Sunday, January 5, 2025
Kerala

പ്രഭാത വാർത്തകൾ

 

🔳ഇന്ത്യയുടെ ഭൂതല-ഉപരിതല ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്ത് എ.പി.ജെ അബ്ദുള്‍കലാം ദ്വീപില്‍ വെച്ചാണ് പരീക്ഷണം നടന്നത്. ഇന്നലെ രാത്രി 7.50നായിരുന്നു പരീക്ഷണം. ചൈനയുമായി നിലനില്‍ക്കുന്ന അതിര്‍ത്തി വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ മിസൈല്‍ പരീക്ഷണത്തിന് സവിശേഷ പ്രാധാന്യമാണുള്ളത്. മിസൈലിന് 5,000 കിലോമീറ്റര്‍ പരിധി വരെയുള്ള ലക്ഷ്യങ്ങളെ കൃത്യതയോടെ തകര്‍ക്കാന്‍ കഴിയും.

🔳പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പ്രശംസിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. നരേന്ദ്ര മോദിയുടെ നേതൃത്വം ഇല്ലായിരുന്നെങ്കില്‍ രാജ്യം തകര്‍ന്നു പോകുമായിരുന്നെന്ന് അമിത് ഷാ പറഞ്ഞു. മോദി അധികാരത്തില്‍ 20 വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി നടന്ന ദേശീയ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത്‌കൊണ്ട് സംസാരിക്കുകയായിരുന്നു അമിത് ഷാ.

🔳ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമമാണ് പെഗാസസിലൂടെ നടന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദില്ലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. രാജ്യത്തിനും രാജ്യത്തെ സംവിധാനങ്ങള്‍ക്കും എതിരെയാണ് പെഗാസസ് ആക്രമണമെന്നും സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി സത്യം പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷയുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

🔳കര്‍ഷകസമരം തുടരുന്ന സിംഘുവില്‍ സംഘര്‍ഷം. ഒരു സംഘം ആളുകള്‍ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചു. പൊലീസ് ലാത്തിവീശി. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. ബിജെപി അനൂകൂല കര്‍ഷക സംഘടനയായ ഹിന്ദ് മസ്ദൂര്‍ കിസാന്‍ സമിതിയുടെ പ്രവര്‍ത്തകരാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് കിസാന്‍ മോര്‍ച്ച ആരോപിച്ചു. നിഹാങ്കുകള്‍ കൊല്ലപെടുത്തിയ ലഖ്ബീര്‍ സിങ്ങിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും ആവശ്യപ്പെട്ടായിരുന്നു കര്‍ഷകരുടെ പ്രതിഷേധം.

🔳ഡിസംബര്‍ ഒന്നിന്ന് മുന്‍പായി പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ആദ്യ ഡോസ് കൊവിഡ് വാക്സീന്‍ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രണ്ടാം ഡോസ് എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ ആവശ്യമായ സജ്ജീകരണമൊരുക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ വിളിച്ച ആരോഗ്യമന്ത്രിമാരുടെ യോഗത്തില്‍ മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 16,315 കോവിഡ് രോഗികളില്‍ 9,445 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 734 മരണങ്ങളില്‍ 622 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 330 മരണങ്ങളും, സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 199 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ 1,54,888 സജീവരോഗികളില്‍ 76,629 രോഗികളും കേരളത്തിലാണുള്ളത്.

*അമല ബിഎംടി യൂണിറ്റ്*
അമല ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ബോണ്‍മാരോ ട്രാന്‍സ്‌പ്ലേന്റേഷന്‍ യൂണിറ്റിന് തുടക്കമായി. രക്താര്‍ബുദത്തിനും രക്തസംബന്ധമായ രോഗങ്ങള്‍ക്കും ശാശ്വത പരിഹാരം കാണുന്നതിനായി ആരംഭിച്ച ബോണ്‍മാരോ ട്രാന്‍സ്‌പ്ലേന്റേഷന്‍ യൂണിറ്റിന് ഒക്ടോബര്‍ 14-ാം തിയ്യതി അഭിവന്ദ്യ തൃശൂര്‍ അതിരൂപതാ മെത്രാപൊലീത്താ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആശിര്‍വാദ കര്‍മ്മം നിര്‍വഹിച്ചു. ഒക്ടോബര്‍ 15-ാം തിയ്യതി ബഹുമാനപ്പെട്ട റവന്യൂ മന്ത്രി അഡ്വ.കെ.രാജന്‍ ബിഎംടി യൂണിറ്റ് സമുച്ചയം ഉദ്ഘാടനം നിര്‍വഹിച്ചു.
➖➖➖➖➖➖➖➖

🔳ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ രാവിലെ ഏഴു മണിക്ക് തുറക്കും. തീരുമാനം തമിഴ്നാട് കേരളത്തെ അറിയിച്ചു. നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3800 ഘനയടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്തതോടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് കൂടി കണക്കിലെടുത്താണ് തീരുമാനം.

🔳മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിന് തമിഴ്നാടിന്റെ കത്ത്. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ . വൈഗ ഡാമിലേക്ക് പരമാവധി ജലം എത്തിക്കുമെന്നും ഡാമിലേക്ക് എത്തുന്ന ജലത്തിന്റെ അളവ് കൃത്യമായി പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്കും യഥാസമയം വിവരങ്ങള്‍ നല്‍കുമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ച അളവിലുള്ള ജലം മാത്രമാണ് ഡാമില്‍ നിലനിര്‍ത്തിയിട്ടുള്ളതെന്നും എം.കെ. സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ പറയുന്നു.

🔳സംസ്ഥാനത്ത് കാലവര്‍ഷത്തിലും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ ധന സഹായം നല്‍കുന്നതുള്‍പ്പെടെ നിര്‍ണായക തീരുമാനങ്ങളെടുത്ത് കേരളാ മന്ത്രിസഭ. കാലവര്‍ഷക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ സഹായം ധനം നല്‍കാനും ദുരന്തം ഉണ്ടായ വില്ലേജുകളെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിക്കാനും യോഗത്തില്‍ തീരുമാനമായി.

🔳സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് പരിഹരിക്കാന്‍ മന്ത്രി സഭാ യോഗത്തില്‍ തീരുമാനം. പ്ലസ് വണ്‍ അഡ്മിഷന് അധിക സീറ്റ് അനുവദിക്കും. ബാച്ചുകള്‍ ഷിഫ്റ്റ് ചെയ്യാനും താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കാനും തീരുമാനിച്ചു.നിലവില്‍ സീറ്റുകള്‍ കുറവുള്ളിടങ്ങളില്‍ 10% ആയി ഉയര്‍ത്തും. 20 ശതമാനം സീറ്റ് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയ 7 ജില്ലകളില്‍ സീറ്റിന്റെ ആവശ്യകത ഉണ്ടാവുകയാണെങ്കില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 10 ശതമാനം സീറ്റ് വര്‍ദ്ധനവ് അനുവദിക്കും. ഈ ജില്ലകളില്‍ അടിസ്ഥാന സൗകര്യമുള്ളതും സീറ്റ് വര്‍ദ്ധനവിന് അപേക്ഷ സമര്‍പ്പിക്കുന്നതുമായ എയിഡഡ് സ്‌കൂളുകള്‍ക്കും അണ്‍ എയിഡഡ് സ്‌കൂളുകള്‍ക്കും 10 ശതമാനം സീറ്റ് വര്‍ദ്ധന അനുവദിക്കും.

🔳ന്യൂനപക്ഷ സ്‌കോളര്‍ഷിപിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് പ്രതിക്ഷേധാര്‍ഹമാണെന്ന് സിറോമലബാര്‍ സഭ. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സര്‍വകക്ഷിയോഗത്തിന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. ഇതിനുപിന്നില്‍ ചില സമ്മര്‍ദ്ദമുണ്ടായെന്ന് ന്യായമായും അനുമാനിക്കണമെന്നും സീറോമലബാര്‍ സഭ പബ്ലിക് അഫയേഴ്സ് കമ്മിറ്റി വാര്‍ത്താകുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

🔳കെ റെയില്‍ പദ്ധതി പശ്ചിമഘട്ടത്തെ തകര്‍ക്കുന്നതാണെന്നും സര്‍ക്കാര്‍ പിന്മാറണമെന്നും യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ലക്ഷകണക്കിന് ആളുകളെ കുടിയൊഴിപ്പിച്ച് കേരളത്തിന്റെ ആവാസ വ്യവസ്ഥയെ തകര്‍ത്ത് നാടിനെ രണ്ടായി വിഭജിക്കുന്ന ജനവിരുദ്ധ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും പശ്ചിമ ഘട്ടത്തെ ഇല്ലാതാക്കുന്ന ഈ പദ്ധതി കേരളത്തില്‍ ദുരന്തങ്ങള്‍ക്കു ആക്കം കൂട്ടുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

🔳കെ റെയില്‍ പദ്ധതിക്കെതിരെ സംയുക്ത മുന്നണിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിനെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. സകല ഇടതുവിരുദ്ധരും ഒന്നിച്ച മഴവില്‍ സഖ്യമാണ് ഉണ്ടായിരിക്കുന്നതെന്നും വികസന പദ്ധതി തടസ്സപ്പെടുത്താന്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും റഹീം ഫോസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. സര്‍ക്കാരിനെതിരായ ജനാധിപത്യവിരുദ്ധ സമരത്തിന്റെ അരങ്ങൊരുക്കുകയാണ് ഇവരെന്നും കേരള വികസനത്തെ തടയാനും ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുമാണ് ഈ മഴവില്‍ സഖ്യത്തിന്റെ ശ്രമമെന്നും റഹീം പറഞ്ഞു.

🔳കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണ ചര്‍ച്ച വേഗത്തിലാക്കന്‍ മന്ത്രിതല ചര്‍ച്ചയില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മധ്യപ്രദേശ് മോഡല്‍ യൂണിയനുകളുമായി ചര്‍ച്ച ചെയ്യണമെന്നാണ് യോഗത്തില്‍ മുന്നോട്ടുവന്ന പ്രധാന നിര്‍ദേശം. ശമ്പള പരിഷ്‌കരണം അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും. അതിനാല്‍ അധിക ജീവനക്കാര്‍ക്ക് 50 ശതമാനം ശമ്പളം നല്‍കി ലീവില്‍ പോകാന്‍ അനുവദിക്കുന്നതാണ് മധ്യപ്രദേശ് മോഡല്‍. മന്ത്രിമാരുടെ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയാണ് നിര്‍ദ്ദേശം മുന്നോട്ടു വെച്ചത്. കണ്ടക്ടര്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ 7500-ഓളം ജീവനക്കാര്‍ അധികമുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം മധ്യ പ്രദേശ് മോഡല്‍ അടിചേല്‍പ്പിക്കില്ലെന്നും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

🔳ദത്തുവിവാദത്തില്‍ പാര്‍ട്ടി ഇപ്പോഴെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറായതില്‍ സന്തോഷമെന്ന് അനുപമ. പാര്‍ട്ടി ഏരിയ സെക്രട്ടറി ഈ വിഷയം അന്വേഷിക്കുന്നതില്‍ പ്രതീക്ഷ ഇല്ലെന്നും സംസ്ഥാന തലത്തില്‍ അന്വേഷണം വേണമെന്നും അനുപമ ആവശ്യപ്പെട്ടു. അനുപമയുടെ അച്ഛന്‍ പി എസ് ജയചന്ദ്രനെതിരെ സിപിഎം നടപടി സ്വീകരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അനുപമ.

🔳ദത്ത് വിവാദത്തില്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് അനുപമ. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന് പങ്ക് ഉണ്ടെന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അനുപമ പറഞ്ഞു. ശിശുക്ഷേമ സമിതിയിലെ ജീവനക്കാരുടെ മൊഴി ഒറ്റയ്ക്ക് ഒറ്റയ്ക്ക് രേഖപ്പെടുത്തണമെന്നും മുന്‍ ജീവനക്കാരന്‍ ശശിധരന് കാര്യങ്ങള്‍ അറിയാമെന്നും അദ്ദേഹത്തിന്റെ മൊഴിയെടുക്കാന്‍ തയ്യാറാകണമെന്നും അനുപമ ആവശ്യപ്പെട്ടു. അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. വിശദമായ മൊഴി നല്‍കിയെന്നും തെളിവുകള്‍ ഹാജരാക്കിയെന്നും അനുപമ പ്രതികരിച്ചു.

🔳ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന് എതിരായി പാര്‍ട്ടി നടപടികള്‍ ഉണ്ടാകുമെന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ നടക്കുന്ന ഹീനമായ ഉദ്ദേശ്യം വച്ചുള്ള വാര്‍ത്തകള്‍ക്ക് പ്രേരിപ്പിക്കുന്നത് യുവജന പ്രസ്ഥാനത്തിന്റെ നേതാവാണ് ഷിജുഖാന്‍ എന്നതുകൊണ്ട് മാത്രമാണെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

🔳സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാനുള്ള അക്കാദമിക് മാര്‍ഗരേഖ പുറത്തിറക്കി. എല്ലാ സ്‌കൂളുകളിലും അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്ന രീതിയിലാണ് മാര്‍ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയെ മറികടന്ന് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ എല്ലാ വിദ്യാര്‍ഥികളേയും സ്‌കൂളിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എല്ലാ സ്‌കൂളുകളിലും ഒരേ രീതിയില്‍ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതുമുണ്ട്. ഇത് മുന്നില്‍ കണ്ടാണ് വിദ്യാഭ്യാസ വകുപ്പ് അക്കാദമിക് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്.

🔳കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അംഗത്വ വിതരണം തുടങ്ങാനിരിക്കെ, സംഘടന പിടിക്കാന്‍ സംയുക്തനീക്കവുമായി എ, ഐ ഗ്രൂപ്പുകള്‍. ഒരുമിച്ചിരുന്നുള്ള ചര്‍ച്ച തുടങ്ങിയില്ലെങ്കിലും കൈകോര്‍ത്ത് പോകണമെന്നും പരസ്പരം മത്സരിക്കേണ്ടെന്നുമുള്ള ധാരണ അണിയറയില്‍ രൂപപ്പെട്ടു.

🔳എ.എ. റഹീം ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റാകും. ഇന്നലെ സിപിഎം ആസ്ഥാനത്ത് ചേര്‍ന്ന സംഘടനാ ഫ്രാക്ഷന്‍ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഇന്ന് ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തില്‍ എ.എ. റഹീമിനെ ദേശീയ പ്രസിഡന്റായി ഔദ്യോഗികമായി പ്രഖ്യാപിക്കും.

🔳ചൈനയുടെ പുതിയ അതിര്‍ത്തി നിയമത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി സംബന്ധിച്ച് അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചൈന അടുത്തിടെ പാസാക്കിയ അതിര്‍ത്തി പ്രദേശങ്ങളുടെ സംരക്ഷണവും ചൂഷണവും സംബന്ധിച്ച പുതിയ നിയമത്തിലാണ് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചത്.’ഏകപക്ഷീയമായ നീക്കം’ എന്നാണ് ഇന്ത്യ ഇതിനെ വിശേഷിപ്പിച്ചത്.

🔳ഒമാനില്‍ അംഗീകരിച്ച വാക്‌സിനുകളുടെ പട്ടികയില്‍ കൊവാക്‌സിനും ഉള്‍പ്പെടുത്തി. കൊവാക്‌സിന്‍ സ്വീകരിച്ച എല്ലാ ഇന്ത്യക്കാര്‍ക്കും ഇനി ഒമാനിലേക്ക് മടങ്ങാമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. കൊവാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച ശേഷം കുറഞ്ഞത് 14 ദിവസമെങ്കിലും പൂര്‍ത്തിയായ എല്ലാ ഇന്ത്യക്കാര്‍ക്കും ക്വാറന്റീന്‍ ഇല്ലാതെ തന്നെ ഒമാനിലെത്താന്‍ കഴിയും. യാത്രയ്ക്ക് മുമ്പുള്ള ആര്‍ടി പിസിആര്‍ പരിശോധനയും മറ്റ് വ്യവസ്ഥകളും ഇവര്‍ക്ക് ബാധകമായിരിക്കും. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിനും നേരത്തെ ഒമാന്‍ അംഗീകാരം നല്‍കിയിരുന്നു. ഇന്ത്യന്‍ വാക്‌സിനുകള്‍ അംഗീകരിച്ച ഒമാന്‍ അധികൃതര്‍ക്ക് എംബസി നന്ദി അറിയിച്ചു.

🔳പാകിസ്ഥാന് സൗദി അറേബ്യയുടെ സാമ്പത്തിക സഹായം. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായ റിയാദില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സാമ്പത്തിക സഹായം നല്‍കുമെന്ന് അറിയിച്ചത്. ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരിയാണ് സൗദി സാമ്പത്തിക സഹായം അനുവദിച്ചെന്ന് ട്വീറ്റ് ചെയ്തത്. 300 കോടി ഡോളര്‍ പാകിസ്ഥാന്‍ സെന്‍ട്രല്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പുറമെ 120 കോടി ഡോളറിന്റെ എണ്ണ ഉല്‍പ്പന്നങ്ങളും പാകിസ്ഥാന് നല്‍കും. പാകിസ്ഥാന്റെ വിദേശനാണ്യ ശേഖരത്തിലെ കുറവ് നികത്തുകയാണ് ലക്ഷ്യം. സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ പാകിസ്ഥാനെ സഹായിച്ചതില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നന്ദി അറിയിച്ചു.

🔳ഐപിഎല്ലില്‍ പുതുതായി ഉള്‍പ്പെടുത്തിയ അഹമ്മദാബാദ് ടീമിനെ സ്വന്തമാക്കിയ സിവിസി ക്യാപ്പിറ്റല്‍ വിവാദത്തില്‍. വാതുവെപ്പ് കമ്പനികളുമായി സിവിസി ക്യാപ്പിറ്റലിന് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെ ടെന്‍ഡറില്‍ പങ്കെടുത്ത അദാനിഗ്രൂപ്പ് പരാതി നല്‍കുമെന്നാണ് സൂചന. എന്നാല്‍ ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

🔳ഒളിംപിക്സില്‍ മികവ് കാണിച്ച കായികതാരങ്ങളെ കേന്ദ്രസര്‍ക്കാര്‍ ഖേല്‍രത്ന പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ട്. 11 താരങ്ങളെ ഖേല്‍രത്ന പുരസ്‌കാരത്തിനായി ഈ വര്‍ഷം കേന്ദ്ര കായികമന്ത്രാലയം ശുപാര്‍ശ ചെയ്തുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മലയാളി താരവും ഇന്ത്യ ഹോക്കിടീം കീപ്പറുമായ പി.ആര്‍.ശ്രീജേഷിന്റെ പേരും ഖേല്‍രത്ന പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. 17 പരിശീലകരെ ദ്രോണാചാര്യ പുരസ്‌കാരത്തിനായും 35 പേരെ അര്‍ജ്ജുന അവാര്‍ഡിനായും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മലയാളി താരം കെ.സി.ലേഖയുടെ പേര് ധ്യാന്‍ചന്ദ് പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടെന്നാണ് വിവരം.

🔳ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 8 വിക്കറ്റിന് തകര്‍ത്ത് രണ്ടാമത്തെ വിജയവുമായി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് മുന്നോട്ടുവെച്ച 125 റണ്‍സ് വിജയലക്ഷ്യം ഓപ്പണര്‍ ജേസണ്‍ റോയിയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ മികവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 14.1 ഓവറില്‍ ഇംഗ്ലണ്ട് അനായാസം മറികടന്നു. 38 പന്തില്‍ 61 റണ്‍സെടുത്ത റോയ് ആണ് കളിയിലെ താരം. സ്‌കോര്‍ ബംഗ്ലാദേശ് 20 ഓവറില്‍ 124-9, ഇംഗ്ലണ്ട് 14.1 ഓവറില്‍ 126-2.

🔳ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്‌ലന്‍ഡിനെ നാലു വിക്കറ്റിന് വീഴ്ത്തി നമീബിയ ആദ്യ ജയം സ്വന്തമാക്കി. 110 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയ 19.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ചെറിയ വിജയലക്ഷ്യത്തിന് മുന്നില്‍ പതറിയെങ്കിലും 23 പന്തില്‍ 32 റണ്‍സെടുത്ത ജെ ജെ സ്മിറ്റിന്റെ പോരാട്ടം നമീബീയക്ക് സൂപ്പര്‍ 12ലെ ആദ്യ ജയം സമ്മാനിച്ചു. സ്‌കോര്‍ സ്‌കോട്‌ലന്‍ഡ് 20 ഓവറില്‍ 109-8, നമീബിയ 19.1 ഓവറില്‍ 115-6.

🔳ടി20 ലോകകപ്പില്‍ സ്‌കോട്‌ലന്‍ഡിനെതിരെ ചരിത്രനേട്ടം സ്വന്തമാക്കി നമീബിയന്‍ പേസര്‍ റൂബന്‍ ട്രംപിള്‍മാന്‍. സ്‌കോട്‌ലന്‍ഡ് ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ മൂന്ന് വിക്കറ്റെടുത്ത ട്രംപിള്‍മാന്‍ ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളറായി.

🔳കേരളത്തില്‍ ഇന്നലെ 82,689 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 199 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 330 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 29,977 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9069 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 297 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 51 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6723 പേര്‍ രോഗമുക്തി നേടി. ഇതോടെ 76,554 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.5 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 49.5 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂര്‍ 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464, മലപ്പുറം 441, കണ്ണൂര്‍ 422, പാലക്കാട് 393, ആലപ്പുഴ 340, വയനാട് 333, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

🔳രാജ്യത്ത് ഇന്നലെ 16,315 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 17,019 പേര്‍ രോഗമുക്തി നേടി. മരണം 734. ഇതോടെ ആകെ മരണം 4,56,418 ആയി. ഇതുവരെ 3,42,31,207 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 1.54 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 1,485 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,075 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,54,323 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 62,934 പേര്‍ക്കും ഇംഗ്ലണ്ടില്‍ 43,941 പേര്‍ക്കും റഷ്യയില്‍ 36,582 പേര്‍ക്കും തുര്‍ക്കിയില്‍ 29,896 പേര്‍ക്കും ജര്‍മനിയില്‍ 26,099 പേര്‍ക്കും ഉക്രെയിനില്‍ 22,574 ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 24.57 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.80 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8,182 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,357 പേരും റഷ്യയില്‍ 1,123 പേരും ബ്രസീലില്‍ 386 പേരും മെക്സിക്കോയില്‍ 392 പേരും ഉക്രെയിനില്‍ 692 പേരും റൊമാനിയായില്‍ 508 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49.86 ലക്ഷം.

🔳വിപണി മൂല്യത്തില്‍ മാതൃകമ്പനിയായ ഇന്ത്യാ സിമന്റ്‌സിനെ കടത്തി വെട്ടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. തിങ്കളാഴ്ച രാത്രി സിഎസ്‌കെയുടെ വിപണി മൂല്യം 7240 കോടിയിലെത്തി. ഇന്ത്യ സിമന്റ്സിന്റെ വിപണി മൂല്യം 61,45 കോടിയാണ്. പൊതു ജനങ്ങള്‍ക്ക് ഓഹരികള്‍ വാങ്ങാനാവുന്ന ഏക ഇന്ത്യന്‍ സ്പോര്‍ട്സ് ടീമാണ് സിഎസ്‌കെ. കഴിഞ്ഞ ദിവസം സിഎസ്‌കെയുടെ ലിസ്റ്റ് ചെയ്യപ്പെടാത്ത ഓഹരികളുടെ വില 213-235 രൂപയില്‍ എത്തിയിരുന്നു. സ്‌പോര്‍ട്‌സ് രംഗത്തെ രാജ്യത്തെ ആദ്യ യൂണികോണ്‍ ആകാനൊരുങ്ങുകയാണ് സിഎസ്‌കെ. 2021 ജനുവരിയില്‍ ഓഹരി വില 65ല്‍ എത്തിയപ്പോള്‍ സിഎസ്‌കെയുടെ മൂല്യം 2000 കോടിയായിരുന്നു. ഈ വര്‍ഷം ഐപിഎല്‍ ജേതാക്കളായപ്പോള്‍ ഓഹരി വില 130 ആയി ഉയര്‍ന്നു. അതോടെ മൂല്യം 4000 കോടി കടന്നു.

🔳പേടിഎം, പോളിസി ബസാര്‍, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഉള്‍പ്പെടെ അഞ്ച് കമ്പനികള്‍ക്ക് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ അനുമതി. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കും അനുമതി നേടിയവരുടെ നിരയിലുണ്ട്. ഇന്ത്യ കാണാനൊരുങ്ങുന്ന ഇത് വരെ നടന്ന ഏറ്റവും വലിയ ഐപിഒ മഹാമഹമായിരിക്കും പേടിഎമ്മിന്റേത്. 1000 കോടിരൂപയുടെ ഓഹരികളാണ് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഐപിഓയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

🔳ടൊവിനൊ തോമസ് നായകനാകുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ട്രിപ്പിള്‍ റോളിലാകും ടൊവിനൊ ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമായിരിക്കും അജയന്റെ രണ്ടാം മോഷണം. 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലുടെ കടന്നു പോകുന്ന ചിത്രത്തില്‍ മണിയന്‍, കുഞ്ഞിക്കേളു, അജയന്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായിട്ടാണ് ടൊവിനൊ തോമസ് അഭിനയിക്കുക.

🔳രജനികാന്ത് ചിത്രം ‘അണ്ണാത്തെ’യുടെ ട്രെയ്‌ലര്‍ പുറത്ത്. രജനിയുടെ സഹോദരിയായാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് എത്തുന്നത്. നയന്‍താര, ഖുശ്ബു, മീന, പ്രകാശ് രാജ്, ജഗപതി ബാബു, സൂരി എന്നീ താരങ്ങളെല്ലാം ട്രെയ്‌ലറില്‍ എത്തുന്നുണ്ട്. ദീപാവലിയോട് അനുബന്ധിച്ച് നവംബര്‍ 4ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. എസ്.പി ബാലസുബ്രഹ്‌മണ്യമാണ് ചിത്രത്തിലെ ആദ്യ ഗാനം ആലപിച്ചത്. ഗാനം വന്‍ ഹിറ്റാകുകയും ചെയ്തിരുന്നു.

🔳ഇംഗ്ലണ്ടിലെ പ്രമുഖ വാണിജ്യ വാഹന നിര്‍മാതാക്കളായ ലണ്ടന്‍ ഇലക്ട്രിക് വെഹിക്കിള്‍ കമ്പനി ലിമിറ്റഡ് ഇന്ത്യയിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ട്. എക്‌സ്‌ക്ലൂസീവ് മോട്ടോര്‍സുമായി സഹകരിച്ചുകൊണ്ടാണ് എല്‍ഇവിസി ഇന്ത്യയില്‍ വാഹനങ്ങള്‍ പുറത്തിറക്കുന്നത്. എല്‍ഇവിസിയുടെ ടിഎക്‌സ് എന്ന മോഡലാവും ഇന്ത്യയില്‍ അവതരിപ്പിക്കുക. ദില്ലിയിലായിരിക്കും കമ്പനിയുടെആദ്യ ഷോറൂം. 1908ല്‍ ആണ് ആദ്യമായി എല്‍ഇവിസിയുടെ കാറുകള്‍ ലണ്ടന്‍ നിരത്തുകളില്‍ എത്തിയത്. നിലവില്‍ ചൈനീസ് വാഹന നിര്‍മാതാക്കളായ ഗീലിയുടെ ഉടമസ്ഥതയിലാണ് എല്‍ഇവിസി.

🔳പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങളൂടെ മഴയാണിത് ചിത്രത്തിലും സമകാലിക ജീവിതത്തിലും തമസ്‌കരിക്കുന്ന ചിലസത്യങ്ങളിലേക്കുള്ള യാത്രകള്‍ … ആ കഴ്ചകളോരോന്നും പുതിയ അറിവ് പകരുന്ന അനുഭവങ്ങളായി തീരുന്നു. ‘തൂവാനം’. ഡോ. എം.എസ് നൗഫല്‍. സൈകതം ബുക്സ്. വില 171 രൂപ.

🔳വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ഇക്കൂട്ടര്‍ ചെയ്യേണ്ടത്. കലോറിയും കാര്‍ബോഹൈഡ്രേറ്റും ധാരാളം അടങ്ങിയ ഭക്ഷണങ്ങളില്‍ ഒന്നാണ് ചോറ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കൂടുന്നത് ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമാകും. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ദിവസവും ഒരു നേരം മാത്രമേ ചോറ് കഴിക്കാന്‍ പാടുള്ളൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്. അരിക്ക് പകരമായി ഉപയോഗിക്കാവുന്ന മികച്ച ഭക്ഷണങ്ങളിലൊന്നാണ് ദാലിയ. ഗോതമ്പ് നുറുക്ക്, ബള്‍ഗര്‍ എന്നും ഇവയ്ക്ക് പേരുണ്ട്. 91 ഗ്രാം ദാലിയയില്‍ 76 ശതമാനമാണ് കലോറിയുടെ അളവ്. അരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 25 ശതമാനം കുറവാണ്. ക്വിനോസ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഖീര്‍, ഉപ്പുമാവ്, ചിക്കന്‍ബിരിയാണി എന്നിവ ഉണ്ടാക്കുന്നതിന് സാധാരണയായി ഉപയോഗിച്ചുവരുന്നതാണ് ക്വിനോസ. അരിയെക്കാള്‍ പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയിട്ടുള്ള ബാര്‍ലി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ബി, സിങ്ക്, സെലേനിയം, എയണ്‍, മഗ്നീഷ്യം തുടങ്ങിയവ ബാര്‍ലിയില്‍ അടങ്ങിയിട്ടുണ്ട്. കോളിഫ്‌ളവര്‍ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കീറ്റോ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് ചോറിന് പകരം ഈ പച്ചക്കറി ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. കലോറി കുറഞ്ഞ കോളിഫ്‌ളവര്‍ ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ സഹായിക്കും. വിറ്റാമിന്‍ കെ, സി, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയവയും ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അരിയുടെ പകരക്കാരനായി ഉപയോഗിക്കാവുന്ന ഒരു ധാന്യമാണ് മുളയരി. വിറ്റാമിന്‍ ബിയും പ്രോട്ടീനും മുളയരിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *