Saturday, April 12, 2025
Kerala

ഒറ്റ ദിവസം അഞ്ചു കപ്പലുകള്‍ നീറ്റിലിറക്കി; റെക്കോര്‍ഡിട്ട് കൊച്ചി കപ്പല്‍ശാല

കൊച്ചി: കപ്പല്‍ നിര്‍മാണ രംഗത്ത് പുതിയ നാഴികക്കല്ലായി കൊച്ചി കപ്പല്‍ ശാല ഒറ്റ ദിവസം അഞ്ചു കപ്പലുകള്‍ ഒരുമിച്ച് നീറ്റിലിറക്കുകയും രണ്ടു പുതിയ കപ്പലുകള്‍ക്ക് കീലിടുകയും ചെയ്തു. അതിര്‍ത്തി രക്ഷാ സേനയായ ഇന്ത്യന്‍ ബോര്‍ഡര്‍ സെക്യൂറ്റി ഫോഴ്സിനു വേണ്ടി നിര്‍മിച്ച മൂന്ന് ഫ്ളോട്ടിങ് ബോര്‍ഡര്‍ ഔട്ട്പോസ്റ്റ് വെസലുകളും സ്വകാര്യ ഷിപ്പിങ് കമ്പനിയായ ജെഎസ്ഡബ്ല്യൂ ഷിപ്പിങ് ആന്റ് ലോജിസ്റ്റിക്സിനു വേണ്ടി നിര്‍മ്മിച്ച രണ്ടു മിനി ജനറല്‍ കാര്‍ഗോ കപ്പലുകളുമാണ് നീറ്റിലിറക്കിയത്.ജെഎസ്ഡബ്ല്യൂ ഷിപ്പിങ് ആന്റ് ലോജിസ്റ്റിക്സിനു വേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന നാലു മിനി ജനറല്‍ കാര്‍ഗോ ഷിപ്പുകളില്‍ രണ്ടെണ്ണമാണ് ഇന്നലെ നീറ്റിലിറക്കിയത്. കല്‍ക്കരി, ഇരുമ്പ് അയിര്, ചുണ്ണാമ്പുകല്ല് തുടങ്ങിയ ചരക്കുകള്‍ കൊണ്ടു പോകുന്നതിന് ഉപയോഗിക്കുന്നവയാണിത്. 122 മീറ്റര്‍ നീളവും 7.20 മീറ്റര്‍ ഉയരവുമുള്ള ഇവയില്‍ 16 ജീവനക്കാര്‍ക്കുള്ള സൗകര്യവുമുണ്ട്.ഇന്ത്യന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിനു വേണ്ടി നിര്‍മ്മിക്കുന്ന ഏഴു കപ്പലുകളില്‍ ആദ്യത്തെ മൂന്ന് കപ്പലുകളാണ് നീറ്റിലിറക്കിയത്.
46 മീറ്റര്‍ നീളമുള്ള ഇവ കൊച്ചി കപ്പല്‍ശാലയില്‍ തന്നെ രൂപകല്‍പ്പന ചെയ്തവയാണ്. നാലു അതിവേഗ പട്രോള്‍ ബോട്ടുകള്‍ക്കു വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഇവയിലുണ്ട്. സുരക്ഷാ സേനയുടെ പട്രോള്‍ ബോട്ടുകളുടെ വ്യൂഹത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നവയാണ് ഈ ഫ്ളോട്ടിങ് ബോര്‍ഡര്‍ ഔട്ട്പോസ്റ്റ് വെസലുകള്‍. ചെറു ബോട്ടുകള്‍ക്ക് ആവശ്യമായ ഇന്ധനവും ശുദ്ധജലവും മറ്റു വസ്തുക്കളും വിതരണം ചെയ്യാനാണ് ഇവ ഉപയോഗപ്പെടുത്തുക. ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറ് അതിര്‍ത്തികളില്‍ ഇവ വിന്യസിക്കപ്പെടും.കൊച്ചി കപ്പല്‍ശാല സിഎംഡി മധു എസ് നായരുടെ ഭാര്യയും ഡിആര്‍ഡിഒ ശാസ്ത്രജ്ഞയുമായ കെ രമീത ആണ് പുതിയ കപ്പലുകള്‍ പുറത്തിറക്കിയത്. പുതുതായി നിര്‍മ്മിക്കുന്ന പുതിയ രണ്ടു കപ്പലുകളുടെ കീലിടല്‍ ചടങ്ങുകള്‍ക്ക് സിഎംഡി മധു എസ് നായരും ജെഎസ്ഡബ്ല്യൂ ഷിപ്പിങ് ആന്റ് ലോജിസ്റ്റിക്സ് വൈസ് പ്രസിഡന്റ് പ്രണബ് കെ ഝായും നേതൃത്വം നല്‍കി. സുരേഷ്ബാബു എന്‍വി, ഡയറക്ടര്‍ (ഓപറേഷന്‍സ്), ബിജോയ് ഭാസ്‌ക്കര്‍, ഡയറക്ടര്‍ (ടെക്നിക്കല്‍), ജോസ് വി ജെ, ഡയറക്ടര്‍ (ഫിനാന്‍സ്), മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *