ധർമജനെ ബാലുശ്ശേരിയിൽ മത്സരിപ്പിക്കാൻ നീക്കം; താരം താത്പര്യമറിയിച്ചതായി ഹസൻ
നടൻ ധർമജൻ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനമാകുന്നു. കോഴിക്കോട് ബാലുശ്ശേരിയിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാൻ ധർമജൻ താത്പര്യം അറിയിച്ചതായി യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു.
നിലവിൽ മുസ്ലിം ലീഗിന്റെ കൈവശമാണ് ബാലുശ്ശേരി. ഇത് സംവരണ മണ്ഡലമാണ്. കഴിഞ്ഞ തവണ മുസ്ലിം ലീഗ് സ്ഥാനാർഥിയായ യുസി രാമൻ 15,000ത്തിലധികം വോട്ടുകൾക്കാണ് സിപിഎം സ്ഥാനാർഥി പുരുഷൻ കടലുണ്ടിയോട് പരാജയപ്പെട്ടത്.
കുന്ദമംഗലം ലീഗിന് നൽകി ബാലുശ്ശേരി ഏറ്റെടുക്കണമെന്ന ആവശ്യം ജില്ലാ കോൺഗ്രസിനുള്ളിലും ശക്തമാണ്. ഈ സാഹചര്യത്തിലാണ് ധർമജനെ ഇവിടെ മത്സരിപ്പിക്കാൻ ഒരുങ്ങുന്നത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ബാലുശ്ശേരിയിൽ ധർമജനെ പോലെ ജനപ്രിയനായ താരം വരികയാണെങ്കിൽ ജയിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്.