‘കായംകുളത്തിന്റെ വിപ്ലവം, ചെമ്പട കായംകുളം’ എഫ്ബി പേജുകള്‍ തലവേദനയാകുന്നു; നിഖില്‍ തോമസുമായി ബന്ധമെന്നും സംശയം; ഒടുവില്‍ പരാതി നല്‍കി സിപിഐഎം
ആലപ്പുഴ സിപിഐഎമ്മിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് രൂപംകൊണ്ട ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി സിപിഐഎം. കായംകുളത്തെ സിപിഐഎം നേതാക്കള്‍ക്ക് ദിവസങ്ങളായി തലവേദന സൃഷ്ടിക്കുന്ന കായംകുളത്തിന്റെ വിപ്ലവം, ചെമ്പട കായംകുളം മുതലായ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെ സിപിഐഎം ഏരിയാ കമ്മിറ്റി ആലപ്പുഴ എസ്പിക്ക് പരാതി കൈമാറി.
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ ഒന്നാം പ്രതിയായ നിഖില്‍ തോമസിന് ഇതില്‍ ഒരു ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധമുണ്ടെന്നും സിപിഐഎം നല്‍കിയ പരാതിയിലുണ്ട്. ഈ ഫേസ്ബുക്ക് പേജുകളുടെ അഡ്മിന്‍മാര്‍ ആരെന്ന് കണ്ടെത്തണമെന്നും സിപിഐഎം ആവശ്യപ്പെടുന്നു.
സിപിഐഎം ഏരിയ സെക്രട്ടറി അരവിന്ദാക്ഷന്‍ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിനാണ് പരാതി കൈമാറിയത്. പാര്‍ട്ടിയ്ക്കുള്ളില്‍ രഹസ്യമായി ചര്‍ച്ച ചെയ്യുന്ന പല വിമര്‍ശനങ്ങളും പരസ്യപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള പോസ്റ്റുകള്‍ സിപിഐഎമ്മിന് വല്ലാത്ത തലവേദനയാണ് സൃഷ്ടിച്ചിരുന്നത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിന്‍ സി ബാബുവിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത് ഫേസ്ബുക്കില്‍ നിരന്തരമായി വന്ന പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.