ഭാരത് ജോഡോ യാത്ര ഇന്ന് ശ്രീനഗറില്‍; നാളെ സമാപനം
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് ശ്രീനഗറില്‍ പര്യടനം നടത്തും. നാളെ യാത്ര സമാപിക്കാന്‍ ഇരിക്കുകയാണ് ഇന്നത്തെ ശ്രീനഗറിലെ പര്യടനം. ശ്രീ നഗറിലെ പാന്ത ചൗക്കില്‍ നിന്നാണ് ഇന്ന് യാത്ര പത്തുമണിക്ക് ആരംഭിക്കുക. ശ്രീനഗറിലൂടെ യാത്ര പ്രവേശിച്ച പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഇന്നും ഒരുക്കിയിട്ടുള്ളത്.
12 മണിക്ക് ശ്രീനഗറിലെ ലാല്‍ചൗക്കില്‍ രാഹുല്‍ഗാന്ധി ദേശീയ പതാക ഉയര്‍ത്തും. ശേഷം ഉച്ചയ്ക്ക് രണ്ടിന് പാര്‍ട്ടി സംസ്ഥാന ഓഫീസില്‍ അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തും. നാളെ നടക്കുന്ന സമാപന സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ എല്ലാ പ്രമുഖ നേതാക്കന്മാരും പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കന്മാരും പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
ശനിയാഴ്ച ജോഡോ യാത്രയില്‍, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തിയും പങ്കെടുത്തിരുന്നു. നേരത്തെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയും ജോഡോ യാത്രയില്‍ പങ്കെടുത്തിരുന്നു. രാഹുലിനൊപ്പം ബനിഹാലിലാണ് ഒമര്‍ അബ്ദുള്ള പങ്കെടുത്തത്. രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയല്ല, രാജ്യത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയാണ് ഈ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നായിരുന്നു ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം.
അഞ്ച് മാസം നീണ്ടുനിന്ന ഭാരത് ജോഡോ യാത്രയ്ക്കാണ് നാളെ സമാപനമാകുക. ശ്രീനഗറിലെ ഷേര്‍-ഇ-കശ്മീര്‍ സ്റ്റേഡിയത്തിലാണ് സമാപനച്ചടങ്ങ്. വന്‍ ജനക്കൂട്ടത്തെ കോണ്‍ഗ്രസ് സമാപന ചടങ്ങില്‍ പ്രതീക്ഷിക്കുന്നുണ്ട്. ജനുവരി 11 ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യത്തെ 24 പാര്‍ട്ടികളെ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നു.