പലസ്തീൻ ജനതയ്ക്ക് നേരെയുളള ആക്രമണം; അപലപിച്ച് സൗദി വിദേശകാര്യ മന്ത്രാലയം
പലസ്തീൻ ജനതയ്ക്ക് നേരെയുളള ആക്രമണത്തെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിച്ചു. പലസ്തീനികളും ഇസ്രായേലികളും തമ്മിലുള്ള സ്ഥിതി കൂടുതൽ വഷളാകുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നൽകി.
പലസ്തീനിൽ സിവിലിയന്മാർക്കെതിരെയുളള ആക്രമണത്തെ അപലപിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സംഘർഷം അവസാനിപ്പിക്കണം. സമാധാന ജീവിതം പുനസ്ഥാപിക്കണം. ഇതിന് ഇസ്രായേലിന്റെ അധിനിവേശം അവസാനിപ്പിക്കാൻ ശ്രമിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ജറുസലേമിലെ സിനഗോഗിൽ വെള്ളിയാഴ്ച നടന്ന വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ നഗരത്തിലുണ്ടായ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ അധിക്രമത്തിൽ ഒമ്പത് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ആക്രമണങ്ങളിൽ ആശങ്ക പങ്കുവെഉ വിദേശകാര്യ മന്ത്രാലയം എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും അഭ്യർത്ഥിച്ചു.
ഫലസ്തീൻ-ഇസ്രായേൽ സമാധാന ചർച്ച അടിയന്തിരമായി പുനരാരംഭിക്കണം. ഏകപക്ഷീയമായ പ്രവർത്തനങ്ങൾ ഉപേക്ഷിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.