Friday, April 25, 2025
Kerala

‘സാഹോദര്യത്തിന്റെ ഓണം’ ഓണക്കോടി നൽകി ശ്രീദുർഗാ ഭഗവതി ക്ഷേത്രം തന്ത്രി; ഈത്തപ്പഴം നൽകി സാദിഖലി തങ്ങൾ

മുസ്‌ലിംലീഗ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് ഓണക്കോടിയും ഓണാശംസകളുമായി ക്ഷേത്രംതന്ത്രിയുടെ പ്രതിനിധി സംഘം. മുതുവല്ലൂർ ശ്രീദുർഗാ ഭഗവതീക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിയുടെ പ്രതിനിധികളാണ് ഉത്രാടം നാളിൽ പാണക്കാട്ടെത്തിയത്.സാദിഖലി തങ്ങൾക്ക് ഓണക്കോടിയും പാലടപ്രഥമനും ശർക്കരവരട്ടിയും ഉണ്ണിയപ്പവും സംഘം കൈമാറി. സാദിഖലി ശിഹാബ് തങ്ങൾ തന്നെയാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും വലിയ സന്ദേശമാണ് ഓണമായി നാം ഒരുമിച്ച് ആഘോഷിക്കുന്നതെന്ന് തന്ത്രിയുടെ ഓണസന്ദേശത്തിൽ പറഞ്ഞു. ഈത്തപ്പഴം നൽകി സാദിഖലി തങ്ങൾ സംഘത്തെ സ്വീകരിച്ചു. മുതുവല്ലൂർ ദുർഗാഭഗവതി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളോടനുബന്ധിച്ചുള്ള ചടങ്ങിൽ സാദിഖലി തങ്ങൾ നേരത്തെ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.ഒരുമയുടെയും സൗഹൃദത്തിന്റെയും ഓണാഘോഷം ഇക്കാലത്ത് ഏറെ പ്രസക്തമാണെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. വിഭജിക്കൽ പ്രോത്സാഹിപ്പിക്കുന്ന കാലത്ത് ഒരുമയുടെയും ഐക്യത്തിന്റെയും സന്ദേശമാണ് പകരേണ്ടതെന്നു പറഞ്ഞ അദ്ദേഹം എല്ലാവർക്കും ഓണാശംസ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *