വിഷം കഴിച്ചു, പെൺകുഞ്ഞുമായി അമ്മ പുഴയില്‍ ചാടി ജീവനൊടുക്കി; ഭർത്താവടക്കമുള്ള പ്രതികള്‍ക്ക് ജാമ്യമില്ല, ഒളിവിൽ
കല്‍പറ്റ: വയനാട് ജില്ലയിലെ വെണ്ണിയോട് അഞ്ചുവയസുകാരിയായ കുഞ്ഞിനെയുമെടുത്ത് ഗർഭിണിയായ യുവതി പുഴയില്‍ ചാടി മരിക്കിനിടയായ സംഭവത്തില്‍ പ്രതികള്‍ക്ക് ജാമ്യമില്ല. കുറ്റക്കാരെന്ന് ആരോപണം നേരിടുന്നവരുടെ ജാമ്യപേക്ഷ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തില്‍ വി.ജി. വിജയകുമാര്‍-വിശാലാക്ഷി ദമ്പതികളുടെ മകള്‍ ദര്‍ശന(32), ദര്‍ശനയുടെ മകള്‍ ദക്ഷ (അഞ്ച്) എന്നിവരാണ് കിണറ്റിൽ ചാടി ജീവനൊടുക്കിയത്.
കേസിലെ പ്രതികളായ ദര്‍ശനയുടെ ഭര്‍ത്താവ് ഓം പ്രകാശ്, ഇദ്ദേഹത്തിന്റെ പിതാവ് ഋഷഭ രാജന്‍, മാതാവ് ബ്രാഹ്മില എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കേടതി തള്ളിയത്. ദര്‍ശനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഓം പ്രകാശിനും മാതാപിതാക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതോടെയാണ് ദർശന ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു. മുമ്പ് രണ്ട് തവണ മകളെ ഭര്‍ത്താവ് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തി. നാല് മാസം ഗര്‍ഭിണിയായിരിക്കെ വീണ്ടും അതിന് നിര്‍ബന്ധിച്ചതോടെയാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് ദർശനയുടെ അമ്മ വിശാലാക്ഷി പറയുന്നത്
ഗാര്‍ഹികപീഡനം, ആത്മഹത്യാപ്രേരണ, മര്‍ദനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കല്‍പ്പറ്റ ഡി.വൈ.എസ്.പി ടി.എന്‍. സജീവാണ് കേസ് അന്വേഷിക്കുന്നത്.മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയെങ്കിലും ഓം പ്രകാശും മാതാപിതാക്കളും ഒളിവിലാണെന്നാണ് വിവരം. ഇക്കഴിഞ്ഞ ജൂലൈ പതിമൂന്നിന് ഉച്ചകഴിഞ്ഞാണ് ദര്‍ശന കുഞ്ഞുമായി പുഴയില്‍ ചാടിയത്. ദര്‍ശനയെ രക്ഷിച്ചെങ്കിലും പിന്നീട് ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇവര്‍ വിഷം കഴിച്ചശേഷമായിരുന്നു പുഴയിലേക്ക് ചാടിയിരുന്നത്. പുഴയില്‍ കാണാതായ മകള്‍ ദക്ഷക്ക് വേണ്ടി രണ്ട് ദിവസം പൂര്‍ണമായും തിരഞ്ഞെങ്കിലും മൂന്നാംദിവസമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.