Saturday, October 19, 2024
Kerala

‘എംഎൽഎമാർക്കുള്ളത് സാധാരണ ഓണക്കിറ്റല്ല’; യുഡിഎഫ് എംഎൽഎമാർ കിറ്റ് വാങ്ങില്ലെന്ന് അറിയിച്ചതിന് പിന്നാലെ വിശദീകരണവുമായി സപ്ലൈകോ

യുഡിഎഫ് എംഎൽഎമാർ ഓണക്കിറ്റ് വാങ്ങില്ലെന്ന് അറിയിച്ചതിന് പിന്നാലെ വിശദീകരണവുമായി സപ്ലൈകോ രം​ഗത്തെത്തി. എംഎൽഎമാർക്കുള്ളത് സാധാരണ ഓണക്കിറ്റല്ലെന്നും റീബ്രാൻഡിങ്ങിന്റെ ഭാഗമായി ശബരി ഉൽപന്നങ്ങളാണ് മന്ത്രിമാർക്കും എംഎൽഎമാർക്കും നൽകുന്നതെന്നും സപ്ലൈകോ അറിയിച്ചു. എംഎൽഎമാർക്കുള്ളത് മഞ്ഞക്കാർഡ് ഉടമകൾക്ക് നൽകുന്ന ഓണക്കിറ്റ് അല്ലെന്നാണ് സപ്ലൈകോ വ്യക്തമാക്കുന്നത്. 12 ഇനം ശബരി ഉത്പന്നങ്ങളാണ് എംഎൽഎമാർക്കുള്ള കിറ്റിൽ ഉള്ളത്. മഞ്ഞക്കാർഡ് ഉടമകൾക്ക് നൽകുന്നത് 14 ഇനങ്ങൾ ഉൾപ്പെടുത്തിയ കിറ്റാണ്.

എംഎൽഎമാർക്കുള്ള സർക്കാരിന്റെ സൗജന്യ കിറ്റ് വേണ്ടെന്ന് യുഡിഎഫ് അറിയിച്ചിരുന്നു. എംഎൽഎമാർക്കുള്ള സപ്ലൈകോയുടെ സൗജന്യ ഓണക്കിറ്റ് പ്രതിപക്ഷം സ്വീകരിക്കില്ല. പൊതുജനങ്ങൾക്ക് ലഭ്യമല്ലാത്ത കിറ്റ് സ്വീകരിക്കേണ്ടെന്ന് യുഡിഎഫ് വ്യക്തമാക്കി. സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് യുഡിഎഫിനും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ജനപ്രതിനിധികൾക്ക് കിറ്റ് നൽകാൻ ഭക്ഷ്യ വകുപ്പ് തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് യുഡിഎഫ് വേണ്ടെന്ന് വെച്ചിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് റേഷൻ കടകൾ വഴി നൽകുന്ന ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും. റേഷൻ കടകൾ ഇന്ന് രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തനം ഉണ്ടായിരിക്കും. കിറ്റ് വിതരണം ഇന്ന് പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.

അതേസമയം റേഷൻ കടകളിൽ വിതരണം ചെയ്യുന്നതിനായി കിറ്റുകള്‍ മുഴുവന്‍ എത്തിച്ചതായി ഭക്ഷ്യവകുപ്പ് അറിയിച്ചു. ഇന്നലെ രാത്രി വരെയുള്ള കണക്കു പ്രകാരം 2,59, 944 കിറ്റുകളാണ് വിതരണം ചെയ്തത്. ഇനി 3, 27,737 കാര്‍ഡ് ഉടമകള്‍ക്ക് കൂടി കിറ്റ് ലഭിക്കാനുണ്ട്. ക്ഷേമസ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂര്‍ത്തിയായതായും സര്‍ക്കാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.