മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി അനുമതി
ന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീം കോടതി അനുമതി. പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിന് ബോംബെ ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ സുപ്രീം കോടതി നീക്കി. പരീക്ഷയില്‍ ചോദ്യപേപ്പര്‍ മാറി ലഭിച്ച രണ്ട് വിദ്യാര്‍ത്ഥികളുടെ ഹര്‍ജി പരിഗണിച്ചാണ് ബോംബെ ഹൈക്കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഇവര്‍ക്ക് വീണ്ടും പരീക്ഷ നടത്താനായിരുന്നു ബോംബൈ ഹൈക്കോടതി ഉത്തരവ്. സുപ്രീംകോടതി ഉത്തരവോടെ അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ നീറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിക്കും. ഇത്തവണ 16 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.
ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ ക്രമക്കേട് നടന്നെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയിന്മേല്‍ കേരളാ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഒഎംആര്‍ ഷീറ്റില്‍ കൃത്രിമം നടന്നെന്ന തൃശൂര്‍ സ്വദേശി പരാതിയിന്മേലായിരുന്നു കോടതിയുടെ ഇടപെടല്‍. അപേക്ഷകയുടെ ഒപ്പ്, രക്ഷിതാക്കളുടെ പേര് എന്നിവയിലടക്കം മാറ്റം ഉണ്ടെന്ന് ഹര്‍ജിക്കാരി പരാതി ഉന്നയിച്ചിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നവംബര്‍ 8 ന് മുന്‍പ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് നിര്‍ദ്ദേശം നല്‍കി.
നീറ്റ് പരീക്ഷയില്‍ തന്റെ ഒഎംആര്‍ ഷീറ്റെന്ന പേരില്‍ വെബ്‌സൈറ്റില്‍ മറ്റൊരാള്‍ എഴുതി ഒപ്പിട്ട ഷീറ്റ് അപ് ലോഡ് ചെയ്തതെന്ന് ആരോപിച്ച് തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശി റിത്തുവാണ് പരാതി നല്‍കിയത്. റിത്തു ഇത്തവണ നീറ്റ് പരീക്ഷ പാസാകുമെന് ഉറപ്പിച്ചിരുന്നു. ഉത്തര സൂചിക വെച്ച് കണക്കുകൂട്ടിയപ്പോള്‍ ഉയര്‍ന്ന സ്‌കോറും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നീറ്റ് വെബ്‌സൈറ്റില്‍ പരിശോധിച്ചപ്പോഴാണ് ഒഎംആര്‍ ഷീറ്റില്‍ ക്രമക്കേട് നടന്നതായി ബോധ്യപ്പെട്ടത്. ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ വ്യത്യസ്ഥമാണെന്നും കയ്യക്ഷരവും ഒപ്പും തന്റേതല്ലെന്നും വിദ്യാര്‍ത്ഥി ആരോപിക്കുന്നു. ഇതിനെതിരെ എന്‍ടിഎയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.