Tuesday, April 15, 2025
Kerala

മുഖ്യമന്ത്രിക്ക് ഉടനേ പുതുപ്പള്ളിയില്‍ നിന്ന് ഒന്നാന്തരം ഓണസമ്മാനം കിട്ടും; കെ. സുധാകരന്‍

കിറ്റ് കൊടുത്ത് അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തവണ ജനങ്ങള്‍ക്ക് കിറ്റുപോലും കൊടുക്കാതെ കേരളത്തിന്റ ചരിത്രത്തിലെ ആദ്യത്തെ പട്ടിണി ഓണത്തിന് വഴിയൊരുക്കിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ജനങ്ങള്‍ പട്ടിണി കിടന്നാലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും കിറ്റ് നൽകി അവരുടെ ഓണം സുഭിക്ഷമാക്കിയ മുഖ്യമന്ത്രിക്ക് ഉടനേ പുതുപ്പള്ളിയില്‍നിന്ന് ഒന്നാന്തരം ഓണസമ്മാനം കിട്ടുമെന്നും സുധാകരന്‍ പറഞ്ഞു.

93.87 ലക്ഷം കാര്‍ഡുകളില്‍ ഏറ്റവും ദരിദ്രവിഭാഗത്തില്‍പ്പെട്ട 5.87 ലക്ഷം പേര്‍ ഉള്‍പ്പെട്ട 6.07 ലക്ഷം പേര്‍ക്കായി ഓണക്കിറ്റ് പരിമിതപ്പെടുത്തിയെങ്കിലും അതുപോലും യഥാസമയം വിതരണം ചെയ്യാന്‍ കഴിഞ്ഞില്ല. സിപിഐ ഭരിക്കുന്ന ഭക്ഷ്യവകുപ്പ് ഓണക്കാലത്തേക്ക് 750 കോടി രൂപ ചോദിച്ചെങ്കിലും വെറും 70 കോടിയാണ് കൊടുത്തത്.

സിവില്‍ സപ്ലൈസ് കോര്‍പറേഷന് സാധനം കൊടുത്തവര്‍ കടംകയറി ആത്മഹത്യാമുനമ്പിലാണ്. സബ്‌സിഡി സാധനങ്ങള്‍ മാവേലി സ്റ്റോര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പൊടിപോലുമില്ല. ഓണക്കിറ്റ് വിതരണത്തില്‍ നാലു ദിവസമായി പ്രതിസന്ധി തുടരുകയാണെങ്കിലും സര്‍ക്കാര്‍ കണ്ണുതുറന്നില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ അഞ്ചു ദിവസത്തെ ഓണം അവധിയില്‍ പ്രവേശിക്കുകയും ചെയ്തു. റേഷന്‍ കടകള്‍ക്ക് ഓഗസ്റ്റ് 29 മുതല്‍ 31 വരെ അവധിയാണ്. ഇതെല്ലാം മുന്‍കൂട്ടി അറിയാമായിരുന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ദൂരെക്കാഴ്ചയോടെയുള്ള നടപടികള്‍ ഉണ്ടായില്ല.

സര്‍ക്കാര്‍ പിന്‍മാറിയതോടെ അഭൂതപൂര്‍വമായ വിലക്കയറ്റത്തിന്റെ പിടിയിലാണ് വിപണി. തൊണ്ടന്‍മുളക്- 450, പച്ചമാങ്ങ- 150, തക്കാളി- 40, രസകദളി- 100, ഏത്തന്‍- 70, പടവലങ്ങ- 60, വെള്ളരി- 50, ബീന്‍സ്- 100 എന്നിങ്ങനെ പോകുന്ന വിലക്കയറ്റം. ഉത്രാടപ്പാച്ചിലിന് കുട്ടനിറയെ പണവുമായി മാര്‍ക്കറ്റിലെത്തി ഒരു കയ്യില്‍ കൊള്ളാനുള്ള സാധനവുമായി മടങ്ങുന്ന അവസ്ഥ കേരളത്തില്‍ ഇതാദ്യമാണ്.

കര്‍ഷകരും തൊഴിലാളികളുമാണ് ഏറ്റവും ദുരിതത്തില്‍. നെല്‍ കര്‍ഷകരുടെയും നാളികേര കര്‍ഷകരുടെയും സംഭരണവില ലഭിച്ചിക്കാതെ അവര്‍ പ്രക്ഷോഭത്തിലാണ്. കൈത്തറി തൊഴിലാളികള്‍, മോട്ടോര്‍ വാഹന തൊഴിലാളികള്‍, ലോട്ടറി ഏജന്റുമാര്‍ തുടങ്ങിയവര്‍ക്കും അവര്‍ക്ക് കിട്ടാനുള്ള പണം നിഷേധിച്ചതിനാല്‍ ഇതു വറുതിയുടെ ഓണമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 5 ഗഡു ഡിഎയും പെന്‍ഷന്‍കാര്‍ക്ക് കുടിശികയും മുടങ്ങി. ഓണം പോലുള്ള പാരമ്പര്യങ്ങളെ വെറും മിത്തായി കാണുന്നവരില്‍നിന്ന് ഇതില്‍കൂടുതല്‍ പ്രതീക്ഷിക്കാനില്ലെന്നു സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *