Saturday, April 12, 2025
Kerala

കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന

സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്‌ണൻ ഒഴിഞ്ഞേക്കുമെന്ന് സൂചന. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ സിപിഐഎം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്. നാളെ തിരുവനന്തപുരത്ത് ചേരുന്ന അവൈലബിൾ പിബി യോഗം വിഷയം ചർച്ച ചെയ്യും. 

യോഗത്തിൽ യ്യെച്ചൂരിയും, കാരാട്ടും ഉൾപ്പെടെ 6 പി.ബി അംഗങ്ങൾ പങ്കെടുക്കും. താൽക്കാലിക ക്രമീകരണം വേണോ, പുതിയ സെക്രട്ടറി വേണോ എന്ന് യോഗം തീരുമാനിക്കും. അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം കൈക്കൊള്ളുമെന്നാണ് കേന്ദ്ര നേതാക്കൾ അറിയിക്കുന്നത്.

സർക്കാർ – ഗവർണർ പോരും അവൈലബിൾ പിബി യോഗത്തിൽ ചർച്ചയാകും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ മോദിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്നും വളയമില്ലാതെ ചാടരുതെന്നും കോടിയേരി പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തില്‍ വ്യക്തമാക്കി.

ആര്‍.എസ്.എസ്-ബിജെപി ഭരണത്തെ തൃപ്തിപ്പെടുത്താനാണ് മന്ത്രിസഭ അംഗീകരിച്ച് സമര്‍പ്പിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ സ്ഥലംവിട്ടത്. ജനങ്ങള്‍ തെരഞ്ഞെടുത്ത മന്ത്രിസഭ നിലനില്‍ക്കെ സമാന്തര ഭരണം അടിച്ചേല്‍പ്പിക്കാനാണ് ഗവര്‍ണറുടെ ശ്രമം. ഗവര്‍ണര്‍ക്ക് സംസ്ഥാന ഭരണത്തലവനെന്ന വിശേഷണമുണ്ട്. എന്നാല്‍, അത് ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണത്തെ മറികടക്കാനുള്ള സ്ഥാനമല്ല. ഇത് മനസ്സിലാക്കുന്നതില്‍ ആരിഫ് മുഹമ്മദ് ഖാന് വലിയ പിഴവ് പറ്റിയിട്ടുണ്ടെന്നും കോടിയേരി ലേഖനത്തിൽ ആരോപിച്ചിരുന്നു.
 

Leave a Reply

Your email address will not be published. Required fields are marked *