ഡോളർ കടത്ത് കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; ജാമ്യം ലഭിച്ചാൽ പുറത്തിറങ്ങാം
എം ശിവശങ്കറിന് ഇന്ന് നിർണായക ദിനം. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷണൽ സി ജെ എം കോടതിയാണ് രാവിലെ 11 മണിക്ക് ജാമ്യാപേക്ഷ പരിഗണിക്കുന്നത്
ഡോളർ കടത്ത് കേസിലും ജാമ്യം ലഭിച്ചാൽ ശിവശങ്കരിന് ജയിൽ മോചിതനാകാം. നേരത്തെ ഇ ഡിയുടെ കള്ളപ്പണ കേസിലും കസ്റ്റംസിന്റെ സ്വർണക്കടത്ത് കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു.
ഡോളർ കടത്തിൽ തനിക്ക് പങ്കില്ലെന്നും തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്നും ശിവശങ്കർ വാദിക്കുന്നു. കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും ഡോളർ കടത്തിൽ ശിവശങ്കറിനെതിരെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നുമാണ് കസ്റ്റംസ് പറയുന്നത്.