ഐസിയുവിലെ പീഡനം; ‘മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങളില്ല’, പുനരന്വേഷണം വേണമെന്ന് അതിജീവിത
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിലെ ഐസിയു പീഡനക്കേസില്‍ പുനരന്വേഷണം വേണമെന്ന് അതിജീവിത. സംഭവത്തിന് പിന്നാലെ, പരിശോധന നടത്തിയ ഡോക്ടര്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി അതിജീവിത സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവില്‍ അര്‍ദ്ധബോധാവസ്ഥയില്‍ കഴിയവെ യുവതി പീഡനത്തിനിരയായ സംഭവത്തില്‍ വൈദ്യ പരിശോധന നടത്തുകയും സംഭവത്തെക്കുറിച്ച് ആദ്യം അന്വേഷണം നടത്തുകയും ചെയ്ത ഡോക്ടര്‍ക്കെതിരെയാണ് അതിജീവിതയുടെ പരാതി. മെഡിക്കല്‍ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് കഴിഞ്ഞ ദിവസമാണ് തനിക്ക് കിട്ടിയതെന്നും റിപ്പോര്‍ട്ടില്‍ താന്‍ പറഞ്ഞ കാര്യങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അതിജീവത പറയുന്നു. പ്രതിയായ അറ്റന്‍ഡറെ രക്ഷിക്കാനുളള നീക്കമാണിതെന്ന് ആരോപിച്ച് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും അതിജീവിത പരാതി നല്‍കിയിട്ടുണ്ട്.
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷമാണ് അതിജീവിത ഇത്തരമൊരു പരാതി ഉന്നയിക്കുന്നത്. പരാതി ഉണ്ടായിരുന്നെങ്കില്‍ അന്വേഷണ ഘട്ടത്തില്‍ ബോധിപ്പിക്കേണ്ടതായിരുന്നെന്ന് പൊലീസ് അതിജീവിതയെ അറിയിച്ചു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കാനാണ് അതിജീവിതയുടെ തീരുമാനം. കഴിഞ്ഞ മാര്‍ച്ച് പതിനെട്ടിനാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ യുവതി പീഡനത്തിന് ഇരയായത്. ഗ്രേഡ് വണ്‍ അറ്റന്‍ഡറും വടകര സ്വദേശിയായ ശശീന്ദ്രനാണ് കേസിലെ പ്രതി. ഇയാള്‍ക്കനുകൂലമായി മൊഴി നല്‍കാന്‍ ഇരയെ പ്രരിപ്പിച്ചെന്ന കേസില്‍ മറ്റ് അഞ്ച് ജീവനക്കാരും പ്രതികളാണ്.