സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മരണം; മൂന്ന് മാസം കഴിഞ്ഞിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവിടാതെ അധികൃതർ
സൈക്കിൾ പോളോ താരമായ പത്തുവയസുകാരി നിദഫാത്തിമയുടെ മരണത്തിൽ നീതി കിട്ടാതെ കുടുംബം. മരിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. നാഗ്പൂരിലെ ആശുപത്രിയിൽ മരുന്ന് മാറി കുത്തിവച്ചതാണ് മരണത്തിന് കാരണമായതെന്ന സംശയവും ഇതോടെ ബലപ്പെടുകയാണ്. വിഷയത്തിൽ സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്ന് ഉറപ്പ് നൽകിയിട്ടും പാലിക്കുന്നില്ലെന്ന് നിദാ ഫാത്തിമയുടെ പിതാവ് ഷിഹാബുദ്ദീൻ പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ ആണ് നിതാ ഫാത്തിമയുടെ മരണം. നാഗ്പൂരിൽ സൈക്കിൾ പോളോ ചാംപ്യൻഷിപ്പിന് പോയ നിദ ഫാത്തിമക്ക് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ശാരീരിക അസ്വസ്ഥതകളുണ്ടായത്. സ്വകാര്യ ആശുപത്രിയിലെത്തിച്ച് കുത്തിവെയ്പ്പ് എടുത്തതിന് പിന്നാലെ പെൺകുട്ടി മരിച്ചു. നാഗ്പൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. മരണകാരണം വ്യക്തമാക്കാതെ എട്ടു പേജുള്ള പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ബന്ധുക്കൾക്ക് നൽകി. ആന്തരികാവയവങ്ങളുടെ ഫോറൻസിക് പരിശോധനാ ഫലം കൂടി കിട്ടിയാൽ മാത്രമേ മരണത്തിന്റെ കാരണം കണ്ടെത്താൻ കഴിയൂ എന്നായിരുന്നു പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. മാസങ്ങൾ പിന്നിട്ടെങ്കിലും ഇതുവരെയും മറ്റ് റിപ്പോർട്ടുകളൊന്നും ലഭിച്ചില്ല.
മകളുടെ മരണത്തിന് ശേഷം മാതാവ് അൻസില ഇനിയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഭാര്യയെ തനിച്ചാക്കി പോകാനാവാതെ ഓട്ടോ ഡ്രൈവറായ ഷിഹാബുദ്ദീനും വീട്ടിൽതന്നെയാണ്. സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി. കണ്ണീരുണങ്ങാതെ, നീതിക്കായി ഏവരുടെയും പിന്തുണ തേടുകയാണ് നിദ ഫാത്തിമയുടെ കുടുംബം.