ദിലീപിന്റെ ഫോണുകൾ പരിശോധിച്ചാൽ സങ്കീർണമായ പല വിവരങ്ങളും പുറത്തുവരും: ബാലചന്ദ്രകുമാർ
ദിലീപിന്റെ ഫോണുകൾ പരിശോധിച്ചാൽ എല്ലാ വിവരങ്ങളും പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്ന് ബാലചന്ദ്രകുമാർ. നാലിലധികം ഫോണുകളിലായി പത്തിലധികം സിമ്മുകളുണ്ട്. ദിലീപിന്റെ സഹോദരി ഭർത്താവ് ഉപയോഗിച്ച ഫോണും നിർബന്ധമായും ഹാജരാക്കണം. അതിൽ നിരവധി തെളിവുകളുണ്ട്.
തന്റെ ആരോപണങ്ങളേക്കാൾ സങ്കീർണമായ പല വിഷയങ്ങളും ഫോണിൽ നിന്ന് പുറത്തുവരും. തനിക്കെതിരെ വ്യാജ ആരോപണങ്ങളുന്നയിച്ച് ദിലീപ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. അതിന്റെ നിജസ്ഥിതി പുറത്തുവരണമെങ്കിലും ഫോൺ പരിശോധിക്കണമെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.
ദിലീപിന്റെ അടക്കം കൂട്ടുപ്രതികളുടെ ആറ് ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ ജനറൽ മുമ്പാകെ തിങ്കളാഴ്ച 10.15ന് മുമ്പ് ഹാജരാക്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ദിലീപിന്റെ ശക്തമായ വാദങ്ങൾ തള്ളിയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.