ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായി എ എ റഹീമിനെ തിരഞ്ഞെടുത്തു
ന്യൂഡല്‍ഹി: ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായി എ എ റഹീമിനെ തിരഞ്ഞെടുത്തു. രണ്ട് ദിവസമായി ഡല്‍ഹിയില്‍ ചേര്‍ന്ന ഡി വൈ എഫ് ഐ കേന്ദ്രകമ്മിറ്റി യോഗമാണ് റഹീമിനെ തിരഞ്ഞെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം അല്‍പ്പസമയത്തിനകം ഉണ്ടാകും. നിലവില്‍ സംസ്ഥാന പ്രസിഡന്റായിരുന്നു റഹീം. പൊതുമരാമരത്ത് മന്ത്രിയായ മുഹമ്മദ് റിയാസ് ഒഴിഞ്ഞ സ്ഥാനത്തേക്കാണ് കേരളത്തില്‍ നിന്നുള്ള റഹീം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
എസ് എഫ് ഐയിലൂടെയാണ് റഹീം രാഷ്ട്രീയ രംഗത്ത് സജീവമാകുന്നത്. എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്രക്കമ്മിറ്റിയംഗം, ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാപ്രസിഡന്റ്, കേന്ദ്രക്കമ്മിറ്റിയംഗം, കേരളാസര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം, സര്‍വ്വകലാശാലായൂണിയന്‍ ചെയര്‍മാന്‍ എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിച്ച എല്‍ ഡി എഫ് സ്ഥാനാര്‍ഥികളില്‍ ഏറ്റവും പ്രായംകുറഞ്ഞയാള്‍ റഹീമായിരുന്നു.
നിയമപഠനവും ഇസ്ലാമിക് ഹിസ്റ്ററിയില്‍ ബിരുദാനന്തരബിരുദവും പൂര്‍ത്തിയാക്കിയ റഹീം ജേര്‍ണലിസം ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. എസ് എഫ് ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം അമൃതയാണ് ഭാര്യ.