ആശ്വാസം! പെൺമക്കളുടെ വിവാഹത്തിന് വായ്പ ധനസഹായം ഉയർത്തി സർക്കാർ, 3 ലക്ഷം രൂപ ക്ലാസ് ഫോർ ജീവനക്കാർക്ക് ലഭിക്കും
തിരുവനന്തപുരം: ക്ലാസ് ഫോർ ജീവനക്കാരുടെയും പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ പെൺമക്കളുടെ വിവാഹ വായ്പ ധനസഹായം സംസ്ഥാന സർക്കാർ ഉയർത്തി. സംസ്ഥാനത്തെ ക്ലാസ് ഫോർ ജീവനക്കാരുടെ പെൺമക്കളുടെ വിവാഹത്തിന് നൽകുന്ന വായ്പ ധനസഹായം നിലവിലുള്ള ഒന്നരലക്ഷം രൂപയിൽ നിന്ന് മൂന്നുലക്ഷം രൂപയായാണ് ഉയർത്തിയത്. പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ പെൺമക്കൾക്കുള്ള വിവാഹ വായ്പ ധനസഹായമാകട്ടെ നിലവിലുള്ള ഒരു ലക്ഷം രൂപയിൽ നിന്ന് ഒന്നര ലക്ഷം രൂപയായാണ് ഉയർത്തിയത്. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ക്ലാസ് ഫോർ ജീവനക്കാരുടെയും പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ പെൺമക്കളുടെ വിവാഹ വായ്പ ധനസഹായം ഉയർത്തുന്ന വിവരം അറിയിച്ചത്.
അതേസമയം മറ്റൊരു അറിയിപ്പിലൂടെ കാഷ്യു ബോർഡിന്റെ ഒരു വർഷത്തെ പ്രവർത്തനത്തിനായി 43.55 കോടി രൂപ അനുവദിച്ച കാര്യവും ധനമന്ത്രി വ്യക്തമാക്കി. കശുവണ്ടി ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ നിന്ന് ഗുണമേന്മയുള്ള തോട്ടണ്ടി പരമാവധി വിലകുറച്ച് വാങ്ങി വ്യവസായ സ്ഥാപനങ്ങൾക്ക് ന്യായവിലയ്ക്ക് നൽകുവാൻ വേണ്ടി സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ് കാഷ്യു ബോർഡ്. കാപ്പെക്സും കാഷ്യു കോർപ്പറേഷനും കാഷ്യു ബോർഡ് വഴി ഏറ്റവും നല്ല കശുവണ്ടി ശേഖരിച്ചാണ് ഇപ്പോൾ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും കെ എൻ ബാലഗോപാൽ വിവരിച്ചു. മിതമായ കൈകാര്യച്ചെലവ് മാത്രം എടുത്തുകൊണ്ട് മറ്റു വ്യവസായ സ്ഥാപനങ്ങൾക്കും ബോർഡ് കശുവണ്ടി ലഭ്യമാക്കുന്നുണ്ട്. കശുവണ്ടി വിതരണം ചെയ്യുന്നതിലൂടെ ലഭിക്കുന്ന തുക കാഷ്യു ബോർഡിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുന്നതെന്നും ധനമന്ത്രി വിശദീകരിച്ചു. കാഷ്യു ബോർഡിന് അനുവദിച്ച 43.55 കോടി രൂപ കശുവണ്ടി വ്യവസായ മേഖലയ്ക്ക് മികച്ച ഉണർവ് നൽകും. തൊഴിലാളികൾക്ക് പരമാവധി തൊഴിൽ നൽകാൻ ഇതിലൂടെ കഴിയുമെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി.