ശബരിമലയിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; ഭക്തർക്ക് വിരിവെക്കാൻ അനുമതി
ശബരിമല സന്നിധാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് ഉണ്ടായേക്കും. നിബന്ധനകൾക്ക് വിധേയമായി ഭക്തർക്ക് വിരിവെക്കാൻ അനുമതി നൽകും. താമസ സൗകര്യം ഒരുക്കുന്നതിനുള്ള മുന്നൊരുക്കം സന്നിധാനത്ത് ആരംഭിച്ചു. കോവിഡ് നിബന്ധനകളെ തുടർന്നാണ് സന്നിധാനത്ത് വിരിവെക്കാനും നേരിട്ട് നെയ് അഭിഷേകം നടത്താനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. സന്നിധാനത്ത് കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിന്റെ നിർദേശാനുസരണമാണ് ഗസ്റ്റ്ഹൗസുകൾ, വിരിഷെഡ്ഡുകൾ അടക്കമുള്ളവ വൃത്തിയാക്കാൻ ആരംഭിച്ചത്. 500 മുറികളാണ് സജ്ജമാക്കുന്നത്. 17,000 പേർക്ക് വിരിവെക്കാനുള്ള സൗകര്യമാണ് സന്നിധാനത്ത് ഉള്ളത്. അതേസമയം പ്രതികൂല കാലാവസ്ഥയിൽ സന്നിധാനത്ത് കഴിയുന്ന തീർത്ഥാടകർക്ക് താമസസൗകര്യം എന്ന നിലയിലാണ് മുറികൾ സജ്ജമാക്കുന്നതെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്.
മുറികളിൽ അംഗസംഖ്യ പരിമിതപ്പെടുത്തും, വിരിഷെഡ്ഡുകളിൽ പായ അനുവദിക്കില്ല, പരമാവധി എട്ടു മണിക്കൂർ തങ്ങാനുള്ള അനുവാദം തുടങ്ങിയ നിബന്ധനകൾ ഉണ്ടായിരിക്കും. തീർത്ഥാടകർക്ക് വിരിവെക്കാൻ അനുമതി ലഭിക്കുന്നതിലൂടെ നെയ് അഭിഷേകത്തിനുള്ള നിയന്ത്രണവും നീങ്ങുമെന്ന കണക്കുകൂട്ടലിലാണ് ദേവസ്വം അധികൃതർ.