മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലിയെ മയക്കുവെടിവെക്കും; വയനാട്ടില്‍ നിന്ന് വിദഗ്ധ സംഘമെത്തും
മണ്ണാര്‍ക്കാട് വീട്ടുപരിസരത്തെ കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ച് പിടികൂടാന്‍ വനംവകുപ്പിന്റെ തീരുമാനം. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടില്‍ നിന്നെത്തിയാണ് പുലിയെ മയക്കുവെടി വക്കുക. പുലിയെ നിലവില്‍ കോഴിക്കൂട്ടില്‍ നിന്ന് മാറ്റാനുള്ള കൂട് എത്തിച്ചു. മയക്കുവെടി വച്ച ശേഷമാണ് പ്രത്യേക കൂട്ടിലേക്ക് മാറ്റുക. പാലക്കാട് ധോണിയിലെ പി ടി സെവനെ അടക്കം മയക്കുവെടി വച്ച വിദഗ്ധ സംഘത്തിന് നേതൃത്വം നല്‍കിയത് ഡോ.അരുണ്‍ സക്കറിയയാണ്.
അരുണ്‍ സക്കറിയയുടെ സംഘം വയനാട്ടില്‍ നിന്ന് നാലരയോടെ പുറപ്പെട്ടിട്ടുണ്ട്. രാവിലെ ഒന്‍പതോടെ പുലിയെ മയക്കുവെടി വെക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. വലയില്‍ കുടുങ്ങിക്കിടക്കുന്ന പുലി അക്രമാസക്തനാകാതിരിക്കാന്‍ ടാര്‍പോളിന്‍ കെട്ടിമറച്ചിട്ടുണ്ട്. ഈ ഭാഗത്തേക്ക് ആളുകളെയും കടത്തിവിടുന്നില്ല.
ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് പാലക്കാട് മണ്ണാര്‍ക്കാട് കുന്തിപ്പാടം ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ പുലിയെ വലയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ശബ്ദം കേട്ട് എത്തിയ ഫിലിപ്പ് പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴക്കാണ്. കോഴിക്കൂട്ടില്‍ കയറാന്‍ ശ്രമിച്ചതിനിടെ കുടുങ്ങുകയായിരുന്നു. കൂട്ടില്‍ കയറാനുള്ള ശ്രമത്തിനിടെ കൂടിന്റെ വലയില്‍ പുലിയുടെ കാല്‍ കുടുങ്ങി.