ദിലീപിന്റെ ചോദ്യം ചെയ്യൽ ഇന്ന് മൂന്നാം ദിവസം; ക്രൈംബ്രാഞ്ച് മറ്റന്നാൾ റിപ്പോർട്ട് നൽകും
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്ന് മൂന്നാം ദിവസവും തുടരും. രാത്രി എട്ട് മണിക്ക് ചോദ്യം ചെയ്യൽ അവസാനിപ്പിക്കണമെന്നാണ് ഹൈക്കോടതി നിർദേശം. മൂന്നാം ദിവസമായ ഇന്ന് പരാതിക്കാരനായ ബാലചന്ദ്രകുമാറിനെ കൂടി വിളിപ്പിക്കാൻ ക്രൈംബ്രാഞ്ച് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റി
കേസിന്റെ അന്വേഷണ പുരോഗതിയും ചോദ്യം ചെയ്യലിന്റെ വിവരങ്ങളും ക്രൈംബ്രാഞ്ച് സംഘം വ്യാഴാഴ്ച ഹൈക്കോടതിയിൽ സമർപ്പിക്കും. ഈ റിപ്പോർട്ടുകൾ കൂടി പരിഗണിച്ച ശേഷമാകും ഹൈക്കോടതി പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുക. ഗൂഢാലോചനയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ ഹർജി തള്ളാനാണ് സാധ്യത
അതേസമയം ദിലീപിനെ നായകനാക്കി ബാലചന്ദ്രകുമാർ സംവിധാനം ചെയ്യാനിരുന്ന പിക് പോക്കറ്റ് എന്ന ചിത്രത്തിൽ നിന്ന് പിൻമാറുന്നതായി തന്നെ അറിയിച്ചത് ബാലചന്ദ്രകുമാർ തന്നെയാണെന്ന് സംവിധായകൻ റാഫി മൊഴി നൽകി. ദിലീപിനോട് വൈരാഗ്യമുള്ളതായി ബാലചന്ദ്രകുമാർ പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് സിനിമയിൽ നിന്ന് പിൻമാറിയതെന്ന് അറിയില്ലെന്നും റാഫി പറഞ്ഞു.
പിക് പോക്കറ്റ് സിനിമയിൽ നിന്ന് പിൻമാറിയത് താനാണെന്നാണ് ദിലീപ് ഹൈക്കോടതിയിൽ നൽകിയ സത്യാവാങ്മൂലത്തിൽ പറയുന്നത്. ഇതിന് വിരുദ്ധമാണ് റാഫിയുടെ മൊഴി