Thursday, April 10, 2025
Kerala

എം എം മണി പറഞ്ഞതില്‍ അണ്‍പാര്‍ലമെന്ററിയായി ഒന്നുമില്ല’; പിന്തുണച്ച് സിപിഐഎം

വിവാദ പ്രസ്താവനയില്‍ എം എം മണിയെ പിന്തുണച്ച് സിപിഐഎം. കെ കെ രമയ്‌ക്കെതിരായ എം എം മണിയുടെ പ്രസ്താവനയില്‍ അണ്‍പാര്‍ലമെന്ററിയായി ഒന്നുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നിയമസഭയ്ക്ക് അകത്ത് നടന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സ്പീക്കറാണ്. പാര്‍ട്ടി എം എം മണിയുടെ പ്രസ്താവന ചര്‍ച്ച ചെയ്തിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ടി പി ചന്ദ്രശേഖരന്റെ വിധി നിശ്ചയിച്ചത് പാര്‍ട്ടി കോടതിയിലാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആക്ഷേപത്തിനും കോടിയേരി ബാലകൃഷ്ണന്‍ മറുപടി പറഞ്ഞു. സിപിഐഎമ്മിന് അങ്ങനെയൊരു കോടതിയുമില്ലെന്നും ഏകപക്ഷീയമായി ഇത്തരം കാര്യങ്ങള്‍ പറയുന്നത് ശരിയല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. എം എം മണിയുടെ പ്രസ്താവനയെക്കുറിച്ച് ഇ കെ വിജയന്‍ നിയമസഭയെക്കുറിച്ച് പറഞ്ഞതിനെക്കുറിച്ച് തനിക്കറിയില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കേരളത്തിന്റെ പദ്ധതികള്‍ കേന്ദ്രം തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ദേശീയപാതാ വികസനം സംസ്ഥാന സര്‍ക്കാരും കൂടി ചേര്‍ന്നാണ് നടപ്പാക്കുന്നത്. ദേശീയപാതാ വികസനം തടസപ്പെടുത്താന്‍ കേന്ദ്രം ശ്രമിച്ചു. റെയില്‍വേ വികസനമോ നേമം ടെര്‍മിനലോ കേന്ദ്രം നടപ്പാക്കുന്നില്ല. കേന്ദ്രമന്ത്രി കേരളത്തിലെ പദ്ധതികള്‍ സന്ദര്‍ശിക്കുന്നതിന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *