Saturday, April 12, 2025
Kerala

സർവകലാശാല നിയമനം; മന്ത്രി ആർ ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്

കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. നിയമനങ്ങൾ റദ്ദാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. സർക്കാർ വിഷയവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകിയിട്ടില്ല.

മന്ത്രിയുടെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന പ്രഖ്യാപനത്തിലാണ് നേതാക്കൾ. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയം ചൂണ്ടികാട്ടി ഇന്ന് ലോകായുക്തയിൽ പരാതി നൽകും. ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാൻ മന്ത്രി സ്വജനപക്ഷ പാതം കാണിച്ചുവെന്നാണ് പരാതി. ചട്ടം ലംഘിച്ച് നിയമനം നൽകാൻ മന്ത്രി ഇടപെട്ടതിനാൽ ശക്തമായ നടപടിവേണമെനനാണ് ആവശ്യം. സെർച്ച് കമ്മിറ്റി റദ്ദാക്കി നിയമനം നൽകണമെന്നാവശ്യപ്പെട്ട് മന്ത്രി ആ‍ർ ബിന്ദു ഗവർണർക്ക് നൽകിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

സമാനമായ പരാതിയിലാണ് മുൻ മന്ത്രി കെ ടി ജലീലിനെതിരെ ലോകായുക്ത ഉത്തരവുണ്ടായത്. അതിനാൽ ബിന്ദുവിന് പരാതി നിർണായകമാണ്. ചട്ടം ലംഘിച്ച് നൽകിയ നിയമത്തിനെതിരെ നിയമനടപടി തുടങ്ങുന്നതിൻ്റെ ഭാഗമായാണ് ലോകായുക്തയിൽ പരാതി നൽകുന്നത്. ബിന്ദു രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

 

കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പുനഃനിയമനത്തിന് ശുപാർശ ചെയ്തതിലൂടെ മന്ത്രി ആര്‍ ബിന്ദു സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് രമേശ് ചെന്നിത്തല ഇന്നലെ രാത്രി പറഞ്ഞിരുന്നു. മന്ത്രിയുടെ നടപടി സ്വജനപക്ഷപാതമാണെന്നും രാജിയല്ലാതെ മറ്റ് പോംവഴിയില്ലെന്നും ചെന്നിത്തല വിശദീകരിച്ചു. സെർച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി പറഞ്ഞതായി രേഖകള്‍ പുറത്തു വന്നിട്ടുണ്ട്. മന്ത്രി ചെയ്തത് ഇല്ലാത്ത അധികാരം പ്രയോഗിക്കുന്ന നടപടിയാണെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *