കേരളത്തിൽ ബസ് നിരക്ക് വർധിപ്പിക്കാൻ ശുപാർശ
ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനാണ് ശുപാർശയുമായി ഇടക്കാല റിപ്പോർട്ട് നൽകിയത്. മിനിമം ചാർജ് 10 രൂപയാക്കുന്നത് ഉൾപ്പെടെ മൂന്ന് ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്.വിവിധ തലങ്ങളിൽ ചാർജ് വർധിപ്പിക്കാനും മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം കുറയ്ക്കാനും ശുപാർശയുണ്ട്. ഓർഡിനറി സർവീസുകൾക്ക് 30 ശതമാനവും അതിന് മുകളിലുള്ളവയ്ക്ക് 40, 50 ശതമാനം വെച്ച് വർധിപ്പിക്കണമെന്നുമാണ് ശുപാർശ.
മിനിമം ചാർജ് എട്ട് രൂപയായി നിലനിർത്തുകയാണെങ്കിൽ സഞ്ചരിക്കാവുന്ന ദൂരപരിധി കുറയ്ക്കാനാണ് ശുപാർശയുള്ളത്. മിനിമം ചാർജിൽ ഇപ്പോൾ സഞ്ചരിക്കാവുന്നത് അഞ്ച് കിലോമീറ്ററാണ്. ഇത് രണ്ടര കിലോമീറ്ററായി കുറച്ച് ചാർജ് വർധന നടപ്പാക്കുകയെന്നതാണ് മറ്റൊരു ശുപാർശ
റിപ്പോർട്ട് ചർച്ച ചെയ്യാൻ 11 മണിക്ക് ഗതാഗത മന്ത്രി യോഗം വിളിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ട്രാൻസ്പോർട്ട് സെക്രട്ടറിക്കാണ് കമ്മീഷൻ റിപ്പോർട്ട് കൈമാറിയത്.