ലീഗിന് സംസ്ഥാനത്ത് 24.33 ലക്ഷം അംഗങ്ങൾ; ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റികളെയും പരിഗണിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ
സംസ്ഥാന മുസ്‌ലിം ലീഗിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ പൂർത്തിയായി. ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റികളെയും ലീഗ് അംഗങ്ങളായി പരിഗണിക്കും. അത്തരം മാറ്റിനിർത്തൽ ലീഗിന് ഇല്ലെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്‌ലിം ലീഗ് കോർഡിനേഷൻ യോഗത്തിൽ നിന്നും മുജാഹിദ് വിഭാഗം പിന്മാറിയ സംഭവത്തിൽ നേതാക്കളുമായി സംസാരിച്ച് പ്രശനം പരിഹരിച്ചെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പാർട്ടിക്ക് സംസ്ഥാനത്ത് ആകെ 24,33,295 അംഗങ്ങളാണുള്ളത്. ഇതിന് മുമ്പ് ക്യാമ്പയിൻ നടന്ന 2016ൽ 22 ലക്ഷം അംഗങ്ങളാണ് ഉണ്ടായിരുന്നത്. 2,33,295 അംഗങ്ങളുടെ വർധന. നിലവിൽ അംഗത്വമെടുത്തവരിൽ അമ്പത്തിയൊന്ന് ശതമാനവും സ്ത്രീകളാണ്. പുരുഷ അംഗങ്ങൾ 49 ശതമാനം. ആകെ അംഗങ്ങളിൽ 61 ശതമാനവും 35 വയസിൽ താഴെയുള്ളരാണെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
നവംബർ ഒന്നിനാണ് ലീഗ് അംഗത്വ ക്യാംപയിൻ ആരംഭിച്ചത്. പാർട്ടി അംഗത്വ കാമ്പയിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വാർഡ്/ യൂണിറ്റ് തലങ്ങളിലെ പ്രവർത്തകർ വീടുകൾ കയറിയിറങ്ങി അംഗങ്ങളുടെ കയ്യൊപ്പോടുകൂടിയാണ് അംഗത്വം പുതുക്കുകയും പുതിയ അംഗങ്ങളെ ചേർക്കുകയും ചെയ്തത്. പ്രത്യേകം സജ്ജമാക്കിയ ആപ്ലിക്കേഷനിൽ ഡിസംബർ പതിനഞ്ചോടെ അംഗങ്ങളുടെ പൂർണ്ണ വിവരങ്ങൾ അതാത് കമ്മിറ്റികളുടെ കോർഡിനേറ്റർമാർ അപ്ഡേറ്റ് ചെയ്യുകയും ഫീസടയ്ക്കുകയും ചെയ്തു.