രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ സുരക്ഷ ഒരുക്കുന്നതില്‍ കേരള പൊലീസിന് വീഴ്ച; ചീഫ് സെക്രട്ടറിക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത്
രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിന് സുരക്ഷയൊരുക്കുന്നതില്‍ കേരളാ പൊലീസ് വീഴ്ച വരുത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കല്‍പ്പറ്റയിലെ എംപി ഓഫീസിലെ എസ് എഫ് ഐ ആക്രമണത്തിന് പിന്നാലെയുള്ള സന്ദര്‍ശനത്തിലായിരുന്നു വീഴ്ച. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.
ജൂണ്‍ 30 മുതല്‍ ജൂലൈ 3വരെയാണ് രാഹുല്‍ വയനാട്ടില്‍ സന്ദര്‍ശനം നടത്തിയത്. മാവോയിസ്റ്റ് മേഖലയായതിനാല്‍ പ്രത്യേക സുരക്ഷയേര്‍പ്പെടുത്തിയിരിക്കുന്ന നേതാക്കളുടെ കാര്യത്തില്‍ ജാഗ്രത വേണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു.
അതേ സമയം സുരക്ഷാസംവിധാനങ്ങളെയും മറികടന്ന് രാഹുല്‍ യാത്ര ചെയ്യുന്നതും പരിപാടികളില്‍ മുന്നറിയിപ്പില്ലാതെ മാറ്റം വരുത്തുന്നതും പൊലീസ് പ്രതിസന്ധിയായി മുന്നോട്ട് വക്കുന്നുണ്ട്.
എംപി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.