പിഎസ്എൽവി സി 56 വിക്ഷേപിച്ചു; കുതിച്ചുയർന്നത് ഏഴ് ഉപഗ്രഹങ്ങളുമായി
ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ വാണിജ്യ ദൗത്യത്തിന്റെ ഭാഗമായി പിഎസ്എൽവി സി56 വിക്ഷേപിച്ചു. രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് വഴിയുള്ള വാണിജ്യ വിക്ഷേപണമാണ് ഇത്. സിംഗപ്പൂരിന്‍റെ ഏഴ് ഉപഗ്രഹങ്ങളെയാണ് പിഎസ്എൽവിയുടെ അമ്പത്തിയെട്ടാം ദൗത്യത്തിൽ ബഹിരാകാശത്തേക്ക് അയക്കുന്നത്.
360 കിലോഗ്രാം ഭാരമുള്ള ഡിഎസ്–എസ്എആർ ഉപഗ്രഹത്തെ 535 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണു ലക്ഷ്യം. ഉപഗ്രഹത്തിൽനിന്നുള്ള വിവരങ്ങൾ സിംഗപ്പൂർ സർക്കാരിന്റെ വിവിധ ഏജൻസികൾ തന്ത്രപ്രധാന ആവശ്യങ്ങൾക്കുൾപ്പെടെ ഉപയോഗപ്പെടുത്തും.
23 കിലോഗ്രാം ഭാരമുള്ള ടെക്‌നോളജി ഡമോൺസ്‌ട്രേഷൻ മൈക്രോസാറ്റലൈറ്റായ വെലോക്സ് എഎം, പരീക്ഷണാത്മക ഉപഗ്രഹമായ അറ്റ്‌മോസ്ഫറിക് കപ്ലിങ് ആൻഡ് ഡൈനാമിക്‌സ് എക്‌സ്‌പ്ലോറർ (ആർക്കേഡ്), സ്കൂബ് 2, ന്യൂലിയോൺ, ഗലാസിയ 2, ഓർബ് 12 എന്നീ 6 ഉപഗ്രഹങ്ങളും പിഎസ്എൽവിയിൽ വിക്ഷേപിച്ചു. ഏപ്രിൽ 19ന് പിഎസ്എൽവിയിൽ സിംഗപ്പൂരിന്റെ ടെലിയോസ്-2, ലുമെലൈറ്റ്-4 എന്നീ 2 ഉപഗ്രഹങ്ങൾ ഇസ്റോ വിക്ഷേപിച്ചിരുന്നു.