പെണ്‍ സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിച്ച യുവാവ് മരിച്ചു; ആന്തരാവയവങ്ങള്‍ ദ്രവിച്ച് 11 ദിവസങ്ങള്‍ക്ക് ശേഷം മരണം
പെൺസുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ച യുവാവ് മരിച്ചെന്നും സംഭവം അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് പിതാവിൻ്റെ പരാതി. സംഭവത്തിൽ ദുരൂഹത. പാറശ്ശാല മുര്യങ്കര ജെ പി ഹൗസിൽ ജയരാജിന്‍റെ മകൻ ഷാരോൺ രാജ് (ജിയോ- 23) ആണ് മരിച്ചത്. മരിച്ച ഷാരോണ്‍ രാജ് നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജിലെ അവസാന വര്‍ഷ ബിഎസ്സി റേഡിയോളജി വിദ്യാര്‍ത്ഥിയാണ്. 14 -ാം തിയതിയാണ് ഷാരോണ്‍ പെണ്‍സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിക്കുന്നത്. 25 -ാം തിയതിയോടെ മരണത്തിന് കീഴടങ്ങി. കളയിക്കാവിള മെതുകമ്മല്‍ സ്വദേശിയായ അശ്വിന്‍ എന്ന പതിനൊന്നുകാരന്‍റെ മരണവും സമാന സാഹചര്യത്തിലാണെന്നത് സംഭവത്തില്‍ ദൂരൂഹത വര്‍ദ്ധിപ്പിക്കുന്നു.
14 -ാം തിയതി രാവിലെ ഷാരോൺ രാജും സുഹൃത്ത് റെജിനും ഷാരോണിന്‍റെ സുഹൃത്തും രാമവര്‍മ്മന്‍ ചിറയില്‍ താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. സുഹൃത്ത് റെജിനെ പുറത്ത് നിറുത്തി ഷാരോൺ തനിച്ചാണ് വീടിന് ഉള്ളിൽ പോയത്. കുറച്ച് കഴിഞ്ഞ് വീടിന് പുറത്ത് വന്ന ഷാരോൺ പെൺകുട്ടി നൽകിയ പാനീയം കഴിച്ച ഉടൻ ഛർദ്ദിൽ അനുഭവപ്പെട്ടതായി റെജിനോട് പറഞ്ഞു. പിന്നീട്, അവശനായതിനാല്‍ തന്നെ വീട്ടിൽ എത്തിക്കാനും റെജിനോട് ആവശ്യപ്പെട്ടു.
അവശനായ ഷാരോൺ രാജിനെ വാഹനത്തിൽ കയറ്റി റെജിൻ മുര്യങ്കരയിലെ വീട്ടിൽ എത്തിച്ചു. ഉച്ചയ്ക്ക് ശേഷം ഷാരോണിന്‍റെ അമ്മ വീട്ടിൽ എത്തിയപ്പോൾ ഷാരോൺ രാജ്, ഛർദിച്ച് അവശനിലയിൽ ആയിരുന്നു. തുടര്‍ന്ന് ഷാരോണിനെ ഉടനെ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ കാര്യമായ പ്രശ്നങ്ങൾ കണ്ടെത്താത്തതിനാല്‍ രാത്രിയോടെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.
എന്നാല്‍, തൊട്ടടുത്ത ദിവസം വായ്ക്കുള്ളിൽ വ്രണങ്ങൾ രൂപപ്പെട്ട് വെള്ളം പോലും കുടിക്കാൻ കഴിയാത്ത സ്ഥിതിയിലായി. ഇഎന്‍ടിയെ കാണിച്ചെങ്കിലും കുറിച്ച് നല്‍കിയ മരുന്ന് പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് ഷാരോണിന്‍റെ നില ഗുരുതരമായി. 17 -ന് വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ വൃക്കകളുടെ പ്രവർത്തനം കുറയുന്നതായി പരിശോധനയില്‍ കണ്ടെത്തി. അടുത്ത ദിവസങ്ങളിൽ പല ആന്തരികാവയവങ്ങളുടെയും പ്രവർത്തനം മോശമായി തുടങ്ങി. ഒൻപത് ദിവസത്തിനുള്ളിൽ മൂന്ന് തവണ ഷാരോണിനെ ഡയാലിസിസിന് വിധേയമാക്കി. തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി.
ഇതിനിടെ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് മജിസ്ട്രേട്ട് ആശുപത്രിയിൽ എത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഒരു വർഷമായി പരിചയമുള്ള പെൺകുട്ടിയുടെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കുടിച്ചതായി യുവാവ് ബന്ധുക്കളെ അറിയിച്ചിരുന്നു. ആസിഡ് പോലുള്ള എന്തോ അകത്ത് ചെന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ആന്തരീകാവയവങ്ങള്‍ ദ്രവിച്ച് പോയതായും വെന്‍റിലേറ്ററിലിരിക്കെ ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു.
പെൺകുട്ടി വിളിച്ചതിനെ തുടർന്നാണ് ഷാരോൺരാജ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയതെന്നും സൂചനകൾ ഉണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂ. കാമുകിയായ പെണ്‍കുട്ടി വിളിച്ചതനുസരിച്ച് റെക്കോര്‍ഡ് വാങ്ങാനാണ് ഷാരോണ്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയതെന്ന് വീട്ടുകാര്‍ പറയുന്നു. ഷാരോണ്‍ നീല നിറത്തിലുള്ള എന്തോ ദ്രാവകമാണ് ഛര്‍ദ്ദിച്ചിരുന്നതെന്നാണ് ജ്യേഷ്ഠന്‍ ഷിംനോ പറയുന്നത്. ഷാരോണും യുവതിയും പ്രണയത്തിലായിരുന്നെന്നും ഇയാള്‍ പറഞ്ഞു. ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പാറശാല പൊലീസിന് പരാതി നൽകി.
സമാനമായ സംഭവം നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കളയിക്കാവിള മെതുകമ്മല്‍ സ്വദേശിയായ അശ്വിന്‍ (11), യൂണിഫോം ധരിച്ചെത്തിയ വിദ്യാര്‍ത്ഥി നല്‍കിയ ജൂസ് കുടിച്ച് ഏറെ നാള്‍ അവശനിലയിലായ ശേഷം മരണത്തിന് കീഴടങ്ങിയിരുന്നു. അശ്വിന്‍റെ മരണവും ഷാരോണ്‍ രാജിന്‍റെ മരണത്തിലും സമാനതകള്‍ ഏറെയാണെന്ന് കരുതുന്നു. അശ്വിനും ജൂസ് കഴിച്ച് അവശനിലയിലായി ഏറെ നാള്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. ജ്യൂസ് കഴിച്ച ആദ്യ ദിവസം ചെറിയ ക്ഷീണവും പിന്നീട് ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചുമാണ് അശ്വിനും മരണത്തിന് കീഴടങ്ങിയത്. ആസിഡിന് സമാനമായ ദ്രാവകം കഴിച്ചതാണ് അശ്വിന്‍റെ മരണകാരണമെന്നാണ് അശ്വിനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ നിഗമനം.