തീവ്രവാദ പ്രവർത്തനങ്ങളെ എതിർക്കുന്നു; ഐഎൻഎലിനെതിരെ തെളിവുണ്ടെങ്കിൽ സുരേന്ദ്രൻ കൊണ്ടുവരട്ടെ എന്ന് സിപിഐഎം
തീവ്രവാദ പ്രവർത്തനങ്ങളെ എതിർക്കുന്നു എന്ന് സിപിഐഎം. വാർത്താസമ്മേളനത്തിലൂടെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യത്തിൽ നിലപാടറിയിച്ചത്. ആർഎസ്എസും പോപ്പുലർ ഫ്രണ്ടും അക്രമം നിർത്തണം. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് പരിഹാരമല്ല. പൂർവ ചരിത്രം അത് തെളിയിച്ചതാണ്. മുൻപ് ആർഎസ്എസിനെ നിരോധിച്ചത് തെളിവാണ്. ഇത്തരം ശക്തികളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ബുൾഡോസർ രാഷ്ട്രീയം ശരിയല്ല. നിരോധിച്ചാൽ പുതിയ പേരിൽ സംഘടനകൾ രൂപീകരിക്കപ്പെടും എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പിഎഫ്‌ഐ അനുബന്ധ സംഘടനയായ റിഹാബ് ഫൗണ്ടേഷനുമായി ഐഎൻഎലിന് ബന്ധമുണ്ടെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ്റെ ആരോപണത്തിലും യെച്ചൂരി പ്രതികരിച്ചു. സംസ്ഥാന ബിജെപിയുടെ സ്ഥിരം നടപടിയാണ് ആരോപണം ഉന്നയിക്കുക എന്നത്. എൽഡിഎഫിന് എതിരെ ആരോപണം ഉന്നയിക്കുന്ന കെ സുരേന്ദ്രൻ തെളിവുണ്ടെങ്കിൽ കൊണ്ട് വരട്ടെ. പി ഫ് ഐ നിരോധനം രാഷ്ട്രീയ പ്രേരിതമോ എന്ന ചോദ്യത്തിന് ജനം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.