കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരണമടഞ്ഞ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ വീതം പിഎംജികെപി ഇന്‍ഷുറന്‍സ് ക്ലെയിം അനുവദിച്ചു
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ മരണമടഞ്ഞ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ വീതം പിഎംജികെപി ഇന്‍ഷുറന്‍സ് ക്ലെയിം അനുവദിച്ചു. എറണാകുളം ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ അനസ്തീഷ്യോളജിസ്റ്റ് ഡോ. ടി വി ജോയ്, കോട്ടയം മെഡിക്കല്‍ കോളജിലെ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ ജി സോമരാജന്‍ എന്നിവരുടെ കുടുംബത്തിനാണ് ഇന്‍ഷുറന്‍സ് അനുവദിച്ചത്.
രണ്ടു പേരും കോവിഡ് ബാധിച്ചാണ് മരണമടഞ്ഞത്. ഡോ. ടി വി ജോയ് 30 വര്‍ഷമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയെ എംപാനല്‍ ചെയ്തതു മുതല്‍ ക്രിട്ടിക്കല്‍ കെയര്‍ ടീമില്‍ പ്രധാന പങ്ക് വഹിച്ചു. 22 വര്‍ഷം ആരോഗ്യ മേഖലയില്‍ സേവനമനുഷ്ഠിച്ചയാളാണ് ജി സോമരാജന്‍. കോവിഡ് രോഗികളുടെ പരിചരണത്തിന്റെ ഭാഗമായുള്ള രക്ത പരിശോധന പോലെ അതീവ റിസ്‌കുള്ള മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ ഡെയ്‌സമ്മ കോട്ടയം മെഡിക്കല്‍ കോളജിലെ ഹെഡ് നഴ്‌സാണ്. ഡെയ്‌സമ്മ ഇപ്പോഴും കോവിഡ് ഡ്യൂട്ടിയിലാണ്.
ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം ഉദ്യോഗസ്ഥര്‍, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ഡോ. കൃഷ്ണ പ്രസാദ്, അസി. മാനേജര്‍ ആനന്ദ് സഖറിയ എന്നിവരുടെ പരിശ്രമമാണ് കേന്ദ്ര സര്‍ക്കാരിന്റെ പിഎംജികെപി ഇന്‍ഷുറന്‍സ് ക്ലെയിം നടപടികള്‍ വൈകാതെ നേടിക്കൊടുക്കാന്‍ സഹായകരമായത്.