സർവീസിൽ നിന്ന് വിരമിച്ചവർക്ക് പ്രൊഫസർ പദവി; കാലിക്കറ്റ് വി സിയോട് വിശദീകരണം തേടി ഗവർണർ
സർവീസിൽ നിന്ന് വിരമിച്ച കോളജ് അധ്യാപകർക്ക് കൂടി മുൻകാല പ്രാബല്യത്തിൽ പ്രൊഫസർ പദവി അുവദിക്കാനുള്ള കാലിക്കറ്റ് സർവകലാശാലാ നീക്കത്തിനെതിരായ പരാതിയിൽ ഗവർണർ വിശദീകരണം തേടി. ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനാണ് വി സിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സർവീസിൽ തുടരുന്നവർക്ക് മാത്രമേ പ്രൊഫസർ പദവിക്ക് പരിഗണിക്കാൻ പാടുള്ളുവെന്നാണ് യുജിസി വ്യവസ്ഥയുള്ളത്
മന്ത്രി ആർ ബിന്ദുവിന് പ്രൊഫസർ പദവി മുൻകാല പ്രാബല്യത്തിൽ ലഭിക്കാനാണ് യുജിസി ചട്ടങ്ങൾ സർവകലാശാലാ ലംഘിച്ചതെന്നാണ് സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റിയുടെ ആരോപണം. ഇതിനായി യുജിസി ചട്ടങ്ങൾ ഭേദഗതി ചെയ്ത് വൈസ് ചാൻസലർ ഉത്തരവിറക്കിയിരുന്നു.
കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ തൃശ്ശൂർ കേരള വർമ കോളജിലെ അധ്യാപികയായിരുന്നു ആർ ബിന്ദു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കഴിഞ്ഞ മാർച്ചിൽ സ്വയം വിരമിച്ചു. മന്ത്രി ബിന്ദുവിന് പ്രൊഫസർ പദവി അനുവദിക്കാനാണ് യൂണിവേഴ്‌സിറ്റിയുടെ പുതിയ തീരുമാനമെന്നാണ് ആരോപണം.