സ്‌കൂളുകളില്‍ മതവസ്ത്രങ്ങള്‍ ധരിക്കരുത്: വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ഡല്‍ഹി കോര്‍പ്പറേഷന്‍
ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ മത വസ്ത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. സ്‌കൂളുകളില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ യൂണിഫോം മാത്രമേ ധരിക്കാവൂ എന്നും കര്‍ശന നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യൂണിഫോം ധരിച്ച് മാത്രമേ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ എത്താന്‍ പാടുള്ളൂവെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചത്. വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്റേതാണ് ഉത്തരവ്.
‘കുറച്ചു നാളുകളായി രക്ഷിതാക്കള്‍ കുട്ടികളെ മതവസ്ത്രത്തില്‍ സ്‌കൂളുകളിലേക്ക് അയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ശരിയല്ല. മതത്തെ സൂചിപ്പിക്കുന്ന വസ്ത്രമോ മറ്റ് സാധനങ്ങളോ ധരിക്കുന്നത് വിദ്യാര്‍ത്ഥികളില്‍ മാനസികമായ അസമത്വം ഉണ്ടാക്കും. ഇത് കുട്ടികളുടെ ഭാവിയെ ബാധിക്കും’, ഡല്‍ഹി കോര്‍പ്പറേഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
‘വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും യൂണിഫോം ധരിച്ച് മാത്രമേ ക്ലാസിലേക്ക് പ്രവേശിക്കാവൂ. യൂണിഫോം എല്ലാവരിലും സമത്വബോധം ഉണ്ടാക്കും. തന്റെ കൂടെയുള്ള കുട്ടികള്‍ സമ്പന്നരാണോ, അല്ലാത്തവരാണോ, മതം ഏതാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊന്നും കുട്ടികള്‍ ബോധവാന്മാരാകില്ല. എല്ലാ കുട്ടികളും യൂണിഫോം ധരിച്ചാണ് എത്തുന്നതെന്ന് പ്രധാന അദ്ധ്യാപകര്‍ ഉറപ്പാക്കണം’ ഉത്തരവില്‍ വ്യക്തമാക്കുന്നു.