Tuesday, April 15, 2025
Kerala

പാർട്ടി നിലപാട് കേന്ദ്ര കമ്മറ്റി പ്രഖ്യാപിക്കും, നിരോധനം കൊണ്ട് കാര്യമില്ല; എം വി ഗോവിന്ദന്‍

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന നേതൃത്വം.പാർട്ടി നിലപാട് കേന്ദ്ര കമ്മറ്റി പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. നിരോധനം കൊണ്ട് കാര്യമില്ലെന്ന മുൻ നിലപാടിൽ ഉറച്ച് നിൽക്കുന്നു. വർഗീയതക്കെതിരെയാണെങ്കിൽ ഒരു സംഘടനയെ മാത്രം നിരോധിച്ചത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെ വിമര്‍ശിച്ച് എസ് ഡി പി ഐ രംഗത്തുവന്നു. പോപുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിരോധനം ഇന്ത്യൻ ജനാധിപത്യത്തിനും ജനങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ്‌ എംകെ ഫൈസി വ്യക്തമാക്കി. ഭരണഘടന നൽകുന്ന അഭിപ്രായ, സംഘടന സ്വാതന്ത്ര്യവും സമരം ചെയ്യാനുള്ള സ്വാതന്ത്ര്യവും ഇല്ലാതാക്കുന്നുവെന്നും എസ് ഡി പി ഐ ആരോപിച്ചു.

അതേസമയം പോപ്പുലര്‍ ഫ്രണ്ടിനേയും എട്ട് അനുബന്ധ സംഘടനകളേയും നിരോധിച്ചതോടെ ഓഫീസുകൾ സീൽ ചെയ്യാൻ നടപടി തുടങ്ങി സംസ്ഥാന പൊലീസ്. കേന്ദ്രസര്‍ക്കാരിൻ്റെ ഉത്തരവ് സംസ്ഥാന പൊലീസിന് ലഭിച്ചു. പിഎഫ്ഐ അക്കൗണ്ടുകൾ മരവിപ്പിക്കും.

നിരോധനം നിലവിൽ വരുന്നതോടെ പി.എഫ്.ഐയുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും ഓഫീസുകളും ബാങ്ക് അക്കൗണ്ടുകളും ഉടൻ മരവിപ്പിക്കും. എല്ലാ ജില്ലാ പൊലിസ് മേധാവിമാർക്കും ഇതിനോടകം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടവുമായി ചേർന്നാവും തുടർന്നുളള നീക്കങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *