എസ് എൻ ഡി പി യോഗത്തിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി; വെള്ളാപ്പള്ളിക്ക് തിരിച്ചടി
എസ്എൻഡിപി യോഗത്തിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. ഇതോടെ 200 അംഗങ്ങൾക്ക് ഒരു വോട്ട് എന്നുള്ള വ്യവസ്ഥയാണ് ഇല്ലാതായത്. ഇനി എല്ലാ അംഗങ്ങൾക്കും വോട്ട് രേഖപ്പെടുത്താനാവും. എസ്എൻഡിപി ഭരണസമിതിയുടെ കാലാവധി അഞ്ച് വർഷമാക്കിയ നടപടിയും ഹൈക്കോടതി റദ്ദാക്കി. ഭരണ സമിതിയുടെ കാലാവധി മൂന്ന് വർഷമായി ചുരുങ്ങി. കമ്പനി നിയമം അനുസരിച്ച് കേന്ദ്രം നൽകിയ പ്രത്യേക ഇളവിനൊപ്പം 1999 ലെ ബൈലോ ഭേദഗതിയും ഹൈക്കോടതി റദ്ദാക്കി.
യോഗം തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നിർണായക വിധി. വെള്ളാപ്പള്ള നടേശനും സംഘത്തിനും കനത്ത തിരിച്ചടിയാണ് വിധി നൽകുന്നത്. പതിനായിരത്തോളം അംഗങ്ങളാണ് എസ് എൻ ഡി പിയിലുള്ളത്. 200 അംഗങ്ങളുള്ള ഒരു യൂണിറ്റിന് ഒരു വോട്ട് എന്നതാണ് രീതി.
25 കൊല്ലമായി താൻ തെരഞ്ഞെടുക്കപ്പെടുന്നത് പ്രാതിനിധ്യ തെരഞ്ഞെടുപ്പ് പ്രകാരമാണെന്നും വിധിയെ കുറിച്ച് കൂടുതൽ പഠിച്ച ശേഷം പ്രതികരിക്കാമെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.