ്കയോടെ വീക്ഷിക്കുമോയെന്ന് ഭയപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. ഉത്രയുടെ മാതാവിനെപ്പോലെ കേരളത്തിലെ അമ്മമാരെല്ലാം നിരാശരാണെന്നും ഉത്രയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന വികാരം ഉള്‍ക്കൊള്ളാന്‍ മുഖ്യമന്ത്രിയും സര്‍ക്കാറും തയ്യാറാകണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

🔳ഉത്ര വധക്കേസില്‍ പ്രതിക്ക് തൂക്കുകയര്‍ ലഭിക്കേണ്ടിയിരുന്നുവെന്നും അതിന് വേണ്ടി സര്‍ക്കാര്‍ അപ്പീലിന് പോകണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തിലെ പെണ്‍കുട്ടികള്‍ സുരക്ഷിതരായിരിക്കാന്‍ ഈ കേസില്‍ മാതൃകാപരമായ ശിക്ഷ പ്രതിക്ക് കിട്ടേണ്ടതുണ്ട്. സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നാണ് ബിജെപിയുടെ ആഗ്രഹമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

🔳ചൈനയില്‍ 1989ല്‍ നടന്ന ടിയാന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ എംവി ഗോവിന്ദന്‍. ചൈനീസ് സൈന്യം വിദ്യര്‍ത്ഥികളടക്കമുള്ള ആയിരക്കണക്കിന് പ്രതിഷേധക്കാരെ വെടിവച്ച് കൊന്ന കൊടും ക്രൂരമായ കൂട്ടക്കൊലയായിരുന്നു ടിയാന്‍ മെന്‍ സ്‌ക്വയറിലേത്. ടിയാന്‍മെന്‍ സ്‌ക്വയര്‍ സമരക്കാരെ രക്തത്തില്‍ മുക്കിയെന്ന് സിപിഎമ്മിന് അഭിപ്രായമില്ല. അവിടെയൊരു അരക്ഷിതമായ സാഹചര്യമായിരുന്നു. വിപ്ലവ വിരോധത്തിന്റെ വക്താക്കള്‍ ചൈനയില്‍ സോവിയറ്റ് യൂണിയനിലേത് പോലൊരു സാഹചര്യം കൊണ്ടുവരാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ചൈനീസ് സര്‍ക്കാര്‍ അത് വിജയകരമായി തടയുകയും സോഷ്യലിസ്റ്റ് സാമ്പത്തിക ക്രമത്തിലേക്കുള്ള വഴി തുറക്കുകയും ചെയ്തു എന്നുമായിരുന്നു എംവി ഗോവിന്ദന്‍ പറഞ്ഞത്.

🔳കെ.പി.സി.സി.യുടെ ഗാന്ധിദര്‍ശന്‍ സമിതി നടത്തിയ ഗാന്ധിസ്മൃതി യാത്രയെ യൂണിവേഴ്‌സിറ്റി കോളേജില്‍ പ്രവേശിപ്പിക്കാതെ എസ്.എഫ്.ഐ. കോളേജിനു മുന്നില്‍വെച്ച് ജാഥാ ക്യാപ്റ്റനും മുന്‍മന്ത്രിയുമായ വി.സി. കബീറിനേയും ജാഥാംഗങ്ങളേയും പിടിച്ചുതള്ളിയതായും പരാതിയുണ്ട്. ഇതില്‍ പ്രതിഷേധിച്ച് സത്യാഗ്രഹമിരുന്ന നേതാക്കളെ ആക്രമിച്ചതായും ഗാന്ധിജിയുടെ ഛായാചിത്രത്തിന്റെ ചില്ലുതകര്‍ത്തതായും നേതാക്കള്‍ ആരോപിച്ചു.

🔳പെട്ടിഓട്ടോയുടെ വാതിലിന്റെ ചില്ലില്‍ തലകുടുങ്ങി നാലുവയസ്സുകാരന്‍ മരിച്ചു. ആലപ്പുഴ പുന്നപ്ര കുറവന്‍തോട് മണ്ണാന്‍പറമ്പില്‍ ഉമറുല്‍ അത്താബിന്റെ മകന്‍ മുഹമ്മദ് ഹനാനാണു മരിച്ചത്. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന പെട്ടി ഓട്ടോയുടെ മുന്‍ചക്രത്തില്‍ക്കയറിയ ഹനാന്‍, വാതിലിന്റെ പകുതിയടഞ്ഞ ചില്ലിനുമുകളിലൂടെ അകത്തേക്കു തലയിട്ടപ്പോള്‍ കാല്‍വഴുതിപ്പോവുകയായിരുന്നു.

🔳കര്‍ണാടക കോണ്‍ഗ്രസ് മീഡിയ കോര്‍ഡിനേറ്റര്‍ എം.എ. സലീമിനെ പാര്‍ട്ടിയില്‍നിന്ന് ആറ് വര്‍ഷത്തേക്ക് പുറത്താക്കി. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിനെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയ വീഡിയോ പുറത്തായതിന് പിന്നാലെയാണ് നടപടി. ഡി.കെ.ശിവകുമാറും അദ്ദേഹത്തിന്റെ സഹായികളും കൈക്കൂലി വാങ്ങുമെന്നും മദ്യപനാണെന്നും അടക്കംപറയുന്ന വീഡിയോ ആണ് പുറത്തായത്. പാര്‍ട്ടി മുന്‍ എം.പി വി.എസ്. ഉഗ്രപ്പയും സലീമും തമ്മില്‍ പത്രസമ്മേളനത്തിനടയില്‍ അടക്കം പറഞ്ഞതാണ് പുറത്തായത്.

🔳കര്‍ണാടകയില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ജെഡിഎസ്. തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ബിജെപിയും ജെഡിഎസ്സും തമ്മിലാകും മത്സരമെന്നും എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി. ജെഡിഎസ്സിന്റെ പ്രസ്താവന കാര്യമായി എടുക്കുന്നില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

🔳ആഡംബര കപ്പലിലെ ലഹരിമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ പിടിയിലായ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍സിബി. ലഹരികേസിലെ വിദേശബന്ധമടക്കം അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയ എന്‍സിബി ആര്യന്‍ഖാന്‍ സ്വാധീനശക്തിയുള്ള ആളാണെന്നും ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി. നീതിന്യായ വ്യവസ്ഥയില്‍ നിന്നും ആര്യന്‍ഖാന്‍ ഒളിച്ചോടാനും സാധ്യതയുണ്ടെന്നും ആര്യന്‍ ഖാന്‍ അടക്കമുള്ള പ്രതികള്‍ ലഹരിമാഫിയയുടെ ഭാഗമാണെന്നും പ്രതികള്‍ക്കെതിരെ വാട്സ്ആപ്പ് ചാറ്റുകളില്‍ കൃത്യമായ തെളിവുകള്‍ ഉണ്ടെന്നും എന്‍സിബി കോടതിയില്‍ പറഞ്ഞു.

🔳ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. അവന്തിപോരയില്‍ നടന്ന ഏറ്റുമുട്ടലില്‍ ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ ഷാം സോഫിയെ വധിച്ചു. പൂഞ്ചില്‍ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 48 മണിക്കൂറിനിടെ നടക്കുന്ന ആറാമത്തെ ഏറ്റുമുട്ടലാണിത്. രണ്ട് ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്. ഇതുവരെ ഏഴ് ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. അതേസമയം ദില്ലിയില്‍ അറസ്റ്റിലായ പാക് ഭീകരന് 2009ലെ ജമ്മു സ്ഫോടനവുമായി ബന്ധമുണ്ടെന്ന് ദില്ലി പൊലീസ് സ്പെഷ്യല്‍ സെല്‍ അറിയിച്ചു.

🔳നിര്‍ണായകമായ മത്സരത്തില്‍ മാലിദ്വീപിനെ തകര്‍ത്ത് ഇന്ത്യ സാഫ് കപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഈ വിജയത്തോടെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. നേപ്പാളാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളി. ഇരട്ട ഗോളുകളുമായി തിളങ്ങിയ നായകന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ഈ ഇരട്ട ഗോള്‍ നേട്ടത്തോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി പെലെയെ മറികടന്ന് ആറാം സ്ഥാനത്തെത്തി.

🔳ടി20 ലോകകപ്പിനുള്ള അന്തിമ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഡല്‍ഹി ക്യാപിറ്റല്‍സ് ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന് പകരം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിനെ ഉള്‍പ്പെടുത്തി. എന്നാല്‍ അക്‌സര്‍ സ്‌ക്വാഡിനൊപ്പം സ്റ്റാന്‍ഡ് ബൈ താരമായി ദുബായില്‍ തുടരും. രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി നായകന്‍ സഞ്ജു സാംസണ്‍ ഇടംപിടിച്ചില്ല എന്നതും പരിക്കിന്റെ ആശങ്കയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ നിലനിര്‍ത്തിയതും ശ്രദ്ധേയമാണ്.

🔳ആവേശം അവസാന ഓവര്‍ വരെ നീണ്ട ഐപിഎല്ലിലെ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ മൂന്ന് വിക്കറ്റിന് വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനലില്‍. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഉയര്‍ത്തിയ 136 റണ്‍സ് എന്ന വിജയലക്ഷ്യത്തിന് തൊട്ടടടുത്തിയശേഷം അവിശ്വസനീയമായി തകര്‍ന്നടിഞ്ഞ് തോല്‍വിയുടെ വക്കത്തെത്തിയെങ്കിലും അവസാന ഓവറിലെ അഞ്ചാം പന്ത് സിക്സിന് പറത്തി രാഹുല്‍ ത്രിപാഠി കൊല്‍ക്കത്തക്ക് ഫൈനല്‍ ടിക്കറ്റ് സമ്മാനിച്ചു.

🔳കേരളത്തില്‍ ഇന്നലെ 89,995 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 123 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,571 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,608 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 360 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9972 പേര്‍ രോഗമുക്തി നേടി. ഇതോടെ 97,630 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.6 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 44.6 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂര്‍ 1111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729, മലപ്പുറം 699, കണ്ണൂര്‍ 554, പത്തനംതിട്ട 547, പാലക്കാട് 530, ആലപ്പുഴ 506, വയനാട് 387, കാസര്‍ഗോഡ് 250.

🔳രാജ്യത്ത് ഇന്നലെ 19,177 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 19,793 പേര്‍ രോഗമുക്തി നേടി. മരണം 249. ഇതോടെ ആകെ മരണം 4,51,469 ആയി. ഇതുവരെ 3,40,19,680 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 2 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 2,219 പേര്‍ക്കും തമിഴ്നാട്ടില്‍ 1,280 പേര്‍ക്കും മിസോറാമില്‍ 1224 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,02,597 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 78,517 പേര്‍ക്കും ഇംഗ്ലണ്ടില്‍ 42,776 പേര്‍ക്കും റഷ്യയില്‍ 28,717 പേര്‍ക്കും തുര്‍ക്കിയില്‍ 31,248 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 23.98 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.77 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,809 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,504 പേരും റഷ്യയില്‍ 984 പേരും ഉക്രെയിനില്‍ 471 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48.87 ലക്ഷം.

🔳ഓഹരി വിപണി എക്കാലത്തെയും ഉയരം കുറിച്ചതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ മൂല്യം 2,70,24,154 കോടി രൂപയിലെത്തി. അഞ്ചാമത്തെ ദിവസവും വിപണി മികച്ച നേട്ടമുണ്ടാക്കി. സെന്‍സെക്സ് 376 പോയിന്റ് ഉയര്‍ന്ന് 60,660ലെത്തി. അഞ്ചുദിവസം കൊണ്ട് 1,471 പോയിന്റാണ് സെന്‍സെക്സ് കുതിച്ചത്. വിദേശ നിക്ഷേപകരും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും ഓഹരികള്‍ വിറ്റൊഴിയുമ്പോഴാണ് വിപണിയിലെ ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്. റീട്ടെയില്‍ നിക്ഷേപകരുടെ ഇടപെടലാണ് വിപണിയിലെ നിലവിലെ കുതിപ്പിന് പിന്നില്‍.

🔳കോഴിക്കോട് ആസ്ഥാനമായ ഡിജിറ്റല്‍ റിവാര്‍ഡസ് പ്ലാറ്റ്‌ഫോം സ്റ്റാര്‍ട്ടപ്പ് റിബണിനെ ഏറ്റെടുത്ത് യുഎസ് കമ്പനി ബ്ലാക്ക്‌ഹോക്ക് നെറ്റ് വര്‍ക്ക്. വര്‍ഷം തോറും 5 ബില്യണ്‍ ഡോളറിലെറെ റിവാര്‍ഡ്‌സ് ആയി നല്‍കുന്ന പ്ലാറ്റ്‌ഫോമുകള്‍ക്ക് പിന്തുണ നല്‍കുന്ന ബ്ലാക്ക്‌ഹോക്കിന് ഈ ഏറ്റെടുക്കലിലൂടെ നവീനമായ സാസ് എംബെഡിംഗ് സൗകര്യം കൈവരും. റിവാര്‍ഡ്‌സ് പ്ലാറ്റ്‌ഫോമില്‍ 1100-ലേറെ ഇടപാടുകാരുള്ള റിബണാകട്ടെ ഇതുവരെ 50,000-ലേറെ ക്യാമ്പെയിനുകളിലായി 160-ലേറെ രാജ്യങ്ങളിലുള്ള ഉപയോക്താക്കള്‍ക്ക് റിവാര്‍ഡ്‌സ് നല്‍കിയിട്ടുണ്ട്.

🔳പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് ‘പത്തൊന്‍പതാം നൂറ്റാണ്ട്’. തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയനാണ്. ഇപ്പോഴിതാ ചിത്രത്തിലെ പത്താമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തവിട്ടിരിക്കുകയാണ് വിനയന്‍. ഗോകുലം ഗോപാലന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പങ്കുവച്ചിരിക്കുന്നത്. പെരുമാള്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തില്‍ സിജു വില്‍സണ്‍ ചെയ്യുന്ന നായക വേഷമായ വേലായുധപ്പണിക്കര്‍ക്ക് എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കി അനീതിക്കും ജാതി വിവേചനത്തിനും എതിരെ പോരാടാന്‍ ഊര്‍ജ്ജം കൊടുത്ത മുത്തച്ഛനാണ് പെരുമാള്‍.

🔳അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യിലെ രണ്ടാമത്തെ ഗാനം പുറത്തിറക്കി. മെലഡി ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നട എന്നീ ഭാഷകളിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. സിദ് ശ്രീറാം ആണ് ഗായകന്‍. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്കെല്ലാം ഈണം നല്‍കിയിരിക്കുന്നത്. മാജിക്കല്‍ മെലഡി എന്നു പറഞ്ഞുകൊണ്ടാണ് ‘ശ്രീവല്ലി’ എന്നു തുടങ്ങുന്ന പാട്ട് റിലീസ് ചെയ്തിരിയ്ക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം 2021 ഡിസംബര്‍ 17ന് തിയറ്ററുകളില്‍ എത്തും.

🔳ഇന്ത്യന്‍ കമ്പനിയായ കൈനറ്റിക്ക് എനര്‍ജി ആന്‍ഡ് പവര്‍ സൊല്യൂഷന്‍സുമായി സഹകരിക്കാന്‍ കൈകോര്‍ത്ത് ആഢംബര വാഹന നിര്‍മാതാക്കളായ ലംബോര്‍ഗിനി. ഇലട്രിക് ഗോള്‍ഫ് കാര്‍ട്ടുകള്‍ നിര്‍മിക്കനാണ് ഇരു കമ്പനികളും സഹകരിക്കുക. ലംബോര്‍ഗിനി ഡിസൈന്‍ ചെയ്യുന്ന ഗോള്‍ഫ് കാര്‍ട്ടുകള്‍ കൈനറ്റിക്ക് ഇന്ത്യയില്‍ നിര്‍മിക്കും. കൈനറ്റിക്കിന്റെ ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങുന്ന ലംബോര്‍ഗിനി ഡിസൈന്‍ ചെയ്യുന്ന ഗോള്‍ഫ് കാര്‍ട്ടുകള്‍ അടുത്ത വര്‍ഷം മുതല്‍ ലോക വിപണിയില്‍ എത്തും.

🔳കേരളത്തിന്റെ കലാപാരമ്പര്യത്തെയും രംഗകലാരൂപങ്ങളെയും അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധേയനാക്കിയ ഒരപൂര്‍വപ്രതിഭയുടെ അറുപത്തഞ്ചു വര്‍ഷത്തെ ജീവിതാനുഭവങ്ങള്‍. തന്റ കലാജീവിതത്തില്‍ മാര്‍ഗദര്‍ശികളും പങ്കാളികളുമായിരുന്ന പ്രശസ്തരും അപ്രശസ്തരുമായ മഹാപ്രതിഭകളെ വിനയത്തോടെ അനുസ്മരിക്കുന്നു. വേണു ജിയുടെ അസാധാരണമായ കലാജീവിതയാത്രയിലെ അനുഭവക്കുറിപ്പുകള്‍. ‘അരങ്ങിലും മുന്നിലും പിന്നിലും’. വേണു ജി. മാതൃഭൂമി. വില 520 രൂപ.

🔳കോവിഡ് മാറിയയുടനെയോ രണ്ടോ മൂന്നോ മാസം കഴിഞ്ഞോ ആണു ചിലരില്‍ കടുത്ത മുടികൊഴിച്ചില്‍ തുടങ്ങുന്നത്. ഒരു ദിവസം മുന്നൂറും നാനൂറും മുടികള്‍ കൊഴിയും. കോവിഡ് ശരീരത്തില്‍ ഉണ്ടാക്കുന്ന ഇന്‍ഫ്ലമേഷന്‍ ഇതിന് ഒരു കാരണമാണ്. മാനസിക സമ്മര്‍ദം, വിറ്റാമിന്‍ ഡിയുടെയും അയണിന്റെയും കുറവ്, ഹീമോഗ്ലോബിന്‍ കുറഞ്ഞുള്ള വിളര്‍ച്ച ഇവയെല്ലാം ഒപ്പം മുടിയില്‍ പിടിത്തമിടും. അതുകൊണ്ടു രോഗബാധിതരായിരിക്കുമ്പോഴും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാനും ധാരാളം വെള്ളം കുടിക്കാനും മടി കാണിക്കരുത്. ലോക്ഡൗണും രോഗകാലവും വര്‍ക് ഫ്രം ഹോമും ഒക്കെ കാരണം ആളുകള്‍ വെയിലേല്‍ക്കുന്നതു കുറഞ്ഞു. അതോടെ വിറ്റാമിന്‍ ഡിയുടെ അഭാവം വ്യാപകമായി. അനീമിയയും കൂടുതലായി കാണുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. അതിനു കാരണം ഭക്ഷണരീതിയിലെ പ്രശ്നങ്ങള്‍ തന്നെ. ജങ്ക് ഫുഡിനെ പാടേ മറന്നു പ്രകൃതിയോടും പോഷകങ്ങളോടും ചേര്‍ന്നുനില്‍ക്കുക. മീനും ധാരാളം കഴിക്കാം. അയണിന്റെ അളവു കൂട്ടാന്‍ കൂടാന്‍ ഈന്തപ്പഴവും നെല്ലിക്കയും സഹായിക്കും. വിറ്റാമിന്‍ ഡി നമ്മളെ വിട്ടിറങ്ങിപ്പോകാതിരിക്കാന്‍ രാവിലെ വെയിലേറ്റുള്ള പ്രഭാതനടത്തം പതിവാക്കാം. നടക്കാന്‍ പോകാത്തവര്‍ ഇളവെയില്‍ കൊണ്ടു ചെടികള്‍ക്കു വെള്ളമൊഴിക്കുകയെങ്കിലും ചെയ്യണം. മുടികൊഴിച്ചിലിനു മള്‍ട്ടിവിറ്റാമിനുകള്‍ ഉള്‍പ്പെടുത്തിയുള്ള ചികിത്സയാണു നല്‍കുന്നത്. കോവിഡിനുശേഷം കുറച്ചുകാലത്തേക്കെങ്കിലും മുടിയില്‍ കെമിക്കല്‍ ട്രീറ്റ്മെന്റ് ചെയ്യാത്തതാണു നന്ന്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *