Wednesday, April 16, 2025
Kerala

വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്.എൻ ട്രസ്റ്റ് കേസിൽ പ്രതിയായവർ ട്രസ്റ്റ് ഭാരവാഹിത്വം വഹിക്കരുതെന്ന ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല

എസ്.എൻ ട്രസ്റ്റ് കേസിൽ പ്രതിയായവർ ട്രസ്റ്റ് ഭാരവാഹിത്വം വഹിക്കരുതെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന വെള്ളാപ്പള്ളി നടേശന്റെ ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു. ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വെള്ളാപ്പള്ളി നടേശന്റെ സ്റ്റേ ആവശ്യം തള്ളിയത്.

ട്രസ്റ്റ് കേസിൽ പ്രതിയായവർ സ്ഥാനത്ത് തുടരരുതെന്നായിരുന്നു ഹൈക്കോടതിയുടെ നിർദ്ദേശം. വെള്ളാപ്പള്ളിയുടെ ആവശ്യം ഇപ്പോഴത്തെ സാഹചര്യത്തിൽ പരി​ഗണിക്കാനാകില്ലെന്നാണ് കോടതി ഇന്ന് വ്യക്തമാക്കിയത്. ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി കേസിലെ എതിര്‍ കക്ഷിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

എസ്.എൻ ട്രസ്റ്റിനും വെള്ളാപ്പള്ളി നടേശനും വേണ്ടി സീനിയര്‍ അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയും ഏബ്രഹാമുമാണ് കോടതിയിൽ ഹാജരായത്. വാദിച്ചു. കേസിലെ എതിര്‍ കക്ഷിയും മുന്‍ ട്രസ്റ്റ് അംഗവുമായ ചെറുന്നിയൂര്‍ ജയപ്രകാശിന്റെ അഭിഭാഷകന്‍ ജി. പ്രകാശ് സ്റ്റേ ആവശ്യത്തെ ശക്തമായി എതിർക്കുകയായിരുന്നു.

സ്വത്ത് കേസിലും വഞ്ചനാ കേസിലും ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വം വഹിക്കരുതെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എസ്.എന്‍ ട്രസ്റ്റ് ബൈലോയില്‍ ഭേദഗതി വരുത്തിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിർണായക ഉത്തരവ് വന്നത്. ഇത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശനും എസ്.എൻ ട്രസ്റ്റും സുപ്രീം കോടതിൽ സമർപ്പിച്ച അപേക്ഷയാണ് തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *