ഹരിത ട്രൈബ്യൂണൽ വിധി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ; ക്വാറി ഉടമകൾക്ക് തിരിച്ചടി
ഹരിത ട്രൈബ്യൂണലിന്റെ ദൂരപരിധി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 200 മീറ്റർ അകലെ മാത്രമേ ക്വാറികൾ പ്രവർത്തിക്കാവൂ എന്നായിരുന്നു ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ഇത് പിന്നീട് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഇതാണ് സുപ്രീം കോടതി സ്‌റ്റേ ചെയ്തത്
ഹൈക്കോടതി നടപടിയുടെ ബലത്തിൽ പ്രവർത്തനം തുടങ്ങിയ ക്വാറികളെ സുപ്രീം കോടതി നടപടി കാര്യമായി ബാധിക്കും. സ്‌ഫോടനം നടത്തിയുള്ള ക്വാറികൾക്ക് 200 മീറ്ററും സ്‌ഫോടനമില്ലാതെയുള്ള ഖനനത്തിന് 100 മീറ്റർ അകലവും ഉറപ്പാക്കണമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ഇതിനെതിരെ ക്വാറി ഉടമകളാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതിയിൽ ക്വാറി ഉടമകളെ അനുകൂലിക്കുന്ന നിലപാടായിരുന്നു സർക്കാർ സ്വീകരിച്ചിരുന്നത്. തുടർന്നാണ് ട്രൈബ്യൂണൽ വിധി ഹൈക്കോടതി റദ്ദാക്കിയത്.