Monday, April 14, 2025
Kerala

സംസ്ഥാനത്ത് ആദ്യദിനം കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 8,062 ആരോഗ്യ പ്രവര്‍ത്തകര്‍; രണ്ടാംഘട്ടത്തിന് സജ്ജമെന്ന് മന്ത്രി

: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിന്റെ ആരംഭിച്ചു. ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ്19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലുമായി 11,138 പേര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (857) വാക്‌സിന്‍ സ്വീകരിച്ചത്.

എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളില്‍ വീതവും ബാക്കി ജില്ലകളില്‍ ഒന്‍പത് കേന്ദ്രങ്ങളില്‍ വീതമാണ് വാക്‌സിനേഷന്‍ നടന്നത്. ആലപ്പുഴ 616, എറണാകുളം 711, ഇടുക്കി 296, കണ്ണൂര്‍ 706, കാസര്‍ഗോഡ് 323, കൊല്ലം 668, കോട്ടയം 610, കോഴിക്കോട് 800, മലപ്പുറം 155, പാലക്കാട് 857, പത്തനംതിട്ട 592, തിരുവനന്തപുരം 763, തൃശൂര്‍ 633, വയനാട് 332 എന്നിങ്ങനെയാണ് ആദ്യദിനം വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണമെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.

രാവിലെ 11.15 മുതല്‍ വൈകുന്നരം അഞ്ചു വരെയാണ് വാക്‌സിന്‍ കുത്തിവയ്പ്പ് ഉണ്ടായിരുന്നത്. ആര്‍ക്കും തന്നെ വാക്‌സിന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എഇഎഫ്‌ഐ കിറ്റ്, ആംബുലന്‍സ് സേവനം എന്നിവ ലഭ്യമാക്കിയിരുന്നു. കോവിഡ് വാക്‌സിന്‍ രണ്ടാംഘട്ട കുത്തിവയ്പ്പിനും കേരളം സജ്ജമാണെന്ന് മന്ത്രി പറഞ്ഞു.

രണ്ടാംഘട്ടത്തിനുള്ള രജിസ്‌ട്രേഷനും സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനായി കൂടുതല്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കി വരുന്നു. അവര്‍ക്കുള്ള പരിശീലനവും നല്‍കി വരുന്നു. ഒരാള്‍ക്ക് 0.5 എംഎല്‍ വാക്‌സിനാണ് ആദ്യദിനം എടുത്തത്. 28 ദിവസം കഴിയുന്‌പോള്‍ ഇതെടുത്തയാള്‍ക്ക് തന്നെ രണ്ടാമത്തെ വാക്‌സിന്‍ നല്‍കും. ഈ രണ്ടു വാക്‌സിനും എടുത്തുകഴിഞ്ഞ് രണ്ടാഴ്ച കഴിയുമ്‌ബോഴാണ് രോഗപ്രതിരോധ ശേഷി ആര്‍ജിക്കുക.

വാക്‌സിനേഷന്‍ നടന്ന എല്ലാ കേന്ദ്രങ്ങളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ലോഞ്ചിംഗ് ദിനത്തില്‍ ടൂവേ കമ്യൂണിക്കേഷന്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *