ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം; പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് കെ.സുധാകരന്‍
ആലുവയില്‍ അഞ്ച് വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പ്രതിയെ കസ്റ്റഡിയില്‍ കിട്ടിയ ശേഷം പൊലീസ് അന്വേഷണത്തില്‍ ഗൗരവം ഉള്‍ക്കൊണ്ടില്ലെന്നാണ് വിമര്‍ശനം. പൊലീസിന് സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും ഉത്തരവാദിത്തത്തില്‍ നിന്ന് മാറിനില്‍ക്കാനാകില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
ആലുവയില്‍ അഞ്ച് വയസുകാരിയെ കണ്ടെത്താന്‍ ആദ്യ ഘട്ടത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് തീവ്രശ്രമമുണ്ടായില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ മകളേ മാപ്പ് എന്ന ഫേസ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ് രംഗത്തെത്തിയിരുന്നു. ഇതോടെ വീണ്ടും വ്യാപക വിമര്‍ശനമുയര്‍ന്നു.
പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നായിരുന്നു ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബിന്റെ പ്രതികരണം. ആദ്യ അന്വേഷണത്തില്‍ തന്നെ പ്രതിയെ പിടികൂടി. പിന്നെ കുട്ടിയെ കണ്ടെത്താനുള്ള ശ്രമവും നടത്തി. ഒരു വീഴ്ചയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. വേണ്ട നടപടികളെല്ലാം പൊലീസ് സ്വീകരിക്കുന്നുണ്ട്. മറ്റ് കാര്യങ്ങളിലേക്ക് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം കടക്കും. പൊലീസ് വളരെ പെട്ടന്നാണ് പ്രതിയെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതെന്നും ഡിജിപി ഷേഖ് സര്‍വേഷ് സാഹിബ് പറഞ്ഞു.
കുട്ടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വകാര്യ ഭാഗങ്ങളില്‍ അടക്കം ഗുരുതരമായ മുറിവുകളുണ്ട്. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ കഴുത്ത് ഞരിച്ച് കൊലപെടുത്തിയെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ ഉള്‍പ്പെടെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.