Sunday, April 13, 2025
Kerala

ഒറ്റ ദിവസം അഞ്ച് കപ്പലുകള്‍ നീറ്റിലിറക്കി കൊച്ചി കപ്പല്‍ശാല

കൊച്ചി: ഒറ്റ ദിവസം അഞ്ച് കപ്പലുകള്‍ നീറ്റിലിറക്കി കൊച്ചി കപ്പല്‍ശാല. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിനായി മൂന്ന് ഫ്‌ളോട്ടിങ് ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റ് വെസ്സലുകളും, ജെഎസ്ഡബ്ല്യു ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് െ്രെപവറ്റ് ലിമിറ്റഡിനായി നിര്‍മിച്ച രണ്ട് 8000 ഡിഡബ്ല്യുടി മിനി ജനറല്‍ കാര്‍ഗോ കപ്പലുകളുമാണ് നീറ്റിലിറക്കിയത്. 2020 നവംബറില്‍ നിര്‍മാണം ആരംഭിച്ച ഈ കപ്പലുകള്‍ കൊവിഡ് മഹാമാരി കാലത്തും സമയബന്ധിതമായി നീറ്റിലിറക്കാന്‍ കഴിഞ്ഞത് അപൂര്‍വ നേട്ടമാണെന്ന് കപ്പല്‍ശാല അധികൃതര്‍ പറഞ്ഞു.

കപ്പല്‍ശാല സിഎംഡി മധു എസ് നായരുടെ ഭാര്യയും എന്‍പിഒഎല്‍ ശാസ്ത്രജ്ഞയുമായ കെ റെമീത കപ്പലുകള്‍ നീറ്റിലിറക്കി. സിഎംഡി, ബിഎസ്എഫ് ഡിഐജി മുകേഷ് ത്യാഗി, ജെഎസ്ഡബ്ല്യൂ ഷിപ്പിങ് വൈസ് പ്രസിഡന്റ് പ്രണബ് കെ ജാ തുടങ്ങിയവര്‍ പങ്കെടുത്തു. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിനായി തദ്ദേശീയമായി നിര്‍മിച്ച കപ്പലുകള്‍ രാജ്യത്തിന്റെ സുരക്ഷക്കായി അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ ബേസ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കും.

ഫോഴ്‌സിന്റെ വാട്ടര്‍ വിങിനായി നിര്‍മിക്കുന്ന ഒമ്പത് കപ്പലുകളില്‍ മൂന്നെണ്ണമാണ് ഇന്നലെ പുറത്തിറക്കിയത്. 46 എംടിആര്‍ നീളമുള്ള ഈ കപ്പലുകള്‍ രൂപകല്‍പന ചെയ്തതും കൊച്ചി കപ്പല്‍ശാലയാണ്. നാല് ഫാസ്റ്റ് പട്രോളിങ് ബോട്ടുകള്‍ക്കുള്ള സ്‌റ്റോറേജ് സംവിധാനം കപ്പലുകളിലുണ്ട്. ചെറിയ ബോട്ടുകള്‍ക്ക് പെട്രോള്‍, ശുദ്ധജലം, ആവശ്യസാധനങ്ങള്‍ എന്നിവ നല്‍കുന്നതിനുള്ള സംവിധാനങ്ങളുമുണ്ട്. ഇന്ത്യയുടെ കിഴക്ക്പടിഞ്ഞാറന്‍ അതിര്‍ത്തികളിലാണ് ഇവ വിന്യസിക്കുക. ജെഎസ്ഡബ്ല്യു ഗ്രൂപ്പിനായി നിര്‍മിക്കുന്ന നാല് കപ്പലുകളില്‍ രണ്ടെണ്ണമാണ് ഇന്നലെ പുറത്തിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *