വ്യാപാര സ്ഥാപനങ്ങള്‍ ആഗസ്ത് 9ന് തുറക്കും; വെല്ലുവിളിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട്: സംസ്ഥാനത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും ആഗസ്ത് 9 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കടകള്‍ തുറക്കുമ്പോള്‍ പോലിസ് നടപടി ഉണ്ടായാല്‍ മരണം വരെ നിരാഹാരമനുഷ്ഠിക്കുമെന്നും സംസ്ഥാന സമിതി യോഗത്തിന് ശേഷം നേതാക്കള്‍ പറഞ്ഞു.
നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണ്. കൊവിഡ് വ്യാപനത്തിന്റെ പേരില്‍ ഇനിയും കടകള്‍ അടച്ചിട്ടാല്‍ ആയിരക്കണക്കിന് വ്യാപാരികള്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും നേതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത് കൊണ്ടാണ് സമരവുമായി മുന്നോട്ട് പോകാതിരുന്നത്. എന്നാല്‍ പ്രതിസന്ധിക്ക് ഇതുവരെയും പരിഹാരമായിട്ടില്ല. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടിട്ടും ടിപി ആറില്‍ കുറവുണ്ടായിട്ടില്ല. അതിനാല്‍ ആഗസ്ത് ഒമ്പത് മുതല്‍ എല്ലാ കടകളും തുറക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
3 വര്‍ഷമായി ഓണത്തിന് കടകള്‍ തുറക്കാന്‍ കഴിഞ്ഞിട്ടില്ല. പെരുന്നാളിന് കുറച്ച് ദിവസം സ്ഥാപനങ്ങള്‍ തുറക്കാന്‍ അവസരം നല്‍കിയത് പോലെ ഇനി മുന്നോട്ട് പോകാനാകില്ല. ഓണ്‍ലൈന്‍ വ്യാപാര മേഖല മുഖ്യമന്ത്രിയുടെ ഉപദേശകരെ വിലക്കെടുത്തോ എന്ന് സംശയമുണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ ആരോപിച്ചു.