ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് സ്ഥാനം മുഹമ്മദ് റിയാസ് ഒഴിയുന്നു; റഹീമിന് സാദ്ധ്യത
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐയുടെ ദേശീയ പ്രസിഡന്റ് സ്ഥാനമൊഴിയുന്നു. സംസ്ഥാന സെക്രട്ടറിയായ എ.എ റഹീം പുതിയ ദേശീയ പ്രസിഡന്റാകുമെന്നാണ് സൂചന. അടുത്ത ആഴ്ച ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ പുതിയ പ്രസിഡന്റിനെ തീരുമാനിക്കും.
2017 ലാണ് പി.എ മുഹമ്മദ് റിയാസിനെ ഡി.വൈ.എഫ്.ഐയുടെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുത്തത്. അതിനു മുമ്പ് എം.ബി രാജേഷായിരുന്നു ദേശീയ പ്രസിഡന്റ്. പൊതുമരാമത്തിന്റെയും ടൂറിസത്തിന്റെയും ചുമതലകൾ വഹിക്കുന്ന മന്ത്രി എന്ന നിലയിൽ തിരക്ക് വർദ്ധിച്ചതിനാലാണ് റിയാസ് സ്ഥാനമൊഴിയുന്നത്.
ജെയ്ക്ക് സി തോമസും ദേശീയ നേതൃത്വത്തിലേക്ക് വരാൻ സാദ്ധ്യതയുണ്ട്. ദേശീയ തലത്തിലേക്ക് കേരളത്തിൽ നിന്നുള്ള യുവ നേതാക്കൽ വരട്ടെ എന്ന പാർട്ടി നിർദേശപ്രകാരമാണ് റഹീമും ജെയ്ക്കും ദേശീയതലത്തിലേക്ക് പ്രവർത്തനം മാറ്റുന്നത്. റഹീം ദേശീയ അദ്ധ്യക്ഷനായാൽ സംസ്ഥാന നേതൃത്വത്തിലും മാറ്റമുണ്ടാവും.
എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം തുടങ്ങിയ പദവികൾ എ.എ റഹീം വഹിച്ചിട്ടുണ്ട്. 2011ൽ വർക്കലയിൽ നിന്ന് കഹാറിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.