വി പി ജോയി അടുത്ത ചീഫ് സെക്രട്ടറി; മന്ത്രിസഭാ യോഗത്തിൽ തീരുമാനം
അടുത്ത ചീഫ് സെക്രട്ടറിയായി വി പി ജോയ് ഐഎഎസിനെ മന്ത്രിസഭാ യോഗം തെരഞ്ഞെടുത്തു. നിലവിലെ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത സ്ഥാനമൊഴിയുന്നതിന് പിന്നാലെ മാർച്ച് ഒന്നിന് വി പി ജോയി അധികാരമേൽക്കും. കേന്ദ്ര ഡെപ്യൂട്ടേഷനിൽ ആയിരുന്ന വി പി ജോയി കഴിഞ്ഞാഴ്ചയാണ് തിരികെ എത്തിയത്.
1987 ബാച്ച് ഉദ്യോഗസ്ഥനാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ ഏകോപന ചുമതലയുള്ള സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. രണ്ട് വർഷത്തെ സർവീസാണ് അദ്ദേഹത്തിന് ബാക്കിയുള്ളത്. 2023 ജൂൺ 30 വരെ ചീഫ് സെക്രട്ടറിയായി പ്രവർത്തിക്കാം.
നിലവിൽ കേരളാ കേഡറിലെ ഏറ്റവും സീനിയറായ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ജോയ് വാഴയിൽ എന്ന പേരിൽ കവിതകളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേരത്തെ എറണാകുളം ജില്ലാ കലക്ടർ, തൊഴിൽ, ധനകാര്യം, ഗതാഗതം, നികുതി, ഭവനനിർമാണം തുടങ്ങിയ വകുപ്പുകളിൽ സെക്രട്ടറിയായും കെ എസ് ഇ ബി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.