സാങ്കേതിക സര്‍വകലാശാല വി സി നിയമനം റദ്ദാക്കിയ നടപടി; പുനപരിശോധന സാധ്യത തേടി കേരളം
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം കോടതി റദ്ദാക്കിയതിന് പിന്നാലെ പുനപരിശോധന സാധ്യത തേടി കേരളം. ചാന്‍സലറും യുജിസിയും നിയമനം അംഗീകരിച്ചതാണെന്നാണ് കേരളത്തിന്റെ വാദം. യുജിസി ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സംസ്ഥാനം
ഡോ.എം എസ് രാജശ്രീയുടെ നിയമനമാണ് സുപ്രിംകോടതി റദ്ദാക്കിയത്. നിയമനം ചട്ടപ്രകാരമല്ലെന്ന ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. വി സി നിയമനത്തില്‍ ചാന്‍സലര്‍ക്ക് പാനല്‍ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് കൈമാറുക മാത്രമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. സാങ്കേതിക സര്‍വകലാശാല മുന്‍ ഡീന്‍ ശ്രീജിത് പി എസ് ആണ് വൈസ് ചാന്‍സലര്‍ നിയമനം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. 2013ലെ യുജിസി ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് വി സി നിയമനം നടന്നതെന്ന് സുപ്രിംകോടതി പ്രധാനമായും ചൂണ്ടിക്കാട്ടി.
യുജിസി ചട്ടങ്ങള്‍ പ്രകാരം സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ അധികാരമുണ്ടെന്നായിരുന്നു വാദിഭാഗത്തിന്റെ വാദം. ഈ വാദമാണ് കോടതി തള്ളിയത്. യുജിസിയുടെ അനുമതിയോടെയാണ് എന്ന വാദവും കോടതി അംഗീകരിച്ചില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനം റദ്ദാക്കിയത്.