ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ; റെയ്ഡ് വിവരങ്ങളും അറിയിക്കും
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസിന് തന്നോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് പുതിയ കേസെന്ന് ദിലീപ് വാദിക്കുന്നു. ഭീഷണിക്കേസ് പോലീസിന്റെ കള്ളക്കഥയാണെന്നും ഹർജിയിൽ പറയുന്നു.
അതേസമയം അന്വേഷണം പുരോഗമിക്കുകയാണെന്നും ദിലീപിനെ ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും. ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി എൻ സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാടും മുൻ കൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്
ഇന്നലെ ദിലീപിന്റെ വീട്ടിലും സ്ഥാപനത്തിലും നടത്തിയ പരിശോധനാ വിവരങ്ങളും അന്വേഷണ സംഘം കോടതിയെ അറിയിക്കും. റെയ്ഡിൽ മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്‌കുകളും പോലീസ് പിടിച്ചെടുത്തിരുന്നു. നടിയെ ബലാത്സംഗം ചെയ്ത് പകർത്തിയ ദൃശ്യങ്ങൾ കണ്ടെത്താനും ദിലീപിന്റെ പക്കലുണ്ടെന്ന് പറയപ്പെടുന്ന തോക്ക് പിടിച്ചെടുക്കാനുമായിരുന്നു പരിശോധന