Monday, January 6, 2025
Kerala

ജുനൈദ് കൈപ്പാണി കേരളാ സാംസ്‌കാരിക പരിഷത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറി

തിരുവനന്തപുരംഃ കേരളാ സാംസ്കാരിക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയായി ജുനൈദ് കൈപ്പാണിയെ തിരഞ്ഞെടുത്തു. വയനാട്ടിൽ നിന്നുള്ള പരിഷത്തിന്റെ ഏക സംസ്ഥാന ഭാരവാഹികൂടിയാണ് ജുനൈദ് . നിലവിൽ ജനതാദൾ എസ് വയനാട് ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന നിർവാഹക സമിതിയംഗവുമാണ്. മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലായ വൈഡ് ലൈവ് ന്യൂസിന്റെ മാനേജിങ് എഡിറ്ററും ജേർണലിസ്റ്റ് കൗൺസിൽ ഓഫ് ഇന്ത്യ മെമ്പറുമാണ്. എഴുത്തും പ്രസംഗവും വായനയും സംഘാടനവും ഒരേ സമയം ഒത്തിണങ്ങി വന്ന വ്യക്തിത്വമാണ്. കേരളാ സാംസ്കാരിക പരിഷത്ത് സംസ്‌ഥാന ഭാരവാഹികളിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാണ് മുപ്പത്തി മൂന്ന് കാരനായ ജുനൈദ് കൈപ്പാണി. സാമൂഹ്യ-സാംസ്ക്കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന സജീവ സാന്നിധ്യവുമാണ് വയനാട്ടിൽ നിന്നുളള ഈ യുവ മുഖം. ഹൈസ്കൂൾ കാലഘട്ടത്തിൽ എസ്.എഫ്.ഐ ലൂടെയാണ് ജുനൈദിന്റെ രാഷ്ട്രീയ പ്രവേശം തുടങ്ങുന്നത്. എസ്.എഫ്.ഐ.വെള്ളമുണ്ട യൂണിറ്റ് പ്രസിഡന്റ്,പനമരം ഏരിയ പ്രസിഡന്റ് , ഏരിയ സെക്രട്ടറി, വയനാട് ജില്ലാ കമ്മിറ്റിയംഗം എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ആ കാലയളവിൽ വയനാട്ടിൽ നടന്ന സ്കൂളുകളിലെ കമ്പ്യൂട്ടർ പഠന ഫീസ് സമരം ,വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജ് ജില്ലയിൽ തന്നെ നിലനിർത്തണമെന്നാവശ്യപെട്ട് നടന്ന സമരം, ബസ് കൺസെൻഷനുമായി ബന്ധപ്പെട്ട സമരം തുടങ്ങി നിർണായകമായ നിരവധി വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ മുൻ നിരയിൽ നിന്ന്കൊണ്ട് പങ്കാളിയായിട്ടുണ്ട്. 2004 ൽ രജനി എസ് ആനന്ദ് എന്ന നിർദ്ധന വിദ്യാർത്ഥിനിയുടെ ആത്മഹത്യയിലേക്ക് നയിച്ച സ്വാശ്രയ വിദ്യാഭ്യാസ കച്ചവടത്തിനെതിരെയും ജാതിവെറിക്കെതിരെയും കേരളത്തിൽ വ്യാപകമായി നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ഭാഗമായി വയനാട്ടിൽ നടന്ന സമരങ്ങളിൽ ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്നിട്ടും നേതൃത്വപരമായ പങ്ക് വഹിച്ചു ശ്രദ്ധേയമാകാൻ ജുനൈദ് കൈപ്പാണിക്ക് സാധിച്ചിട്ടുണ്ട്. കോളേജ് കാലഘട്ടത്തിലാണ് വിദ്യാർത്ഥി ജനതയിൽ ആകൃഷ്ടനാവുന്നത്‌. ഇന്ത്യൻ രാഷ്ട്രീയത്തിലെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളെകുറിച്ചുളള വായനകൾ ജുനൈദിനെ ജനതാ രാഷ്ട്രീയത്തിലെത്തിച്ചു. സോഷ്യലിസ്റ്റ് സ്റ്റുഡന്റസ് ഓർഗനൈസേഷന്റെ മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, 2007 ഫെബ്രുവരിയിൽ ചങ്ങനാശ്ശേരി വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തോടെ സംസ്ഥാന കമ്മിറ്റിയംഗം, വിദ്യാർത്ഥി ജനതാദൾ ജില്ലാ പ്രസിഡന്റ് ,സംസ്ഥാന പ്രസിഡന്റ് ,ദേശീയ സെക്രട്ടറി , യുവജനതാദൾ എസ് ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി ,ദേശീയ സമിതിയംഗം എന്നി ചുമതലകൾ നിർവഹിച്ചു. കർണാടകയിൽ വീരേന്ദ്ര പാട്ടീൽ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ക്യാമ്പസ് വിദ്യാർത്ഥി രാഷ്ട്രീയവും സ്റ്റുഡന്റ് യൂണിയൻ ഇലക്ഷനും നിരോധിച്ചിരുന്നു. രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ട ആ നിരോധനം മറികടക്കാൻ ഓർഡിനൻസ് ഇറക്കി ക്യാമ്പസ് രാഷ്ട്രീയം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വിദ്യാർത്ഥി ജനതാദൾ കർണാടക ഘടകം 2008 ജുലൈയിൽ ബാംഗ്ലൂർ റേസ് കോഴ്സ്‌ ജംഗ്ഷനിൽ നടത്തിയ ” Re-introduce student politics ” എന്ന മുദ്രാവാക്യം കൊണ്ട് ശ്രദ്ധേയമായ ദ്ദ്വദിന ഉപവാസ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. കർണാടക ജനതാദൾ രാഷ്ട്രീയത്തിലെ പ്രമുഖരുമായി അടുത്ത സൗഹൃദ വലയമുണ്ടാകാൻ കുറഞ്ഞ കാലയളവിൽ വിദ്യാർത്ഥി ജനതാദൾ ദേശീയ സെക്രട്ടറിയായി പ്രവർത്തിച്ചത് ജുനൈദിന് സഹായകമായി. 2011ൽ വിദ്യാർത്ഥി ജനതാദളിന്റെ കേരളാ യൂണിവേഴ്സിറ്റി യൂണിയൻ പാർലിമെന്ററി പാർട്ടി ലീഡറായും തുടർന്ന് യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റി യൂണിയന്റെ ചരിത്രത്തിലെ ആദ്യത്തെ വയനാട്ടുകാരനായ വൈസ് ചെയർമാൻ എന്ന പ്രത്യേകതയുമുണ്ട്. അന്ന് ജനതാദൾ എസ് ദേശീയ പ്രസിഡന്റും മുൻ പ്രധാനമന്ത്രിയുമായ ദേവഗൗഡയുടെ പ്രത്യേക അഭിനന്ദനത്തിനു അർഹനായിട്ടുണ്ട്. കോമേഴ്‌സിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും ഉള്ള ജുനൈദ് മനഃശാസ്ത്രത്തിൽ പി.ജി.യും കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി ശ്രദ്ധേയമായ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. യുവജനസേവാദൾ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടത്തിനു ശേഷം ഉത്തരേന്ത്യയിലെ വിവിധയിടങ്ങളിൽ യാത്ര ചെയ്യേണ്ടിവന്നപ്പോഴുള്ള അനുഭവങ്ങളുടെ സോഷ്യൽ മീഡിയ കുറിപ്പുകളിലൂടെ ജുനൈദിന്റെ എഴുത്തിന്റെ സവിശേഷതകൾ മനസ്സിലാക്കാവുന്നതാണ്. ഹൃദ്യവും ലളിതവുമായ അദ്ദേഹത്തിന്റെ എഴുത്തിലെ ശൈലി വേറിട്ട് നില്കുന്നു. മികച്ച പൊതുപ്രവർത്തകനുള്ള ധർമികം മാസിക അവാർഡും ശ്രീനാരായണ ഗുരു സംസ്‌കാരിക പരിഷത്ത് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മാതൃഭൂമി സ്റ്റഡി സർക്കിൾ ജില്ലാ പ്രസിഡന്റ്,മൗലാനാ ആസാദ് കൾച്ചറൽ ഫോറം സ്റ്റുഡന്റ്സ്‌ വിങ്ങ് സംസ്ഥാന കൺവീനർ,കേരള മദ്യ വർജ്ജന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്(നിലവിൽ സംസ്ഥാന വർക്കിങ് പ്രസിഡന്റാണ്‌) ,ബസ് പാസഞ്ചേഴ്‌സ് കൗൺസിൽ ജില്ലാ സെക്രട്ടറി, സോഷ്യലിസ്റ്റ് സ്റ്റഡി സെന്റർ-കോ ഓർഡിനേറ്റർ എന്നി ചുമതലകളും വഹിച്ചിട്ടുണ്ട്. 2012-2014 കാലയളവിൽ വയനാട് ജില്ലാ ഹോസ്പിറ്റൽ മാനേജ്‌മന്റ് കമ്മിറ്റി മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ലെറ്റസ്‌ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും അഗ്രിലാഡ്‌ ,പ്രോഗ്രസ്സ് തുടങ്ങിയവയുടെ ഡയറക്ടറുമാണ്. 2010 ൽ നടന്ന ത്രിതല പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ ജനതാദൾ എസ് ടിക്കറ്റിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വയനാട്ടിലെ വെള്ളമുണ്ട പഞ്ചായത്ത്‌ ആസ്ഥാന വാർഡിൽ നിന്നും മത്സരിച്ചെങ്കിലും വാശിയേറിയ പോരാട്ടത്തിനൊടുവിൽ നാമമാത്ര വോട്ടിന് പരാജയപെട്ടു. അന്ന് മത്സരിച്ച വരിൽ വയനാട് ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥികളിൽ ഒരാളായിരുന്നു 21 കാരനായിരുന്ന ജുനൈദ്. മുസ്‌ലിം ലീഗിന്റെ സ്ഥാനാർത്ഥികൾ മൃഗീയ ഭൂരിപക്ഷത്തിൽ വർഷങ്ങളായി ജയിച്ചു വരുന്ന പരമ്പരാഗത ലീഗ് കോട്ടയിൽ ശ്രദ്ധേയമായ അങ്കം നടത്തിയ ജുനൈദിന്റെ വ്യക്തി പ്രഭാവം അനിഷേധ്യമായിരുന്നു. അത് തെളിയിക്കുന്നതായിരുന്നു അന്ന് ജില്ലയിലെ മുഴുവൻ ശ്രദ്ധകേന്ദ്രമായിരുന്ന വെള്ളമുണ്ട വാർഡിലെ മുന്നണികൾ തമ്മിലുള്ള ആവേശകരമായ പോരാട്ടം. വളരെ ചുരുങ്ങിയ കാലം പ്രവാസിയാകാനുള്ള നിയോഗവും ജുനൈദിന് വന്നിട്ടുണ്ട്. അന്നും തന്റെ സംഘടനാ പ്രവർത്തനത്തിന് ഇടവേള വരാതെ സൂക്ഷിച്ചു. ഖത്തറിലെ സോഷ്യലിസ്റ്റ് അനുഭാവികളെ സംഘടിപ്പിച്ചുകൊണ്ടു പ്രവാസി ജനതാ കൾച്ചറൽ ഫോറം (പി.ജെ.സി.എഫ് ) ശക്തിപെടുത്തുകയുണ്ടായി. പി.ജെ.സി.എഫി ന്റെ ഖത്തർ ചാപ്റ്റർ പ്രസിഡന്റായി ആറുമാസകാലം പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തന കാലഘട്ടത്തിൽ എസ്.എഫ്.ഐ യിൽ നിന്നും ചില പ്രത്യേക കാരണങ്ങളാൽ വിദ്യാർത്ഥി ജനതാദളിലേക്ക് മാറേണ്ടിവന്നു എന്ന കേവലമൊരു സംഘടനാ മാറ്റമല്ലാതെ ഇക്കാലമത്രയും ഇടത്പക്ഷ ചേരിയിൽ നിന്നോ ബോധ്യത്തിൽ നിന്നോ ഒരു വ്യതിചലനത്തിന് ജുനൈദ് കൈപ്പാണി ശ്രമിച്ചിട്ടില്ല. 2009 ൽ പാർലിമെന്റ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് എം.പി.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ ജനതാദൾ എസ് പിളർന്ന് ഒരു വലിയ വിഭാഗം യു.ഡി.എഫി ലേക്ക് മുന്നണി മാറി പോയപ്പോഴും ഇടതുപക്ഷ മുന്നണിയിൽ തന്നെ ഉറച്ച് നിന്ന് തന്റെ ഇടത് ബോധ്യത്തെ ഉയർത്തി പിടിക്കുകയായിരുന്നു. അന്നത്തെ പിളർപ്പിൽ ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റിയിലെ ആറ് ആളുകൾ ഒഴികെ ബാക്കി മുഴുവനും യു.ഡി.എഫി.ലേക്ക് കളംമാറി പോയപ്പോൾ വയനാട്ടിലെ ഇടത് മുന്നണിയിലെ ജനതാദൾ എസിനെ പുനരുജ്ജീവിപ്പിച്ച്‌ ശക്തിപ്പെടുത്താൻ പരേതനായ സോഷ്യലിസ്റ്റ് ഇ.കെ.മാധവൻ നായരോടൊപ്പം ജില്ലയിലുണ്ടായിരുന്ന ആറു പേരിൽ ഒരാളായി നിലകൊള്ളാൻ ജുനൈദിന് സാധിച്ചുവെന്നത് അദ്ദേഹത്തിന്റെ തെളിമയാർന്ന ഇടത് നിലപാടിന്റെ ഉദാഹരണമാണ്. വയനാട് ജില്ലയിലെ വെള്ളമുണ്ടയിൽ ജനനം.പിതാവ് മമ്മൂട്ടി കൈപ്പാണി. മാതാവ് സുബൈദ.ഭാര്യ ജസ്‌ന ജുനൈദ്(അധ്യാപിക). മകൻ ആദിൽ ജിഹാൻ.മകൾ ജെസ ഫാത്തിമ. വെള്ളമുണ്ട എ.യു.പി.എസ്, വെള്ളമുണ്ട ജി.എം.എച്ച്‌.എസ് ,കല്ലോടി സെന്റ് ജോസഫ് ഹയർ സെക്കണ്ടറി എന്നിവിടങ്ങളിൽ സ്കൂൾ പഠനം. കാലിക്കറ്റ് യൂണിവേഴ്സിറ്റി,കേരള സർവകലാശാല,അണ്ണാമലൈ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ഉപരിപഠനം.

Leave a Reply

Your email address will not be published. Required fields are marked *