Sunday, January 5, 2025
Wayanad

വയനാട് ജില്ലയിൽ കോവിഡ് വാക്‌സിനേഷന്‍ ഇന്ന് മുതല്‍ ; ആദ്യഘട്ടത്തില്‍ 4315 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കുത്തിവെപ്പ്

വയനാട് ജില്ലയിൽ കോവിഡ് വാക്‌സിനേഷന്‍ ഇന്ന് മുതല്‍ ; ആദ്യഘട്ടത്തില്‍ 4315 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കുത്തിവെപ്പ്

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷയേകി കോവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കമാകും. ഇതോടെ വയനാടും കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള നിര്‍ണ്ണായകമായ ചുവടുവെപ്പില്‍ പങ്കാളിയാകും. പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുന്നതിനുളള ഒരുക്കങ്ങളെല്ലാം ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍.രേണുക അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ആരോഗ്യ കേന്ദ്രങ്ങളിലെത്തി കുത്തിവെയ്പ്പ് നടപടികള്‍ക്ക് സാക്ഷ്യം വഹിക്കും.

ജില്ലയിലെ തെരഞ്ഞെടുത്ത 9 കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തില്‍ വാക്‌സിനേഷന്‍ നടക്കുന്നത്. 4315 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിനേഷന്‍ നല്‍കും. രജിസ്റ്റര്‍ ചെയ്ത 12010 ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എത്തിച്ച 9590 കോവിഷീല്‍ഡ് വാക്‌സിനുകളാണ് കുത്തിവെക്കുന്നത്. ഒരാള്‍ക്ക് രണ്ട് ഡോസ് വാക്‌സിനുകളാണ് നല്‍കേണ്ടത്. ആദ്യ കുത്തിവെപ്പിന് ശേഷം ഇവര്‍ക്ക് ഇരുപത്തിയെട്ട് ദിവസങ്ങള്‍ കഴിഞ്ഞ് രണ്ടാം ഡോസ് നല്‍കും. സര്‍ക്കാര്‍,സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരും ആയുര്‍വേദം, ഹോമിയോ, ദന്തല്‍ വിഭാഗങ്ങളിലെ നിന്നുളളവരും ആശാപ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവരും വാക്‌സിനേഷന്‍ സ്വീകരിക്കുന്നവരില്‍ ഉള്‍പ്പെടും.

രണ്ടാം ഘട്ടത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മുന്‍നിര പ്രവര്‍ത്തകര്‍ക്ക് (പോലീസ്, റവന്യൂ തുടങ്ങിയ വകുപ്പിലെ ഉദ്യോഗസ്ഥര്‍) നല്‍കും. തുടര്‍ന്ന് 50 വയസിന് മുകളില്‍ പ്രായമുളളവര്‍, 50 വയസിന് താഴെ പ്രായമുളള പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗമുളളവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ നല്‍കും. 18 വയസിന് താഴെയുളളവര്‍ക്കും, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് വാക് സിന്‍ നല്‍കില്ല.

12010 പേരാണ് ഇതുവരെ ജില്ലയില്‍ വാക്‌സിനേഷന് വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഒരു ദിവസം ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് വാക്‌സിനേഷന്‍. ആഴ്ചയില്‍ നാല് ദിവസം വാക്‌സിന്‍ നല്‍കും. ഓരോ വാക്‌സിന്‍ കേന്ദ്രങ്ങളിലും 5 വീതം വാക്‌സിനേഷന്‍ ഓഫീസര്‍മാര്‍ ഉണ്ടാകും.

വാക്‌സിന്‍ എടുത്താലും കോവിഡ് മാനദണ്ഡങ്ങള്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കല്‍, ഇടയ്ക്കിടെ കൈകള്‍ വൃത്തിയാക്കല്‍, സാമൂഹ്യ അകലം പാലിക്കല്‍ എന്നിവ കര്‍ശനമായി പാലിക്കണമെന്നും ഡി.എം.ഒ ഡോ. രേണുക അറിയിച്ചു. കളക്‌ട്രേറ്റില്‍ നടന്ന പത്രസമ്മേളനത്തില്‍ എ.ഡി.എം ഇന്‍ചാര്‍ജ് ഇ. മുഹമ്മദ് യൂസഫ്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

*ജില്ലയില്‍ വാക്‌സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍*

1. ജില്ലാ ആശുപത്രി, മാനന്തവാടി

2. താലൂക്ക് ആശുപത്രി, സുല്‍ത്താന്‍ ബത്തേരി

3. താലൂക്ക് ആശുപത്രി, വൈത്തിരി

4. എഫ്.എച്ച്.സി, അപ്പപ്പാറ

5. എഫ്.എച്ച.സി, പൊഴുതന

6. സി.എച്ച്.സി, പുല്‍പ്പളളി

7. പി.എച്ച്.സി, വരദൂര്‍

8. പി.എച്ച്.സി, കുറുക്കന്‍മൂല

9. ഡി.എം. വിംസ്, മേപ്പാടി

 

 

Leave a Reply

Your email address will not be published. Required fields are marked *