മന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടത്; എം.വി.ഗോവിന്ദന്‍
മന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നും ഏല്‍പ്പിച്ച ചുമതല ഭംഗിയായി നിര്‍വ്വഹിക്കുമെന്നും മന്ത്രി എം.വി.ഗോവിന്ദന്‍. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നു. സെക്രട്ടറിയാകുമ്പോള്‍ പ്രത്യേക വെല്ലുവിളിയില്ല. വര്‍ഗ്ഗീയതയാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. ചിലഘട്ടങ്ങളില്‍ വിഭാഗീയത ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അത്തരം പ്രശ്നങ്ങളില്ല. പാര്‍ട്ടി അതൊക്കെ കൃത്യമായ സമയങ്ങളില്‍ പരിഹരിച്ചിട്ടുണ്ട്.
ഗവര്‍ണര്‍ ഭരണഘടനാപരമായാണ് പ്രവര്‍ത്തിക്കേണ്ടത്. ആർഎസ്എസും ബിജെപിയും കേരളത്തെ ടാർജറ്റ് ചെയ്യുന്നു. ഗവര്‍ണര്‍ എടുക്കേണ്ട നിലപാട് ഭരണഘടനാപരവും ജനാധിപത്യപരവും അല്ലാതാകുമ്പോഴാണ് വിമര്‍ശന വിധേയമാകുന്നത്. ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ പാര്‍ട്ടി പിന്നോട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശക്തമായി തിരിച്ചു വരുമെന്നും പ്രതിസന്ധികളെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നപ്പോൾ സി.പി.ഐയുടെ കാസർഗോഡ് ഏരിയ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഗോവിന്ദൻ മാസ്റ്ററെ അടിയന്തരാവസ്ഥയിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 1991-ൽ കോഴിക്കോട് സംസ്ഥാന സമ്മേളനത്തിന് ശേഷം സിപിഐഎം കമ്മിറ്റി അംഗമായി. 2006 ലാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1996 ലും 2001 ലും കേരള നിയമസഭയിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 2002-2006 കാലയളവിൽ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചിട്ടുണ്ട്.
സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം, കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി, മലബാർ ടൂറിസം സൊസൈറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു. എൺപതുകളിൽ ഡിവൈഎഫ്ഐ. സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇ.പി.ജയരാജൻ വെടിയേറ്റ് ചികിത്സയിലായപ്പോൾ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചത് എം.വി. ഗോവിന്ദനായിരുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയുടെ ചുമതലയും നിർവഹിച്ചിട്ടുണ്ട്.