നിര്‍ബന്ധിത കുമ്പസാരം നിരോധനം: സുപ്രീം കോടതി ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കും
നിര്‍ബന്ധിത കുമ്പസാരം ഭരണഘടന വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഓര്‍ത്തഡോക്‌സ് പള്ളികളിലെ ഇടവക പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കുമ്പസാരം നടത്തിയിരിക്കണമെന്ന സഭ ഭരണഘടനയിലെ ഏഴാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഓര്‍ത്തോഡോക്‌സ് സഭാ അംഗങ്ങളായ മാത്യു ടി. മാത്തച്ചന്‍, സി.വി. ജോസ് എന്നിവരാണ് റിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്.
കുമ്പസാര രഹസ്യം മറയാക്കി വൈദികര്‍ സ്ത്രീകളെയും പുരുഷന്മാരെയും പീഡിപ്പിക്കുന്നുവെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. പീഡനത്തെ തുടര്‍ന്നുള്ള മരണങ്ങളും വര്‍ധിക്കുന്നു. കുമ്പസാരം നടത്തുന്നവരുടെ പേരുവിവരങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കുന്നതും പ്രസിദ്ധപ്പെടുത്തുന്നതും ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ക്കും വ്യക്തി സ്വാതന്ത്ര്യത്തിനും എതിരാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പുറമേ കാതോലിക്കോസ് ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ ഉള്‍പ്പടെ ഉള്ളവരെയും ഹര്‍ജിയില്‍ എതിര്‍കക്ഷി ആക്കിയിട്ടുണ്ട്. അഭിഭാഷകന്‍ സനന്ദ് രാമകൃഷ്ണന്‍ ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. നിര്‍ബന്ധിത കുമ്പസാരം ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു.